തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള നടിയാണ് വേദിക. മലയാള സിനിമയിൽ നായികയായി ശ്രദ്ധ നേടിയ വേദിക, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യം ഉറപ്പിച്ചിട്ടുള്ള താരമാണ്.
ഇപ്പോൾ താൻ തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളെയും അഭിനയിക്കാൻ താൽപര്യമില്ലാത്ത വേഷങ്ങളെയും കുറിച്ച് തുറന്ന് പറയുകയാണ് വേദിക.
‘എത്ര ചിത്രം ചെയ്തു എന്ന എണ്ണത്തിൽ എനിക്ക് താൽപ്പര്യമില്ല. ഹീറോയെ ചുറ്റി നടന്ന് മരം ചുറ്റി പാട്ടുപാടുന്ന ഹീറോയിനായി അഭിനയിച്ചിരുന്നെങ്കിൽ ഞാൻ ഇതുവരെ അമ്പത് സിനിമയല്ല, നൂറ് സിനിമകൾ ചെയ്തേനേ. പക്ഷേ ഞാൻ മിന്നൽ പോലെ തെളിഞ്ഞ് മായുന്ന ഒരാളല്ല നക്ഷത്രം പോലെ ദീർഘകാലം പ്രകാശിക്കാനാണ് ആഗ്രഹിക്കുന്നത്. എന്റെ സിനിമകൾ പരിശോധിച്ചാൽ അത് വ്യക്തമായിരിക്കും,’ വേദിക പറഞ്ഞു.
മലയാളത്തിൽ താൻ അഭിനയിച്ച ഉസ്താദ് ഹോട്ടൽ, ജെയിംസ് ആൻഡ് ആലിസ്, വെൽക്കം ടു സെൻട്രൽ ജയിൽ, ശൃംഗാരവേലൻ എന്നീ ചിത്രങ്ങളും, തമിഴിൽ മുനി, കാളൈ, പരദേശി, കാവിയ തലവൻ, കാഞ്ചന 3 എന്നീ സിനിമകളും, കന്നഡയിൽ ശിവലിംഗ ഉൾപ്പെടെയുള്ള ചിത്രങ്ങളും തന്റെ കരിയറിൽ പ്രത്യേക അഭിമാനമുള്ളവയാണെന്നും താരം വ്യക്തമാക്കി.
ഒരു സിനിമ വിജയിച്ചാൽ അതേ രീതിയിലുള്ള കഥാപാത്രമായി കൂടുതൽ ഓഫറുകൾ വരുന്നത് സ്വാഭാവികമാണെന്നും താരം പറഞ്ഞു.
‘ഒരു സിനിമയിൽ അഭിനയിച്ച് ആ സിനിമ വിജയിച്ചാൽ അതെ ടൈപ്പിലുള്ള വേഷങ്ങളുമായി ക്ഷണം വരും. രണ്ട് ഡ്യുയറ്റ്, നാല് ലവ് സീനുകളിൽ വന്നുപോകുന്ന ക്യൂട്ട് ഗേളായി ഒരേതരം കഥാപാത്രങ്ങളിൽ അഭിനയിക്കുന്നതിൽ എനിക്ക് താൽപ്പര്യമില്ല.
ഓരോ നടനോ നടിയോ ഒരേപോലുള്ള അപ്പിയറൻസിൽ, പളപളക്കുന്ന വസ്ത്രങ്ങൾ ധരിച്ച് തുടർച്ചയായി പ്രത്യക്ഷപ്പെടുന്നത് ആരാധകരെ ബോറടിപ്പിക്കും. മേക്കപ്പ്, കോസ്റ്റ്യൂം, ഹെയർസ്റ്റൈൽ ഇവ എല്ലാറ്റിലും പുതുമയുണ്ടെങ്കിൽ ആരാധകർക്ക് ഇഷ്‌ടപ്പെടും. അവർ സ്വീകരിക്കും. അവർ കയ്യടിച്ച് സന്തോഷിക്കും,’ വേദിക പറഞ്ഞു
ജീവിതത്തിൽ സന്തോഷവും ആരോഗ്യവും നിലനിർത്താൻ നല്ല ഭക്ഷണം, ശുദ്ധവായു ലഭിക്കുന്ന അന്തരീക്ഷം, ദിവസവും രാവിലെയും വൈകുന്നേരവും വ്യായാമം എന്നിവ നിർബന്ധമാണെന്നും വേദിക പറയുന്നു.
മനസിന് ശാന്തി ലഭിക്കാൻ യോഗയും ധ്യാനവും ചെയ്യാറുണ്ടെന്നും ദിവസവും പ്രാർത്ഥിക്കാറുണ്ടെന്നും ആ പ്രാർത്ഥനയിൽ എല്ലാവർക്കും നല്ലത് സംഭവിക്കണമെന്ന് ആശംസിക്കുന്നതായും വേദിക കൂട്ടിച്ചേർത്തു. എളിമയാണ് ഏറ്റവും വലിയ സൗന്ദര്യമെന്നും അതാണ് മനുഷ്യനെ കൂടുതൽ മനോഹരനാക്കുന്നതെന്നും താരം പറഞ്ഞു.
Content Highlight: Actress Vedhika says she is not interested in doing certain roles
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.