ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ശോഭന മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് തുടരും. 19 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാല്‍-ശോഭന കൂട്ടുകെട്ട് ഒന്നിക്കുന്നത്.
മലയാള സിനിമയിലെ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ എല്ലാം ഭേദിച്ച് തുടരും മുന്നേറുമ്പോള്‍ ചിത്രത്തിലെ ഓരോരുത്തരുടെ പ്രകടനവും പ്രശംസയര്‍ഹിക്കുന്നതാണ്.
ചിത്രത്തില്‍ ലളിത എന്ന കഥാപാത്രത്തെ മികച്ചതാക്കാന്‍ ശോഭനയ്ക്കും സാധിച്ചിരുന്നു. ചിത്രത്തില്‍ പ്രകാശ് വര്‍മയുമൊത്തുള്ള ചില രംഗങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ശോഭന.
ടോര്‍ച്ചറിങ് സീനിനെ കുറിച്ച് അന്ന് തനിക്ക് പറ്റിയ ചെറിയ അപകടത്തെ കുറിച്ചുമൊക്കെയാണ് എഫ്.ടി.ക്യു വിത്ത് രേഖാമേനോന്‍ പരിപാടിയില്‍ ശോഭന സംസാരിക്കുന്നത്.
‘പ്രകാശ് വര്‍മയുമായുള്ള ആക്ഷന്‍ രംഗത്തില്‍ ഞാന്‍ പെട്ടു എന്ന് പറയാം. വിരലില്‍ ഒരു അടി കിട്ടി. പക്ഷേ അത് നമുക്ക് കാണിക്കാന്‍ പറ്റുമോ. തരുണ്‍ ഇത് ഇങ്ങനെയൊന്നും സംഭവിക്കരുത് എന്ന് ഞാന്‍ എപ്പോഴും പറയും.
കാരണം എനിക്ക് പേടിയാണ്. ആ ഫൈറ്റ് സീക്വന്‍സ് കഴിഞ്ഞിട്ടുമില്ല. തരുണേ ഇത് ഇങ്ങനെ ആയിപ്പോയി, ഡോണ്ട് റിപ്പീറ്റ് ഇറ്റ്. ഞാന്‍ വരൂല എന്നൊക്കെ പറയും.
പ്രകാശ് ഫുള്‍ ഫോഴ്‌സിലാണ്. അദ്ദേഹത്തെ നമുക്ക് കുറ്റപ്പെടുത്താന്‍ പറ്റില്ല. ഞാന്‍ എന്റെ വിരല്‍ അബദ്ധത്തില്‍ അവിടെ വെച്ചതാണ്. എന്തൊക്കെയായാലും വളരെ നൈസായിരുന്നു ഷൂട്ടിങ്,’ ശോഭന പറഞ്ഞു.
സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയെ കുറിച്ചും ശോഭന അഭിമുഖത്തില്‍ സംസാരിച്ചു.
‘വളരെ വ്യത്യസ്തനായ ഒരു സംവിധായകനാണ് അദ്ദേഹം. തരുണ്‍ ലൊക്കേഷനില്‍ വരും. പിന്നെ തരുണിന്റെ ഫാമിലി മൊത്തം അവിടെ ഉണ്ടാകും. തരുണിന്റെ കൊച്ചുപയ്യന്‍ ഇങ്ങനെ ഓടിക്കൊണ്ടിരിക്കും.
മാമി മാമന്‍, തരുണിന്റെ പാരന്റ്‌സ് അങ്ങനെ ഒരു മുഴുവന്‍ കുടുംബവും അവിടെ ഉണ്ട്. അത് ഒരു നല്ല കാഴ്ചയാണ്. അവര്‍ ബാക്ക് ഗ്രൗണ്ടില്‍ ഉണ്ടാവും.
പിന്നെ തുടരും ഒരു കുടുംബ സിനിമയാണല്ലോ. ഈ ഇമോഷന്‍സ് എല്ലാം തരുണിന് അവരുടെ കുടുംബത്തില്‍ നിന്ന് ലഭിക്കുന്നതാണ്. ആ ഒരു ബോണ്ടുണ്ട്. തരുണിന്റെ മൂത്ത മകനുമായും എനിക്ക് നല്ലൊരു ബോണ്ടുണ്ടായിരുന്നു,’ ശോഭന പറഞ്ഞു.
Content Highlight: Actress Shobhana about Tharun Moorthy and Prakash Varma