മലയാളത്തിലും തമിഴിലും ഒരുപോലെ ശ്രദ്ധ നേടിയ നടി സ്വാസിക തനിക്ക് ദേവതകളുടെയോ രൗദ്രഭാവമുള്ള ശക്തമായ കഥാപാത്രങ്ങളുടെയോ വേഷങ്ങൾ ചെയ്യാൻ ഏറെ താത്പര്യമുണ്ടെന്ന് തുറന്നുപറഞ്ഞു.
തമിഴിൽ ശ്രദ്ധേയ വിജയം നേടിയ ‘ബ്ലാസ്റ്റ്’ എന്ന ചിത്രത്തിലെ ഒരു പ്രധാന വേഷം തനിക്ക് ലഭിച്ചിരുന്നുവെങ്കിലും തീയതിസംബന്ധമായ പ്രശ്നങ്ങൾ കാരണം അത് ചെയ്യാൻ കഴിഞ്ഞില്ലെന്നും താരം വ്യക്തമാക്കി.
എസ്.എസ് മ്യൂസിക്കിന് നൽകിയ അഭിമുഖത്തിലായിരുന്നു സ്വാസികയുടെ പ്രതികരണം. ‘ബ്ലാസ്റ്റ്’ സിനിമയിൽ നടി അഭിരാമി അവതരിപ്പിച്ച അമ്മയുടെ കഥാപാത്രം ആദ്യം തനിക്ക് ഓഫർ ചെയ്തിരുന്നുവെന്ന് സ്വാസിക പറഞ്ഞു.
സ്വാസിക, Photo: X.com
എന്നാൽ ‘കറുപ്പ്’ ഉൾപ്പെടെ മുൻകൂട്ടി കമ്മിറ്റ് ചെയ്ത ചിത്രങ്ങളുടെ ഷൂട്ടിങ് നടക്കുന്നതിനാൽ നിർമാതാക്കൾ ആവശ്യപ്പെട്ട തീയതികളിൽ പങ്കെടുക്കാൻ കഴിയാതെ വന്നതായും താരം വ്യക്തമാക്കി.
‘കറുപ്പി’ന്റെയും ഞാൻ മുമ്പ് കമ്മിറ്റ് ചെയ്ത ചില ചിത്രങ്ങളുടെയും ഷൂട്ടിങ് നടക്കുന്ന സമയത്തായിരുന്നു ബ്ലാസ്റ്റിന്റെ ഓഫർ വരുന്നത്. അവർ പറഞ്ഞ തീയതി എനിക്ക് ഓക്കെ അല്ലായിരുന്നു,’ സ്വാസിക പറഞ്ഞു.
ആ സിനിമ നഷ്ടമായതിൽ നിരാശ തോന്നിയെന്നും സ്വാസിക പറഞ്ഞു. ഒരു സമ്പൂർണ ആക്ഷൻ സിനിമയുടെ ഭാഗമാകണമെന്ന ആഗ്രഹം തനിക്കുണ്ടായിരുന്നുവെന്നും അതിനാൽ ആ അവസരം നഷ്ടപ്പെട്ടത് വിഷമമുണ്ടാക്കിയെന്നും താരം കൂട്ടിച്ചേർത്തു. എന്നിരുന്നാലും ഭാവിയിൽ ഒരു ശക്തമായ ആക്ഷൻ സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്നും സ്വാസിക പറഞ്ഞു.
അതേസമയം ചരിത്രപരവും ദൈവികത നിറഞ്ഞതുമായ കഥാപാത്രങ്ങളാണ് തനിക്ക് ഏറ്റവും കൂടുതൽ ആകർഷണമുണ്ടാക്കുന്നതെന്നും താരം വ്യക്തമാക്കി. കണ്ണകിയെപ്പോലുള്ള കഥാപാത്രങ്ങളോ ഗ്രാമങ്ങളിൽ ആരാധിക്കപ്പെടുന്ന പ്രാദേശിക ദേവതകളോ അവതരിപ്പിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് സ്വാസിക പറഞ്ഞു. അടുത്തിടെ പൊള്ളാച്ചിക്ക് സമീപമുള്ള മസാനി അമ്മൻ ക്ഷേത്രം സന്ദർശിച്ച അനുഭവവും താരം പങ്കുവെച്ചു.
അത്തരം സ്ഥലങ്ങളും കഥകളും കാണുമ്പോൾ ഭക്തിപരവും ചരിത്രപരവും ദിവ്യവുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള പ്രചോദനം ലഭിക്കാറുണ്ടെന്ന് സ്വാസിക പറഞ്ഞു.
ശക്തമായ വികാരങ്ങളും രൗദ്രഭാവവും പ്രകടിപ്പിക്കുന്ന കഥാപാത്രങ്ങൾ ചെയ്യാൻ തനിക്ക് ഏറെ ഇഷ്ടമാണെന്നും, ഭാവിയിൽ ഒരു ദേവിയെ കേന്ദ്രകഥാപാത്രമാക്കി സിനിമയൊരുങ്ങിയാൽ അതിന്റെ ഭാഗമാകാൻ ആഗ്രഹമുണ്ടെന്നും താരം കൂട്ടിച്ചേർത്തു. സൂര്യ നായകനായി എത്തിയ ‘കറുപ്പ്’ ആണ് സ്വാസികയുടെതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.
Content Highlight: Actress Swasika talks about the roles she is interested in acting in.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.