ചലച്ചിത്ര രംഗത്ത് 60 വർഷത്തിലേറെ അഭിനയിച്ച അപൂർവം ചില അഭിനേത്രികളിൽ ഒരാളാണ് സുകുമാരി. പത്താമത്തെ വയസ് മുതൽ അഭിനയിച്ചുതുടങ്ങിയ സുകുമാരി 2000ത്തിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പ്രധാനമായും മലയാളം, തമിഴ് എന്നീ ഭാഷകളിലാണ് അഭിനയിച്ചിരുന്നത്.
രാഷ്ട്രപതിയിൽ നിന്ന് പത്മശ്രീ പുരസ്കാരവും ഒട്ടേറെ സംസ്ഥാന പുരസ്കാരങ്ങളും സുകുമാരി സ്വന്തമാക്കിയിട്ടുണ്ട്. 2013 മാർച്ച് 26ന് ഹൃദയാഘാതത്തെ തുടർന്ന് എഴുപത്തി രണ്ടാമത്തെ വയസിലാണ് സുകുമാരി വിട വാങ്ങിയത്.
സുകുമാരിയെ എല്ലാവരും ബഹുമാനപൂർവ്വം സുകുമാരിയമ്മ എന്നാണ് വിളിച്ചിരുന്നത്. ഇപ്പോൾ സുകുമാരിയെക്കുറിച്ച് സംസാരിക്കുകയാണ് നടി മഞ്ജു പിള്ള.
മലയാള സിനിമ അല്ലെങ്കില്‍ ഇന്ത്യന്‍ സിനിമ കണ്ട പ്രഗത്ഭരായ നടിമാരിലൊരാളാണ് സുകുമാരിയെന്നും തനിക്ക് ഓരോ കഥാപാത്രങ്ങൾ വരുമ്പോഴും റഫറന്‍സ് എടുക്കുന്നത് സുകുമാരിയും കെ.പി.എ.സി ലളിതയും പോലുള്ള ആളുകൾ അഭിനയിച്ച കഥാപാത്രങ്ങളിൽ നിന്നാണെന്നും മഞ്ജു പിള്ള പറഞ്ഞു.
അവരൊന്നും ചെയ്യാൻ ബാക്കി വെച്ചിട്ടില്ലെന്നും എല്ലാ കഥാപാത്രങ്ങളും അവര്‍ ചെയ്തിട്ടുണ്ടെന്നും മഞ്ജു പിള്ള പറയുന്നു. സെറ്റിൽ വന്നാൽ ഭക്ഷണങ്ങളൊക്കെ നിരത്തി വെക്കുമെന്നും ഭക്ഷണം എടുത്ത് തരുന്നതും വിളമ്പി തരുന്നതുമൊക്കെ സുകുമാരിയാണെന്നും മഞ്ജു പിള്ള വ്യക്തമാക്കി. ഒരു വലിയ നഷ്ടമാണ് സുകുമാരിയെന്നും മഞ്ജു പിള്ള കൂട്ടിച്ചേർത്തു.
‘മലയാള സിനിമ അല്ലെങ്കില്‍ ഇന്ത്യന്‍ സിനിമ കണ്ട പ്രഗത്ഭരായ നടിമാരിലൊരാളാണ് സുകുമാരിയമ്മ. ഞാനൊക്കെ ഓരോ ക്യാരക്ടേഴ്‌സ് വരുമ്പോഴും റഫറന്‍സ് എടുക്കുന്നത് സുകുമാരിയമ്മയെയും ലളിതാമ്മയെയും പോലുള്ള ആളുകൾ പെര്‍ഫോം ചെയ്ത ക്യാരക്ടേഴ്‌സ് ആണ്.
അവരൊന്നും ബാക്കി വെച്ചിട്ടില്ല ചെയ്യാന്‍. എല്ലാ കഥാപാത്രങ്ങളും അവര്‍ ചെയ്തിട്ടുണ്ട് ഇനി റഫറന്‍സ് എടുക്കുകയെ നിവര്‍ത്തിയുള്ളു. സെറ്റിൽ വന്നിരുന്നാല്‍ ഭക്ഷണങ്ങളൊക്കെ നിരത്തി വെക്കും. എന്നിട്ട് പോകുന്നവരെയൊക്കെ വിളിക്കും.
ഭക്ഷണം എടുത്ത് തരുന്നതും വിളമ്പി തരുന്നതുമൊക്കെ സുകുമാരിയമ്മയുടെ കൈകൊണ്ട് തന്നെയാണ്. അതൊക്കെ സന്തോഷമായിരുന്നു സുകുമാരിയമ്മക്ക്. നമുക്കൊരു വലിയ നഷ്ടമാണ് സുകുമാരിയമ്മ,’ മഞ്ജു പിള്ള പറയുന്നു.
Content Highlight: Actress Sukumari is a big loss for us; we take reference from her says Manju Pillai