തെന്നിന്ത്യൻ സിനിമ ലോകത്ത് തന്റേതായ ഒരിടം നേടിയെടുത്ത നടിയാണ് വേദിക. മലയാളത്തിൽ നായികയായി ശ്രദ്ധ നേടിയ താരം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലുമെല്ലാം തന്റെ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്.
ഇപ്പോഴിതാ, താൻ സിനിമയിൽ നിന്ന് വിട്ടുനിന്ന കാലത്തെക്കുറിച്ചുള്ള തെറ്റായ പ്രചരണങ്ങൾക്ക് മറുപടിയുമായി വേദിക രംഗത്തെത്തിയിരിക്കുകയാണ്.
വിദേശത്ത് മാർക്കറ്റിങ് ആൻഡ് ബിസിനസ് അഡ്മിനിസ്ട്രേഷൻ പഠിക്കാൻ പോയതിനെ തുടർന്ന് ‘വേദിക സിനിമ വിട്ട് ഓടി’ എന്ന രീതിയിൽ പ്രചരിപ്പിച്ചതായി താരം പറയുന്നു.
‘അമ്മയുടെ ആഗ്രഹപ്രകാരമാണ് ഞാൻ വിദേശത്ത് പഠിക്കാൻ പോയത്. ഒരു പെൺകുട്ടിക്ക് വിദ്യാഭ്യാസം വളരെ പ്രധാനമാണ്. അത് അവളെ സ്വന്തം കാലിൽ നിൽക്കാനും ജീവിതത്തിലെ വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടാനും സഹായിക്കും,’ എന്നാണ് വേദിക പറയുന്നത്.
‘പക്ഷേ, ഉപരിപഠനത്തിനായി പോയതിനെ തെറ്റായി വ്യാഖ്യാനിച്ച് ‘സിനിമ വിട്ട് ഓടി’ എന്ന രീതിയിൽ പ്രചരിപ്പിച്ചു. അതുകൊണ്ടാണ് ഞാൻ വീണ്ടും സിനിമയിലേക്ക് തിരിച്ച് വന്ന് ‘ഹാജർ’ നൽകിയതെന്ന് പറയേണ്ടിവന്നത്,’ താരം കൂട്ടിച്ചേർത്തു
സോഷ്യൽ മീഡിയയുമായി തനിക്ക് ദീർഘകാല ബന്ധമുണ്ടെന്നും വേദിക പറഞ്ഞു. പത്ത് വർഷങ്ങൾക്ക് മുമ്പ് തന്നെ സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇന്ന് രണ്ട് മില്യണിലധികം ആരാധകരുടെ പിന്തുണ ലഭിക്കുന്നതിൽ സന്തോഷമുണ്ടെന്നും വ്യക്തമാക്കി.
‘ഇത് ഒരുതരം സൗഹൃദ വേദിയാണ്. ജനങ്ങളുടെ പ്രതികരണങ്ങൾ നേരിട്ട് മനസിലാക്കാൻ കഴിയുന്നു. എന്റെ ഫോട്ടോകളും പോസ്റ്റുകളും വഴി ആരാധകരുമായി കൂടുതൽ അടുത്ത ബന്ധം സ്ഥാപിക്കാൻ സോഷ്യൽ മീഡിയ സഹായിക്കുന്നു,’ എന്നാണ് വേദികയുടെ അഭിപ്രായം.
മനസിന് ശാന്തി ലഭിക്കാൻ യോഗയും ധ്യാനവും പതിവായി ചെയ്യാറുണ്ടെന്നും ദിവസേന പ്രാർത്ഥിക്കുന്നതായും താരം പറഞ്ഞു. ‘എല്ലാവർക്കും നല്ലത് സംഭവിക്കണമെന്നാണ് എന്റെ പ്രാർത്ഥന. എളിമയാണ് ഏറ്റവും വലിയ സൗന്ദര്യം,’ എന്നും വേദിക കൂട്ടിച്ചേർത്തു.
Content Highlight: Actress Vedhika says there was a false campaign that she was quitting films.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.