| Saturday, 19th April 2025, 2:08 pm

ആ സിനിമ സൂപ്പര്‍ഹിറ്റാകുമെന്ന് തുടക്കം മുതലേ ഉറപ്പുള്ള ഒരാള്‍ ഞാനായിരുന്നു, അക്കാര്യം ലാലേട്ടനും പിന്നീട് പറഞ്ഞിട്ടുണ്ട്: ശ്വേത മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ ലാല്‍, ആസിഫ് അലി, ശ്വേത മേനോന്‍, മൈഥിലി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് 2011-ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു സോള്‍ട്ട് ആന്റ് പെപ്പര്‍.

2011-ലെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള കേരളസംസ്ഥാന പുരസ്‌കാരവും ചിത്രം കരസ്ഥമാക്കിയിരുന്നു. ചിത്രത്തില്‍ ശ്വേത അവതരിപ്പിച്ച മായ എന്ന കഥാപാത്രം ഇന്നും പ്രേക്ഷകരുടെ മനസിലുണ്ട്.

സോള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ കഥ കേട്ടപ്പോള്‍ തന്നെ അതൊരു സൂപ്പര്‍ഹിറ്റ് ചിത്രമാകുമെന്ന് താന്‍ ഉറപ്പിച്ചിരുന്നെന്ന് പറയുകയാണ് നടി ശ്വേത മേനോന്‍.

സിനിമയില്‍ തനിക്കുള്ള കോണ്‍ഫിഡന്‍സ് പിന്നീട് ലാല്‍ സാറൊക്കെ എടുത്തുപറഞ്ഞിരുന്നെന്നും ശ്വേത മേനോന്‍ പറയുന്നു. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്വേത.

‘ ഞാനൊരു തെലുഗു പടത്തില്‍ അഭിനയിച്ചിരുന്നു. നാഗാര്‍ജുന്‍ സാറിന്റെ കൂടെ. ഹൈദരാബാദിലായിരുന്നു ഷൂട്ട്. എന്റെ ഹോട്ടലില്‍ നിന്ന് ലൊക്കേഷനിലേക്ക് പോകുകയാണ്.

ആ സമയത്ത് എന്റെ ഫേസ്ബുക്കില്‍ ഒരു മെസ്സേജ് വന്നു. ആഷിഖ് അബുവായിരുന്നു. എന്റെ നമ്പര്‍ ചോദിച്ച് മെസ്സേജ് അയച്ചതാണ്.  അങ്ങനെ അദ്ദേഹത്തിന് നമ്പര്‍ കൊടുത്തു അദ്ദേഹം എന്നെ വിളിച്ചു.

അവിടുന്ന് തൊട്ട് എന്റെ ലൊക്കേഷന്‍ വരെ ഒരു മണിക്കൂറിലേറെ ദൂരമുണ്ട്. അതിനിടയിലാണ് ശ്യാം പുഷ്‌ക്കര്‍ എന്നോട് കഥ പറയുന്നത്. എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു.

ഷൂട്ടിങ് നടന്നത് ഒരു ജനുവരിയിലായിരുന്നു. ജൂണിലാണ് കഥ കേള്‍ക്കുന്നത്. അന്ന് എനിക്ക് ഓര്‍മയുണ്ട് ഞാന്‍ പറഞ്ഞത്. ഈ സിനിമ ഒരു സൂപ്പര്‍ഹിറ്റായിരിക്കുമെന്ന് ഞാന്‍ ഉറപ്പിച്ചു പറഞ്ഞു.

അവരൊന്നും അത് പ്രതീക്ഷിച്ചിരുന്നില്ല. ലാലേട്ടനും അത് പറഞ്ഞിട്ടുണ്ട്. ശ്വേതയ്ക്ക് ആദ്യം മുതലേ കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നു എന്ന്. എനിക്കെന്തോ അത് തോന്നിയിരുന്നു.

മേക്കിങ്ങിനിടെയും എനിക്കത് തോന്നിയിരുന്നു. ഞാന്‍ ഭയങ്കര എന്‍ജോയ് ചെയ്ത ഒരു പടമാണ് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍. അതിന് ശേഷമാണ് ഞാന്‍ രതിനിര്‍വേദം സെറ്റിലേക്ക് പോയത്.

രതിനിര്‍വേദത്തിന് വേണ്ടി ഞാന്‍ തടിക്കുന്നുമുണ്ട്. മായയ്ക്ക് വേണ്ടി വേറൊരു ലുക്കും പിടിച്ചു. ചിത്രത്തില്‍ ഭാഗ്യ ചേച്ചിയാണ് എനിക്ക് വേണ്ടി ഡബ്ബ് ചെയ്തത്.

അതിലെ ഒരു സീനില്‍ ഡബ്ബ് ചെയ്യാന്‍ ഭയങ്കര ബുദ്ധിമുട്ടി എന്ന് ഭാഗ്യ ചേച്ചി പറഞ്ഞു. എന്തുകൊണ്ട് ശ്വേതയെ കൊണ്ട് ചെയ്യിച്ചില്ല എന്നും ചോദിച്ചിരുന്നു.

ആദ്യത്തെ രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോഴാണ് അവര്‍ക്കും അത് തോന്നിയത്. പക്ഷേ ചിത്രത്തില്‍ ഞാന്‍ ഒരു ഡബ്ബിങ് ആര്‍ടിസ്റ്റ് ആണല്ലോ. എനിക്കൊരു ആക്‌സെന്റ് ഉണ്ട്.

പക്ഷേ നേരത്തെ ആലോചിച്ചിരുന്നെങ്കില്‍ ഏത് രീതിയിലും ആ ക്യാരക്ടര്‍ മാറ്റാമായിരുന്നു. പക്ഷേ സ്‌ക്രിപ്റ്റ് ആ രീതിയില്‍ നേരത്തെ തന്നെ തയ്യാറാക്കി പോയിരുന്നു. പിന്നീട് പലര്‍ക്ക് വേണ്ടിയും എനിക്ക് വേണ്ടിയും ഞാന്‍ ഡബ്ബ് ചെയ്തിട്ടുണ്ട്,’ ശ്വേത മേനോന്‍ പറഞ്ഞു.

Content Highlight: Actress Swetha Menon said that she is very sure about the film would be a superhit

We use cookies to give you the best possible experience. Learn more