ഗർഭിണിയാണെന്ന് അറിയാതെയാണ് ജയിലർ 2വിൽ രജനികാന്തിന്റെ കൂടെ ഡാൻസ് ചെയ്തത്: ഷംന കാസിം
Malayalam Cinema
ഗർഭിണിയാണെന്ന് അറിയാതെയാണ് ജയിലർ 2വിൽ രജനികാന്തിന്റെ കൂടെ ഡാൻസ് ചെയ്തത്: ഷംന കാസിം
അജ്മല്‍ കെ
Saturday, 29th August 2026, 11:17 am

‘ജയിലർ 2’ലെ ‘അല ബോലെലോ’ എന്ന ഗാനത്തിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് നടിയും നർത്തകിയുമായ ഷംന കാസിം. രജനികാന്തിനൊപ്പമുള്ള ഗാനത്തിലെ ഷംനയുടെ നൃത്തം സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയതിന് പിന്നാലെയാണ് ചിത്രീകരണത്തിനിടയിലെ മറക്കാനാകാത്ത അനുഭവം താരം പങ്കുവെച്ചിരിക്കുന്നത്. ‘അല ബോലെലോ’യുടെ ചിത്രീകരണ സമയത്ത് താൻ ഗർഭിണിയാണെന്ന് അറിയില്ലായിരുന്നു. ആറ് ദിവസമായിരുന്നു ഗാനത്തിന്റെ ഷൂട്ട്. രണ്ട് ദിവസത്തെ റിഹേഴ്സലിന് ശേഷമായിരുന്നു ആറ് ദിവസത്തെ ചിത്രീകരണം നടന്നെതെന്നും ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.

ഗാനത്തിന്റെ ആദ്യ ദിവസത്തെ ഷൂട്ട് പൂർത്തിയാക്കിയ ശേഷം അടുത്ത ദിവസം മറ്റൊരു സിനിമയുടെ ഷൂട്ടിനായി പോയപ്പോഴാണ് താൻ ഗർഭിണിയാണെന്ന് ഷംന അറിയുന്നത്.

‘ആദ്യത്തെ ഒരു ദിവസം കഴിഞ്ഞ് അടുത്ത ദിവസം മറ്റൊരു ഷൂട്ട് പൂർത്തിയാക്കാനായി പോയപ്പോഴാണ് ഞാൻ ഗർഭിണിയാണെന്ന് അറിഞ്ഞത്. രജനി സാറിന്റെ കൂടെ ഈ പാട്ട് ചെയ്യുമ്പോൾ ഞാൻ ഗർഭിണിയാണെന്ന് എനിക്ക് അറിയില്ലായിരുന്നു,’ ഷംന പറഞ്ഞു.

ഷംന കാസിം. Photo: Screen grab/ Youtune.com

ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ ആദ്യം തനിക്കും കുടുംബത്തിനും വിശ്വസിക്കാനായില്ലെന്നും ഷംന ഓർത്തെടുത്തു. ഇത്രയും ഡാൻസ് ചെയ്ത സാഹചര്യത്തിൽ ഗർഭിണിയായിരിക്കുമെന്ന് വിശ്വസിക്കാനാകില്ലെന്നായിരുന്നു അമ്മയും ആദ്യം പറഞ്ഞത്. വീണ്ടും പരിശോധന നടത്തിയപ്പോഴാണ് അത് സ്ഥിരീകരിച്ചത്.

‘അമ്മ പോലും പറഞ്ഞു, നീ ഇത്രയും ഡാൻസ് ചെയ്തിട്ട് ഗർഭിണിയായിരിക്കില്ല, എന്തെങ്കിലും മിസ്റ്റേക്ക് പറ്റിയതായിരിക്കും, ഒന്നുകൂടി ചെക്ക് ചെയ്യൂ എന്ന്. വീണ്ടും ചെക്ക് ചെയ്തപ്പോഴും പോസിറ്റീവായിരുന്നു. അങ്ങനെയാണ് അത് കൺഫോം ചെയ്തത്,’ ഷംന വ്യക്തമാക്കി.

ഇപ്പോൾ മകൾക്ക് അഞ്ച് മാസം പ്രായമാണ്. ദുആ ജമീല എന്നാണ് കുഞ്ഞിന്റെ പേര്. എന്നാൽ ഷംന സ്നേഹത്തോടെ മകളെ വിളിക്കുന്നത് ‘ജയിലർ ബേബി’ എന്നാണ്. കാരണം ‘ജയിലർ 2’യിലെ ഗാനത്തിന്റെ ചിത്രീകരണ സമയത്തുതന്നെ കുഞ്ഞ് തനിക്കൊപ്പമുണ്ടായിരുന്നുവെന്നതാണ് ആ പേരിനുപിന്നിലെ കാരണം എന്നും ഷംന കൂട്ടിച്ചേർത്തു.

‘കുട്ടിയുടെ പേര് ദുആ ജമീല എന്നാണ്. പക്ഷേ ഞാൻ അവളെ വിളിക്കുന്നത് ജയിലർ ബേബി എന്നാണ്. ഇത്രയും ഹെവി ഡാൻസ് ചെയ്തിട്ടും അവൾ എന്റെ ഉള്ളിലുണ്ടായിരുന്നു. അതുകൊണ്ടാണ് ഞാൻ അവളെ ജയിലർ ബേബി എന്ന് വിളിക്കുന്നത്,’ ഷംന പറഞ്ഞു.

‘അല ബോലേലോ’ പുറത്തിറങ്ങിയതിന് പിന്നാലെ പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന മികച്ച പ്രതികരണവും ഷംനയ്ക്ക് ഏറെ സന്തോഷം നൽകുന്നുണ്ട്. ഗാനത്തിന് ലഭിക്കുന്ന സ്വീകാര്യത തന്റെ മകളുടെ ഭാഗ്യമാണെന്ന് തോന്നുന്നുവെന്നും താരം പറഞ്ഞു.

‘ഈ പാട്ട് റിലീസ് ചെയ്ത ഉടനെ ഞാൻ അവളോട് പറയാറുണ്ട്, നോക്ക്, നീ അന്ന് എന്റെ ഉള്ളിലുണ്ടായിരുന്നു. ഇപ്പോൾ എല്ലാവരും ഈ പാട്ടിനെ ഇത്രയും സ്നേഹിക്കുന്നുണ്ട്. ഇത് അവളുടെ ഭാഗ്യമാണെന്ന് എനിക്ക് തോന്നുന്നു,’ ഷംന പറഞ്ഞു.

രജനികാന്തിയെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’യിലെ ആദ്യ ഗാനമാണ് ‘അല ബോലേലോ’. അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. അരുൺരാജ കാമരാജ് എഴുതിയ വരികൾക്ക് അനിരുദ്ധ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഓണത്തോടനുബന്ധിച്ചാണ് ഗാനം പുറത്തിറങ്ങിയത്.

രജനികാന്ത്. Photo: IMDb

 

ഗാനത്തിൽ കസവ് സാരിയണിഞ്ഞുള്ള ഷംനയുടെ നൃത്തമാണ് പ്രധാന ആകർഷണം. രജനികാന്തും ഗാനരംഗത്തിൽ എത്തുന്നുണ്ട്. ചിത്രത്തിലെ ആദ്യ ഗാനമെന്ന നിലയിൽ ‘അല ബോലേലോ’ ഇതിനോടകം വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.

Content Highlight: Actress Shamna Kasim shares her experience of dancing in Jailer 2 and working with Rajinikanth

അജ്മല്‍ കെ
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.