പോരായ്‌മകൾ മനസിലാക്കി, അവയെ മറികടന്ന് മുന്നോട്ടുപോകാൻ സ്വയം പരിശ്രമിക്കുന്നു: രജിഷ വിജയൻ
Malayalam Cinema
പോരായ്‌മകൾ മനസിലാക്കി, അവയെ മറികടന്ന് മുന്നോട്ടുപോകാൻ സ്വയം പരിശ്രമിക്കുന്നു: രജിഷ വിജയൻ
നന്ദന എം.സി
Thursday, 19th March 2026, 7:49 am

അനുരാഗ കരിക്കിൻ വെള്ളത്തിലെ എലിസബത്തായി മലയാളി പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് രജിഷ വിജയൻ. നീണ്ട പത്ത് വർഷത്തെ അഭിനയ ജീവിതത്തിന് ശേഷം മസ്തിഷ്‌ക മരണം എന്ന ചിത്രത്തിലൂടെ വീണ്ടും മുഴങ്ങി കേൾക്കുകയാണ് രജിഷയുടെ പേര്. ജൂൺ, ഫൈനൽസ് തുടങ്ങി നിരവധി മലയാളം സിനിമകളുടെ ഭാഗമായ താരം തമിഴ് സിനിമകളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ പോരായ്മകൾ മനസിലാക്കുകയും അവ മറികടന്ന് മുന്നോട്ട് പോകാൻ പരിശ്രമിക്കുകയാണെന്നും പറയുകയാണ് താരം. ഗൃഹലക്ഷ്‍മിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രജിഷ.

‘സിനിമയിൽ അവസരം ലഭിക്കുന്നതുപോലെ തന്നെ, പ്രയാസമേറിയകാര്യമാണ് നിലനിൽക്കുക എന്നത്. പത്തുവർഷത്തിനിപ്പുറവും ഞാൻ ഇവിടെ തുടരുന്നു.

രജിഷ വിജയൻ, Photo: IMDb

ഈ യാത്രയിൽ എനിക്ക് കൂട്ടായി നിന്ന ഒരുപാടുപേരുണ്ട്. സംവിധായകരും ഒപ്പം അഭിനയിച്ചവരും ടെക്നീഷ്യൻസും എല്ലാറ്റിനുമുപരി പ്രേക്ഷകരു ടെ സ്നേഹവും നിലനിൽപ്പിന് കരുത്ത് പകർന്നു.

കാലിടറുമ്പോൾ കൂട്ടായി കുടുംബവും സുഹൃത്തുക്കളും ഒപ്പം നിന്നു. സിനിമയിൽ നിലനിൽക്കുകയെന്നത് ചെറിയ കാര്യമല്ലെന്ന് അറിയാം. സ്വയം നവീകരിച്ചും കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ടും മാറിച്ചിന്തിച്ചും മാത്രമേ മുന്നോട്ട് സഞ്ചരിക്കാൻ കഴിയൂ.

യാത്രകൾ, എൻ്റെ ചിന്തകളെ ആഴത്തിൽ സ്വാധീനിക്കുന്നുണ്ട്. മനുഷ്യരുമായി അടുത്തിടപഴകുമ്പോൾ, കാഴ്‌ചകൾ കാണുമ്പോൾ, തെറ്റും ശരിയും തിരിച്ചറിയുമ്പോൾ വ്യക്തിയെന്നനിലയിൽ മാറുന്നുണ്ട്.

വായിച്ച പുസ്‌തകങ്ങളും കാണുന്ന സിനിമകളും എല്ലാം ചിന്തകളെ നവീകരിക്കാൻ സഹായിക്കുന്നു. ആദ്യസിനിമയെ സമീപിച്ച അതേ ഉത്സാഹത്തോടെയും ആത്മാർഥതയോടെയുമാണ് ഇന്നും കഥാപാത്രങ്ങളെ സ്വീകരിക്കുന്നത്.

മസ്തിഷ്ക മരണം, Photo: Cinema Express

എന്റെ പോരായ്‌മകൾ മനസിലാക്കി അവയെ മറികടന്ന് മുന്നോട്ടുപോകാൻ സ്വയം പരിശ്രമിക്കുന്നു. സിനിമയിൽ തുടരണമെന്ന ആഗ്രഹം പത്തുവർഷത്തിനിപ്പുറവും ശക്തമാണ്,’ രജിഷ പറഞ്ഞു.

താരത്തിന്റേതായി അവസാനം തിയേറ്ററുകളിലെത്തിയ ചിത്രമാണ് മസ്തിഷ്ക മരണം. മികച്ച അഭിപ്രായം നേടിയ ചിത്രം ‘ആവാസവ്യൂഹം’, ‘പുരുഷ പ്രേതം’ എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ ചട്ടക്കൂടുകൾ പൊളിച്ചെഴുതിയ കൃഷാന്ദ് ആണ് സംവിധാനം ചെയ്തത്.

2046 കാലഘട്ടത്തിൽ കഥ പറയുന്ന സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ കോമഡി ചിത്രമായാണ് ഇത് ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി 27ന് തിയേറ്ററുകളിലെത്തിയ ചിത്രം മലയാളത്തിൽ ഇതുവരെ കാണാത്ത സൈബർപങ്ക് സയൻസ് ഫിക്ഷൻ ഴോണറിലാണ് കഥ അവതരിപ്പിച്ചിരിക്കുന്നത്. ദിവ്യ പ്രഭ, നിരഞ്ജ് മണിയൻപിള്ള രാജു എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.

Content Highlight: Actress Rajisha Vijayan says she understands her shortcomings and tries to overcome them and move forward.

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.