ശ്രീനിയുടെ മരണത്തിൽ ഏറ്റവും കൂടുതൽ പൊട്ടിപ്പോയത് ധ്യാനാണ്; എക്കാലത്തും ഓർമയിൽ തങ്ങി നിൽക്കുന്ന കാര്യങ്ങളാണ് ചെയ്തിട്ട് പോയത്: ഉർവശി
Malayalam Cinema
ശ്രീനിയുടെ മരണത്തിൽ ഏറ്റവും കൂടുതൽ പൊട്ടിപ്പോയത് ധ്യാനാണ്; എക്കാലത്തും ഓർമയിൽ തങ്ങി നിൽക്കുന്ന കാര്യങ്ങളാണ് ചെയ്തിട്ട് പോയത്: ഉർവശി
നന്ദന എം.സി
Thursday, 26th February 2026, 1:36 pm

മലയാള സിനിമാ ലോകത്തെ അതുല്യപ്രതിഭയായിരുന്ന ശ്രീനിവാസന്റെ വിയോഗം ഇന്നും പ്രേക്ഷകരുടെ മനസിൽ വലിയ വേദനയായി തുടരുകയാണ്. നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, ഡബ്ബിങ് ആർട്ടിസ്റ്റ് തുടങ്ങി പല മേഖലകളിലും തന്റെ കഴിവ് തെളിയിച്ച ശ്രീനിവാസന്റെ അപ്രതീക്ഷിത വേർപാട് മലയാളികളെ ഒന്നാകെ സങ്കടത്തിലാഴ്‌ത്തിയിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ച് നടി ഉർവശി പറഞ്ഞ ഹൃദയസ്പർശിയായ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

‘ഞാൻ കണ്ടതിൽ വെച്ച് ആത്മവിശ്വാസത്തിന്റെ പ്രതീകമാണ് ശ്രീനിയേട്ടൻ. സൗന്ദര്യം എന്ന സങ്കൽപ്പത്തിന്റെ അവസാന വാക്കാണ് ശ്രീനിയേട്ടൻ. അങ്ങനെയൊന്നും ചിന്തിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല. സിനിമയ്ക്ക് ഇതിന്റെയൊന്നും ആവശ്യമില്ല, അതൊക്കെ വെറും അബദ്ധ ധാരണയാണെന്ന് തെളിയിച്ച ആളാണ് അദ്ദേഹം.

ശ്രീനിവാസൻ, ഉർവശി , Photo: IMDb

സിനിമയെ ജയിക്കാൻ വേറെ നിർവാഹമില്ലാത്തവർക്ക് വെളുത്തും ചുമന്നും ഇരുന്ന് ജയിക്കാം. അല്ലാത്തവർക്ക് അതൊന്നും ഒരു ഘടകമല്ല. അത് നമ്മൾ ആസ്വദിക്കുന്നുണ്ട് ഇല്ലെന്നല്ല. നല്ല ഇടിയൻ കഥാപാത്രങ്ങളുടെ സങ്കൽപ്പം, ഇടിച്ചിടുന്ന നായകൻ അതെല്ലാം നമ്മൾ കാണുന്നുണ്ട്. അതെല്ലാം ഒരു കൊമേഷ്യൽ സിനിമയുടെ ഭാഗമാണ്. പക്ഷെ ശ്രീനിയേട്ടന്റെ വിജയം അതിനേക്കാൾ എല്ലാം വലിയ വിജയമാണ്.

മമ്മൂക്കയും ലാലേട്ടനും അഭിനയിക്കുന്ന എത്ര സിനിമകളിൽ അപ്രധാനമായ വേഷങ്ങളിൽ വന്നിട്ടുണ്ട്. ഒരു മറവത്തൂർ കനവ്, ചിത്രം, ഇങ്ങനെ എത്രയെത്ര കഥാപാത്രങ്ങൾ. ഏറ്റവും വലിയ ഉദാഹരണം പറയുകയാണെങ്കിൽ ഒരു മുത്തശ്ശി കഥ. അതിൽ അവസാനം വന്ന് ഒരു സ്ത്രീയുടെ തെറിയും കേട്ട് അടിയും വാങ്ങാൻ മറ്റൊരാർട്ടിസ്റ്റും ശ്രമിക്കില്ല. പിന്നെ അദ്ദേഹത്തിന്റെ എഴുത്ത് ജനങ്ങൾക്ക് ആസ്വദിക്കാൻ പറ്റുന്ന എഴുത്താണ്. എല്ലാ കാലത്തും എനിക്ക് ശ്രീനിയേട്ടനോട് വ്യക്തിപരമായിട്ട് വളരെ ഇഷ്ട്ടമാണ്.

പൊന്മുട്ടയിടുന്ന താറാവ്, Photo: IMDb

ഓർമയിൽ എല്ലാ കാലത്തും തങ്ങി നിൽക്കുന്ന കാര്യങ്ങളാണ് ചെയ്തിട്ട് പോയിട്ടുള്ളത്. ശ്രീനിയുടെ മരണത്തിൽ ധ്യാൻ കരയുന്നത് കണ്ട് നെഞ്ച് പൊട്ടിപ്പോയി. ധ്യാൻ ഒരുപാട് കളിയാക്കുകയെല്ലാം ചെയ്യുമെങ്കിലും മനസ് കുട്ടികളെ പോലെയാണ്. ഏറ്റവും കൂടുതൽ പൊട്ടിപ്പോയത് ധ്യാനാണ്,’ ഉർവശി പറഞ്ഞു.

കൂടാതെ, ശ്രീനിവാസനെ അവസാനമായി കാണാൻ വരാതിരുന്ന ജയറാമിനെതിരെ ഉയർന്ന വിമർശനങ്ങളെ കുറിച്ചും ഉർവശി പ്രതികരിച്ചു.
‘ശ്രീനിവാസനെ കാണാൻ ജയറാം വരാതിരുന്നതിൻ്റെ കാരണം എനിക്ക് വ്യക്തമായി അറിയാം. ഞങ്ങൾ രണ്ടുപേരും ഒരുപോലെ ഒരു അവസ്ഥയിൽ ആ സിനിമയിൽ പെട്ടുപോയിരുന്നു. അല്ലെങ്കിൽ ജയറാം വരാതെ ഇരിക്കുമോ? എത്ര സിനിമകൾ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

ഇട്ടിട്ട് വന്നാൽ ആ സിനിമ പകുതിയിൽ നിന്നുപോകും. നിന്നുപോയാൽ സംവിധായകനേയും നിർമാതാവിനേയും വലിയ നഷ്ടത്തിലേക്ക് നമ്മൾ തള്ളി വിടുന്നത് പോലാകും. അങ്ങനൊരു അവസ്ഥയിൽ ആയിരുന്നതിനാലാണ്. ഇല്ലെങ്കിൽ ആദ്യം ഓടി എത്തുന്ന ആളായിരുന്നേനെ ഞാൻ. പിന്നെ അങ്ങനെ തെളിയിക്കേണ്ട ആവശ്യമില്ലെന്ന് എനിക്കറിയാം ശ്രീനിയേട്ടനുമറിയാം. അദ്ദേഹത്തിൻ്റെ കുടുംബത്തിനും അറിയാം,’ഉർവശി പറഞ്ഞു.

Content Highlight: Actress Urvashi’s words about actor Sreenivasan.

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.