| Saturday, 19th April 2025, 1:01 pm

ഞാനാണെങ്കില്‍ ഡിവോഴ്‌സ് ഒപ്പിട്ട് ഇറങ്ങിയിട്ടേയുള്ളൂ; ലാലേട്ടന്റെ നേതൃത്വത്തില്‍ നടത്തിയ ആ പെണ്ണുകാണല്‍ ഞെട്ടിച്ചു: ശ്വേതാ മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിവാഹജീവിതത്തെ കുറിച്ചും കരിയറിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടി ശ്വേത മേനോന്‍. പങ്കാളി ശ്രീവത്സന്‍ മേനോന്‍ തന്റെ നല്ല സുഹൃത്താണെന്നും ഭര്‍ത്താവ് എന്നതിനേക്കാള്‍ തങ്ങള്‍ക്കിടയിലുള്ളത് മികച്ച സൗഹൃദമാണെന്നും ശ്വേത മേനോന്‍ പറയുന്നു.

ആദ്യ വിവാഹ മോചനം അപ്രതീക്ഷിതമായതിനാല്‍ തന്നെ ഇനിയൊരു വിവാഹമുണ്ടെങ്കില്‍ അത് രക്ഷിതാക്കളുടെ പൂര്‍ണ സമ്മതത്തോടെയും പിന്തുണയോടെയും മാത്രമേ നടക്കൂവെന്ന് താന്‍ ഉറപ്പിച്ചിരുന്നെന്നും ശ്വേത മേനോന്‍ പറയുന്നു.

ആദ്യ വിവാഹം ഡൈവോഴ്‌സ് ആയതിന് തൊട്ടുപിന്നാലെ ഒരു അമേരിക്കന്‍ ഷോയ്ക്കിടെ നടന്‍ മോഹന്‍ലാലും മുകേഷും ചേര്‍ന്ന് ഒരാളെ തനിക്ക് വിവാഹമാലോചിച്ച കഥയും കാന്‍ ചാനല്‍ മീഡിയയ്ക്ക് മുന്‍പ് നല്‍കിയ അഭിമുഖത്തില്‍ ശ്വേത മേനോന്‍ പറയുന്നുണ്ട്.

‘ ലാലേട്ടനെ ഞാന്‍ ലാട്ടാ എന്നാണ് വിളിക്കാറ്. എന്തുകൊണ്ടാണ് അതെന്ന് എനിക്കറിയില്ല. മൂപ്പരും പറയും വേറെ ആരും അങ്ങനെ വിളിക്കാറില്ലെന്ന്.

ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ഹാപ്പി ബര്‍ത്ത് ഡേ ലാട്ടാ എന്ന് എഴുതുമ്പോള്‍ കമന്റ് വരും ലാട്ടനല്ല ലാലേട്ടന്‍ എന്ന്. ഞാന്‍ കുഞ്ഞായിരിക്കുമ്പോള്‍ തന്നെ ലാലേട്ടന്‍ വീട്ടില്‍ വരാറുണ്ടായിരുന്നു.

ഒരു അമേരിക്കന്‍ ഷോക്കിടെ ലാലേട്ടനും മുകേഷേട്ടനുമൊക്കെ ചേര്‍ന്ന് എനിക്കൊരു വിവാഹം ആലോചിച്ചു.

എന്റെ ആദ്യത്തെ റിലേഷന്‍ഷിപ്പ് പൊട്ടി ഡിവോഴ്‌സ് ചെയ്ത ശേഷമാണ് ഞാന്‍ യു.എസ് ഷോയ്ക്ക് പോകുന്നത്. ലക്ഷ്മി ഗോപാലസ്വാമി, ഞാന്‍, മുകേഷേട്ടന്‍ ലാലേട്ടന്‍, വിനീത് അങ്ങനെ ഒരുപാട് പേരുണ്ട്.

അവിടെ എത്തിയതും ലാലേട്ടനും മുകേഷേട്ടനും പറഞ്ഞു, നമുക്ക് ഇവളെ കല്യാണം കഴിപ്പിക്കണമെന്ന്. വിജയേട്ടന്റെ ഷോയ്ക്കാണ് പോകുന്നത്. പുള്ളിയുടെ നെഫ്യൂ ഡോക്ടറാണ്.

അങ്ങനെ അവിടെ വെച്ച് ഒരു പ്രോപ്പര്‍ പെണ്ണുകാണല്‍ ചടങ്ങെല്ലാം നടന്നു. ഞാന്‍ നോക്കുമ്പോള്‍ ആള് വരുന്നു, എന്നെ കാണുന്നു, മുകേഷേട്ടന്‍ നില്‍ക്കുന്നു, ലാലേട്ടന്‍ നില്‍ക്കുന്നു.

വാട്ട് ദി ഹെല്‍.. എന്ന് തോന്നി. ഞാനാണെങ്കില്‍ ജസ്റ്റ് ഡിവോഴ്‌സ് സൈന്‍ ചെയ്ത് ഇറങ്ങിയിട്ടേയുള്ളൂ. ഞാന്‍ കരയാനെല്ലാം തുടങ്ങി. ഇതെന്താണ് ഇങ്ങനെ. ഞാന്‍ ഇതിന് നില്‍ക്കില്ല എന്നൊക്കെ പറഞ്ഞു.

അത്തരത്തില്‍ അവര്‍ അമേരിക്കയില്‍ മൊത്തം എനിക്ക് പയ്യനെ നോക്കി. ഞാന്‍ യു.എസിലൊന്നും പോയി താമസിക്കില്ല. ഞാന്‍ നാട്ടിലേ നില്‍ക്കുള്ളൂ അച്ഛന്റേയും അമ്മയുടേയും അടുത്തേ നില്‍ക്കൂ എന്നൊക്കെ പറഞ്ഞു (ചിരി),’ ശ്വേത മേനോന്‍ പറഞ്ഞു.

മമ്മൂട്ടിയേയും മോഹന്‍ലാലിനേയും വിലയിരുത്തുക എങ്ങനെയായിരിക്കുമെന്ന ചോദ്യത്തിന് അത് വളരെ ബുദ്ധിമുട്ടാണെന്നായിരുന്നു ശ്വേതയുടെ മറുപടി.

മമ്മൂക്കയെ കുറിച്ച് പറഞ്ഞാല്‍ നമ്മള്‍ പറയില്ലേ ഒരു കാരണവര്‍ എന്നൊക്കെ. തറവാടി, കാരണവര്‍. അതാണ്. ലാലേട്ടന്‍ ജഗപൊക. ഞാന്‍ ലാലേട്ടന്റെ കൂടെ സിനിമയോ ഷോയോ ചെയ്യുന്ന സമത്ത് എനിക്ക് ഷോപ്പിങ്ങിന് പോകണമെങ്കില്‍, ലാലേട്ടാ ഞാന്‍ ഇന്ന് റിഹേഴ്‌സലിന് രണ്ട് മണിക്കൂര്‍ ലേറ്റായിട്ടേ വരൂ എന്ന് പറഞ്ഞാല്‍ അദ്ദേഹം നമുക്ക് വേണ്ടി കവറപ്പ് ചെയ്യും.

മമ്മൂക്കുടെ അടുത്ത് അങ്ങനെ ഇല്ല. അത് വേറൊരു രീതിയാണ്. കുട്ടിത്തം അദ്ദേഹത്തിനും ഉണ്ട്. പക്ഷേ അത് സീസണലാണ്,’ ശ്വേത മേനോന്‍ പറഞ്ഞു.

Content Highlight: Actress Swetha Menon about her Divorce and Mohanlal

We use cookies to give you the best possible experience. Learn more