| Monday, 21st April 2025, 3:45 pm

' മഹാഭാരതമോ ഖുറാനോ ഗീതയോ ഒന്നും അല്ലല്ലോ ' എന്തിന് ഇങ്ങനെ എഴുതിയെന്ന് വിമര്‍ശിക്കാന്‍; എമ്പുരാന്‍ വിവാദത്തില്‍ ഉര്‍വശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എമ്പുരാന്‍ സിനിമയ്‌ക്കെതിരായ വന്ന വിമര്‍ശനങ്ങളെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയതാണ് നടി ഉര്‍വശി.

ഒരു സിനിമ, അത് എടുക്കുന്ന വ്യക്തികളുടെ സ്വാതന്ത്ര്യമാണെന്നും നിങ്ങള്‍ എങ്ങനെ അങ്ങനെ മാറ്റുമെന്ന് ചോദിക്കാന്‍ ഇത് മഹാഭാരതമോ ഖുറാനോ ഗീതയോ ഒന്നും അല്ലല്ലോ എന്നും ഉര്‍വശി പറയുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഉര്‍വശി.

‘ മഹാഭാരതമോ ഖുറാനോ ഗീതയോ ഒന്നും അല്ലല്ലോ നിങ്ങള്‍ എങ്ങനെ അങ്ങനെ മാറ്റും. നിങ്ങള്‍ എങ്ങനെ ഇങ്ങനെ എഴുതും എന്നൊക്കെ വിമര്‍ശിക്കാന്‍.

എന്റെ സിനിമ എന്റെ സിനിമയാണ്. എനിക്ക് ഇത് ഇങ്ങനെ എടുക്കണമെന്ന് തോന്നി. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ എനിക്ക് ഇഷ്ടപ്പെട്ടില്ല എന്ന് പറയാം.

ഇപ്പോള്‍ എനിക്ക് കുറച്ചുകൂടി ആശ്വാസമുണ്ട്. നമ്മള്‍ ഒരു സ്ട്രീറ്റില്‍ ഒരു 30 വീടുണ്ടെങ്കില്‍ അതില്‍ കുറഞ്ഞത് 10 വീട്ടിലെങ്കിലും വിഷ്വല്‍ മീഡിയയുമായി ബന്ധപ്പെട്ട ഒരാളെങ്കിലും കാണും.

ഇതിന്റെ ഗൗരവം അറിയാവുന്ന ഒരാളെങ്കിലും കാണും. അതുകൊണ്ട് കൂടിയാണ് ഈ ഷൂട്ടിങ് സ്‌പോട്ടുകളെ കുറിച്ചുള്ള ജനങ്ങളുടെ നെഗറ്റീവ് കമന്റ്‌സ് കുറഞ്ഞതും.

എന്ത് കഷ്ടപ്പെട്ടും പ്രയാസപ്പെട്ടുമാണ് ഇത് എടുക്കുന്നത് എന്ന് അവര്‍ക്ക് മനസിലാകും. ഏതെങ്കിലും ഒരു മീഡിയ വഴിയൊക്കെ ഇത് അറിയുന്നവരായിരിക്കും.

ഒന്നുകില്‍ സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍. അല്ലെങ്കില്‍ സീരിയലുമായി ബന്ധപ്പെട്ട് അല്ലെങ്കില്‍ യൂ ട്യൂബില്‍ അവരുടേതായ കാര്യങ്ങള്‍ ഷൂട്ട് ചെയ്യുന്നവരായിരിക്കും. അങ്ങനെ ഒരാളെങ്കിലും കാണും.

അതുകൊണ്ട് അവര്‍ക്കറിയാം. എങ്കില്‍ പോലും എനിക്ക് ചോദിക്കാനുള്ളത് ഇതാണ്. ഒരു ഉദാഹരണത്തിന് എം.ബി.ബി.എസ് പഠനത്തിനായി ഡബ്ല്യു.എച്ച്.ഒ ആധികാരികമായി ഇറക്കിയ ഒരു ബുക്ക്. അതിനകത്ത് പാരാസെറ്റമോളിനെ കുറിച്ച് ഇങ്ങനെയാണ് പറഞ്ഞിരിക്കുന്നത്. ഇത് ഇങ്ങനെയേ ഉപയോഗിക്കാവൂ എന്ന് പറയുന്നു.

എന്നാല്‍ അങ്ങനെ ഒരു സാധനമല്ലല്ലോ സിനിമ. ഇന്ന ചോദ്യത്തിന് ഇന്ന ഉത്തരം തന്നെ വേണമെന്നൊന്നും നമുക്ക് പറയാനാവില്ലല്ലോ. എന്റെ സിനിമ എന്റെ സിനിമയാണ്. അതിന് അര്‍ത്ഥ തലങ്ങള്‍ കണ്ടെത്തിയാല്‍ പിന്നെ എന്തുചെയ്യും.

ചില ചിത്രങ്ങള്‍ ഇല്ലേ. കുറേ വരയും കുറിയുമൊക്കെ കാണും. അതിന്റെ അര്‍ത്ഥമൊന്നും മനസിലാകില്ല. ഇത് വരച്ചവര്‍ക്ക് അറിയാമായിരിക്കും. ബുദ്ധിയുള്ളവര്‍ക്കും അറിയാമായിരിക്കും. നിങ്ങളാണ് വരച്ചതെങ്കില്‍ നിങ്ങള്‍ക്ക് എന്ത് അര്‍ത്ഥവും പറയാം. ഇതുപോലെയാണ് സിനിമ.

പിന്നെ സിനിമയെ അത്ര ഗൗരവത്തോടെ കണ്ട് വിമര്‍ശിക്കുന്നതില്‍ സന്തോഷമുണ്ട്. ഇത്രയും കോടി ചിലവാക്കി ഒരു സിനിമ എടുക്കുമ്പോള്‍ ആ സിനിമയില്‍ ഇതാ ഇങ്ങനെയൊക്കെ വരുന്നല്ലോ എന്ന് ഗൗരവമായി വിമര്‍ശിക്കുന്നത് നല്ല കാര്യം.

അത് എല്ലാ കാലങ്ങളിലും ഉണ്ടായിട്ടുണ്ട്. പണ്ട് ഏതെങ്കിലും മാഗസിനില്‍ വളറെ വിരളമായിട്ടേ വരാറുള്ളൂ.

ഇത് ചുമ്മാ വെറുതെ ഓരോന്ന് സങ്കല്‍പ്പിച്ച് ഇത് ഇങ്ങനെയാണ് എന്നൊക്കെ കുറേ അര്‍ത്ഥം പറയുമ്പോള്‍ ഞാന്‍ തന്നെ ഞെട്ടിപ്പോകുകയാണ്. അവിടം വരെയൊക്കെ എത്തണോ എന്നാണ് ആലോചിക്കുന്നത്. ഇത് കുറേ പേരുടെ ജീവിതമാണെന്ന് എളിമയോടെ ചിന്തിച്ചാല്‍ തീരുന്ന കാര്യമേയുള്ളൂ,’ ഉര്‍വശി പറഞ്ഞു.

Content Highlight: Actress Urvashi about Empuraan Controversy

We use cookies to give you the best possible experience. Learn more