| Friday, 2nd May 2025, 9:38 am

പ്രായവും ശാരീരികമായ മാറ്റവും ഘടകമാണ്: ശോഭനയുടെ കൂടെ അഭിനയിക്കാന്‍ 20 വര്‍ഷം എടുത്തില്ലേ: ഉര്‍വശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2004 ല്‍ റിലീസ് ചെയ്ത മാമ്പഴക്കാലത്തിന് ശേഷം മോഹന്‍ലാലും ശോഭനയും ജോഡികളായി അഭിനയിച്ച ചിത്രമാണ് തരുണ്‍മൂര്‍ത്തിയുടെ സംവിധാനത്തില്‍ എത്തിയ തുടരും.

20 വര്‍ഷത്തിന് ശേഷം ഇരുവരുടേയും കൂട്ടുകെട്ടില്‍ ഒരു ചിത്രമെത്തുന്നു എന്നത് തന്നെയായിരുന്നു തുടരുമിലുള്ള പ്രേക്ഷകരുടെ ഏറ്റവും വലിയ പ്രതീക്ഷയും.

മോഹന്‍ലാല്‍ ഷണ്മുഖനായും ലളിതയെന്ന കഥാപാത്രമായി ശോഭനയും എത്തിയ ചിത്രം പ്രേക്ഷകര്‍ ഇരുകൈയുംനീട്ടി സ്വീകരിച്ചു.

പഴയ മോഹന്‍ലാല്‍-ശോഭന ചിത്രങ്ങള്‍ കാണുന്ന അതേ ആവേശത്തിലാണ് തുടരും എന്ന ചിത്രത്തേയും ആരാധകര്‍ ഏറ്റെടുത്തത്.

മോഹന്‍ലാല്‍-ശോഭന കൂട്ടുകെട്ടില്‍ ഒരു ചിത്രമെത്തിയതോടെ ഇനിയെന്നാണ് ഉര്‍വശിയുമായി ഒരു സിനിമ മോഹന്‍ലാല്‍ ചെയ്യുകയെന്ന ചോദ്യം ഉയര്‍ന്നിരുന്നു.

ആ ചോദ്യത്തിന് മറുപടി നല്‍കുകയാണ് നടി ഉര്‍വശി. ശോഭനയുടെ കൂടെ അഭിനയിക്കാന്‍ തന്നെ 20 വര്‍ഷം എടുത്തില്ലേയെന്നും പ്രായവും ശാരീരികമായ മാറ്റവും ഒരു സിനിമ സംഭവിക്കുന്നതില്‍ പ്രധാന ഘടകമാണെന്ന് ഉര്‍വശി പറയുന്നു.

‘എല്ലാവരും എല്ലാ സമയത്തും നമ്മളോട് ചോദിക്കുന്ന കാര്യമാണ് ഇത്. ഞാന്‍ ഏറ്റവും കൂടുതല്‍ നായികയായി അഭിനയിച്ചിരിക്കുന്നതും അങ്ങനത്തെ രീതിയിലുള്ള സിനിമകള്‍ ചെയ്തിരിക്കുന്നതും ലാലേട്ടന്റേയും ജയറാമിന്റേയും കൂടെയാണ്.

അദ്ദേഹത്തിന്റെ കൂടെ ഒരു സിനിമ എന്നുണ്ടാകുമെന്ന ചോദ്യം വരുന്നുണ്ട്. പക്ഷേ ശോഭനയുടെ കൂടെ അഭിനയിക്കാന്‍ തന്നെ 20 വര്‍ഷം എടുത്തു എങ്കില്‍ അങ്ങനെ ഒത്തുവരേണ്ട.

നമുക്ക് ശാരീരികമായിട്ടും പ്രായം കൊണ്ടുണ്ടായ മാറ്റത്തിനും അനുസരിച്ച സിനിമകള്‍ വരണം.

കുടുംബ ചിത്രങ്ങളും നല്ല രീതിയില്‍ എടുത്താല്‍ വിജയിക്കും എന്നതിന്റെ തെളിവാണ് ഈ സിനിമ.  അത്തരം സിനിമകള്‍ സ്വീകരിക്കപ്പെടും, അത്തരം സിനിമകള്‍ ഓടട്ടെ. അപ്പോള്‍ നമുക്കും ഒരു പോസിറ്റീവ് എനര്‍ജിയാണ്,’ ഉര്‍വശി പറഞ്ഞു.

ഇന്ന് സിനിമകള്‍ക്കെതിരെ ചില കോണുകളില്‍ നിന്നുണ്ടാകുന്ന വിമര്‍ശനങ്ങളെ കുറിച്ചുമൊക്കെ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഉര്‍വശി സംസാരിച്ചു.

‘ഭയങ്കര സെന്‍സിറ്റീവ് ആയിക്കൊണ്ടിരിക്കുകയാണ് ഓരോ കാര്യങ്ങളും. എന്ത് പറഞ്ഞാലും അത് വിവാദമാകുമോ ട്രോള്‍ ആകുമോ, ഇങ്ങനെ നോക്കിയൊക്കെ സംസാരിക്കേണ്ടിയിരുന്നു.

ഞാന്‍ ആലോചിക്കുകയായിരുന്നു. ചന്തുവിനെയൊക്കെ എടുത്ത് വിജയിപ്പിച്ചവരാണ് നമ്മള്‍. വടക്കന്‍ വീരഗാഥ എന്ന ചിത്രം കാലങ്ങളായുള്ള നമ്മുടെ വിശ്വാസങ്ങളെയൊക്കെ മാറ്റി മറിച്ചിട്ട് വന്ന ഒരു സിനിമയാണ്.

ഒരു എഴുത്തുകാരനോടുള്ള നമ്മുടെ ആദരവ്, അത് എടുത്ത് ഫലിപ്പിച്ച സംവിധായകന്‍, അത് അഭിനയിച്ച് ഫലിപ്പിച്ച നടന്‍, വടക്കന്‍ വീരഗാഥയില്‍ നമ്മള്‍ കണ്ട ചന്തുവല്ലല്ലോ അതുവരെ നമ്മള്‍ കേട്ട ചന്തു.

അങ്ങനെയുള്ള സിനിമകളൊക്കെ വന്ന ഇന്‍ഡസ്ട്രിയായിരുന്നു മലയാളം. ഒരു ചരിത്രത്തെ തന്നെയാണ് മാറ്റിമറിച്ചത്. ഇനിയുള്ള കാലം അങ്ങനെ ചെയ്യാന്‍ പറ്റുമോ എന്നൊന്നും അറിയില്ല.

ഇവിടെ പ്രേക്ഷകര്‍ അല്ല ശരിക്കും വിമര്‍ശനങ്ങള്‍ പറയുന്നത്. പ്രേക്ഷകരാരും ഇത്തരത്തില്‍ റിയാക്ട് ചെയ്തിട്ടില്ല,’ ഉര്‍വശി പറയുന്നു.

Content Highlight: Actress Urvashi about Shobha and Thudarum Movie

We use cookies to give you the best possible experience. Learn more