തൊട്ടപ്പൻ’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറിയ നടിയാണ് പ്രിയംവദ കൃഷ്ണൻ. ചിത്രത്തിന് ആ വർഷത്തെ സംസ്ഥാന സർക്കാർ പുരസ്‌കാരത്തിൽ പ്രത്യേക ജൂറി പുരസ്‌കാരവും ലഭിച്ചിരുന്നു.
പിന്നീട് നിരവധി സിനിമകളുടെ ഭാഗമായ പ്രിയംവദ ‘സംശയം’, ‘നരിവേട്ട’ എന്നീ ചിത്രങ്ങളിലും മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. ‘നരിവേട്ട’യിലെ കഥാപാത്രമാണ് താരത്തെ പ്രേക്ഷകർക്കിടയിൽ കൂടുതൽ സുപരിചിതയാക്കിയത്.
തൊട്ടപ്പന് ശേഷം ‘സംശയം, സ്റ്റേഷൻ 5, ഒരു കട്ടിൽ ഒരു മുറി, റോഷാക്, ഇടിമഴക്കാറ്റ്, തട്ടാശേരി കൂട്ടം തുടങ്ങി നിരവധി സിനിമകളിലാണ് പ്രിയംവദ അഭിനയിച്ചത്.
എന്നാൽ ‘നരിവേട്ട’ എന്ന സിനിമയും ‘മിന്നൽവള’ എന്ന പാട്ടും തന്ന മൈലേജ് വളരെ വലുതായിരുന്നുവെന്ന് പറയുകയാണ് താരം. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രിയംവദ.
‘മിന്നൽവള’ ഇന്റർനാഷണൽ ഹിറ്റാകുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല. യൂട്യൂബിൽ 100 മില്യൺ കാഴ്ചകൾ കടന്നു. മലയാളം അറിയാത്തവർ പോലും ലിപ് സിങ്ക് ചെയ്ത് ‘മിന്നൽവള’ പാടി.
സിനിമയിലെ സീൻ പോലെ വീഡിയോ ഷൂട്ട് ചെയ്ത് റീലുകളും ഇറങ്ങി. ഈ പാട്ട് വന്ന ശേഷമാണ് പലരും എന്റെ മുൻകാല സിനിമകൾ കാണാൻ തുടങ്ങിയത്. ആ പാട്ട് ഒരു വട്ടമെങ്കിലും എവിടെ നിന്നെങ്കിലും കേൾക്കാതെ എന്റെ ഒരു ദിവസവും ഇപ്പോൾ കടന്നുപോകുന്നില്ല,’ പ്രിയംവദ പറഞ്ഞു.
സെലക്റ്റീവായി സിനിമകൾ ചെയ്യാനുള്ള വളർച്ച തനിക്ക് വന്നിട്ടുണ്ടെന്ന് കരുതുന്നില്ലെന്നും താരം വ്യക്തമാക്കി. എന്നാൽ ഒരേ പോലുള്ള കഥാപാത്രങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കാറുണ്ടെന്നും പറഞ്ഞു.
നരിവേട്ട, Photo: YouTube/ Screengrab
സ്ക്രീൻ സ്പേസിനേക്കാൾ കഥയിലെ കഥാപാത്രത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് സിനിമകൾ സ്വീകരിക്കുന്നതെന്നും പ്രിയംവദ കൂട്ടിച്ചേർത്തു.
നൃത്തം തന്റെ രക്തത്തിലുള്ളതാണെന്നും ഭരതനാട്യവും മോഹിനിയാട്ടവും പഠിച്ചിട്ടുണ്ടെന്നും അമ്മയോടൊപ്പം നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ടെന്നും പ്രിയംവദ വ്യക്തമാക്കി.
സിനിമയിൽ ആദ്യമായി നൃത്തം ചെയ്യാൻ അവസരം ലഭിച്ചത് ‘വിലായത്ത് ബുദ്ധ’യിലാണെന്നും സിനിമയിൽ മുഴുനീള നൃത്ത രംഗങ്ങൾ ലഭിക്കണമെന്ന ആഗ്രഹവും ഉണ്ടായിരുന്നെന്നും താരം കൂട്ടിച്ചേർത്തു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.