സിനിമാ ലൊക്കേഷനില്‍ അഭിനയിക്കാനായി എത്തിയ ശേഷം ഇറങ്ങിപ്പോരേണ്ടി വന്ന ഒരു അനുഭവം പങ്കുവെക്കുകയാണ് നടി സീനത്ത്. നമുക്ക് കിട്ടേണ്ട പരിഗണന കിട്ടാത്ത ഇടത്ത് നില്‍ക്കാന്‍ ബുദ്ധിമുട്ടാണെന്നും സീനത്ത് പറയുന്നു.
വിനയന്‍ സംവിധാനം ചെയ്ത ഒരു സിനിമയുടെ ലൊക്കേഷനില്‍ നിന്നും ഇറങ്ങേണ്ടി വന്നതിനെ കുറിച്ചാണ് വണ്‍ ടു ടോക്ക്‌സിന് നല്‍കിയ അഭിമുഖത്തില്‍ സീനത്ത് സംസാരിക്കുന്നത്. അന്നത്തെ സംഭവത്തില്‍ വിനയന്‍ കുറ്റക്കാരനായിരുന്നില്ലെന്നും സീനത്ത് പറയുന്നു.
‘പരിഗണന കിട്ടാത്ത ലൊക്കേഷനില്‍ നിന്ന് പടം ചെയ്യാതെ ഞാന്‍ ഇറങ്ങിപ്പോന്നിട്ടുണ്ട്. പണത്തിനോ ഒന്നും ഞാന്‍ പ്രാധാന്യം കൊടുക്കാറില്ല. എന്നാല്‍ നമുക്ക് കിട്ടേണ്ടതായ ചില പരിഗണനയുണ്ട്. അത് കിട്ടാത്ത സ്ഥലത്ത് നില്‍ക്കാന്‍ കുറച്ച് ബുദ്ധിമുട്ടാണ്.
പൈസയുടെ കാര്യമൊക്കെ പറഞ്ഞ് ഒരു സിനിമയ്ക്കും ഞാന്‍ പോകാതിരുന്നിട്ടില്ല. റോളുകള്‍ ചോദിക്കുക, പോകുക എന്നല്ലാതെ. എന്നാല്‍ നമുക്ക് കിട്ടേണ്ട ഒരു പരിഗണന തന്നില്ലെങ്കില്‍ പിന്നെ നില്‍ക്കാന്‍ പാടില്ല.
പിന്നെ അന്ന് ഞാന്‍ അവിടെ തെറ്റു ചെയ്തു. ഞാന്‍ അങ്ങനെ ഇറങ്ങാന്‍ പാടില്ലായിരുന്നു. ഇറങ്ങുന്നതിന് മുന്‍പ് പറയണമായിരുന്നു. പിന്നെ അന്ന് എങ്ങനെ പ്രതികരിക്കണം എന്നറിയാത്തതുകൊണ്ട് പോന്നു.
വിനയേട്ടന്റെ ലൊക്കേഷനിലാണ് സംഭവം. കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കാര്യമാണ്. ദിവ്യ ഉണ്ണി നായികയായി അഭിനയിച്ച സിനിമയാണ്. ആരുടേയും കുറ്റമല്ല അത്. വിനയേട്ടന്‍ ഈ പ്രശ്‌നമൊന്നും അറിഞ്ഞിട്ടില്ല.
ഞാന്‍ അവിടെ ചെന്നപ്പോള്‍ ഭയങ്കര തിരക്കാണ്. ഇരിക്കാന്‍ പോലും പറ്റുന്നില്ല. റൂം ചോദിച്ചപ്പോള്‍ റൂം ആയിട്ടില്ലെന്ന് പറഞ്ഞു. ഒരു ആര്‍ടിസ്റ്റ് വരുമ്പോള്‍ അവര്‍ക്കറിയില്ലേ റൂം വേണമെന്ന്. വൈകുന്നേരമേ റൂം ആകുള്ളൂ എന്ന് പറഞ്ഞു.
എനിക്കപ്പോള്‍ ഭയങ്കര സങ്കടമായി. ഞാന്‍ ആരോടും പറഞ്ഞില്ല, ഒന്നും സംസാരിക്കാന്‍ നിന്നില്ല. ഷൂട്ടിങ് അപ്പുറത്ത് നടക്കുകയാണ്. ആ സീന്‍ കഴിഞ്ഞാല്‍ എന്റെ സീനാണ്. അങ്ങനെ വരുമ്പോള്‍ അവര്‍ റൂം തരണമല്ലോ.
എന്തുകൊണ്ട് അത് സംഭവിച്ചു എന്നും അവര്‍ക്ക് അറിയില്ല. ഇപ്പോഴാണെങ്കില്‍ ഞാന്‍ അത് ചെയ്യില്ല കേട്ടോ. ഇപ്പോള്‍ പക്വത വന്നു. ഇന്ന് ഷൂട്ടിങ് എന്താണെന്നും ഏതാണെന്നുമൊക്കെ അറിയാം.
അങ്ങനെ ഞാന്‍ അപ്പോള്‍ തന്നെ വണ്ടിയെടുത്ത് തിരിച്ചു പോന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ എനിക്ക് വല്ലാതായി. വിനയേട്ടനോട് ഞാന്‍ ചെയ്ത തെറ്റാണല്ലോ എന്ന് തോന്നി.
എന്നെ അവഗണിച്ച അതേ പോലെ തന്നെ ഞാന്‍ ആ ഡയറക്ടറോടും ചെയ്തു എന്ന തോന്നല്‍ വന്നു. ഞാന്‍ അപ്പോള്‍ തന്നെ ഫോണ്‍ ചെയ്ത്. അദ്ദേഹത്തോട് കാര്യങ്ങള്‍ പറഞ്ഞു. ഏതായാലും പോയില്ലേ, കുഴപ്പമില്ല വിട്ടേക്ക് എന്ന് പറഞ്ഞു.
വിനയേട്ടന്‍ പിന്നെ തിരിച്ചുവിളിച്ചില്ല. മാത്രമല്ല അദ്ദേഹത്തിന്റെ കുറേ നല്ല പടങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. പിന്നെ വിനയേട്ടന്‍ എന്നെ വിളിച്ചിട്ടേയില്ല.
കുറേ കാലത്തിന് ശേഷം ഞാന്‍ നേരിട്ട് കണ്ടപ്പോള്‍ എല്ലാം പറഞ്ഞു. കുഴപ്പമില്ല നമുക്ക് ഇനിയൊരിക്കല്‍ കൂടാമെന്ന് പറഞ്ഞു. പിന്നെ മണിയെ വെച്ച് അദ്ദേഹം ഒരു സിനിമ ചെയ്തപ്പോള്‍ വിളിച്ചിരുന്നു.
അന്നും പ്രൊഡക്ഷനില്‍ ഇതേ ആളായിരുന്നു ഉണ്ടായിരുന്നത്. അദ്ദേഹം എന്നെ വിളിച്ചു. പക്ഷേ എനിക്ക് അത് ചെയ്യാന്‍ പറ്റിയില്ല. റോള്‍ മാറിപ്പോവുകയോ എന്തോ കാര്യം ഉണ്ടായി,’ സീനത്ത് പറഞ്ഞു.
Content highlight: Actress Zeenath about Director Vinayan and a Movie Location