| Thursday, 26th June 2025, 11:27 am

ഷോട്ടിന് മുന്‍പ് ഷറഫു അടുത്ത് വന്ന് ഒരു കാര്യം പറഞ്ഞു; ആ ഡയലോഗ് കേട്ട് എനിക്ക് ചിരി വന്നില്ല: പൂജ മോഹന്‍രാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പടക്കളം എന്ന ചിത്രത്തിലെ ഒരു ഡയലോഗിനെ കുറിച്ചും നടന്‍ ഷറഫുദ്ദീനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടി പൂജ മോഹന്‍രാജ്. ചിത്രത്തിലെ ഒരു നിര്‍ണായക സീനില്‍ ഷറഫുദ്ദീന്‍ പൂജയുടെ കഥാപാത്രത്തോട് പറയുന്ന ഒരു ഡയലോഗ് പ്രേക്ഷകര്‍ക്കിടയില്‍ ചിരി പടര്‍ത്തിയിരുന്നു.

സ്‌ക്രിപ്റ്റില്‍ ഇല്ലാതിരുന്ന ആ ഡയലോഗ് ടേക്കിന്റെ സമയത്ത് താന്‍ കയ്യില്‍ നിന്ന് ഇട്ടതാണെന്ന് ഷറഫുദ്ദീനും പറഞ്ഞിരുന്നു. ആ സീനിനെ കുറിച്ചും ടേക്കിന് മുന്‍പ് ഷറഫുദ്ദീന്‍ തന്നോട് പറഞ്ഞ കാര്യത്തെ കുറിച്ചുമൊക്കെയാണ് മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പൂജ സംസാരിക്കുന്നത്.

‘ ആ ഡയലോഗ് ഷറഫു ഇംപ്രവൈസ് ചെയ്തതാണ്. ഷോട്ടിന് മുന്‍പ് പുള്ളി എന്റെ അടുത്ത് വന്നിട്ട്, ഞാന്‍ ഒരു കാര്യം പറയും. നിനക്ക് ചിലപ്പോള്‍ എന്നെ തല്ലാന്‍ തോന്നും എന്ന് പറഞ്ഞു.

എനിക്കറിയില്ല ഷറഫു എന്താണ് പറയാന്‍ പോകുന്നത് എന്ന്. ഞാനും ആദ്യമായിട്ടാണ് കേള്‍ക്കുന്നത്. ആ മൊമെന്റില്‍. കാരണം ആ ഡയലോഗ് നേരത്തെ ഉണ്ടായിരുന്നില്ല.

പക്ഷേ ആ മൂഡില്‍ എനിക്ക് ചിരിയൊന്നും വന്നില്ല. എനിക്ക് ശരിക്കും എന്റെ വീട്ടില്‍ ഒരാള്‍ കയറി വന്ന് എന്നെ കയറിപ്പിടിക്കുന്നു എന്ന രീതിയിലാണ് തോന്നിയത്.

അപ്പോള്‍ ഏത് സ്ത്രീയാണെങ്കിലും അങ്ങനെയല്ലേ റിയാക്ട് ചെയ്യുക. നമ്മളെ കയറിപ്പിടിച്ചാല്‍ നമ്മള്‍ തള്ളിമാറ്റും. ആ ഒരു റിയാക്ഷനാണ് എനിക്കും വന്നത്.

പക്ഷേ കട്ട് വിളിച്ചപ്പോഴേക്ക് സെറ്റില്‍ ബാക്കിയെല്ലാവരും ചിരിക്കാന്‍ തുടങ്ങി. എനിക്ക് അപ്പോഴും ചിരിയൊന്നും വന്നില്ല. അതിന് ശേഷം ഷറഫു വന്നിട്ട് കുഴപ്പമൊന്നും ഇല്ലല്ലോ എന്ന് ചോദിച്ചു. ഇല്ല എന്ന് പറഞ്ഞു. സിനിമയ്ക്ക് അത് കറക്ടായിരുന്നു.

പടക്കളം കണ്ട ശേഷം സൂക്ഷ്മദര്‍ശിനിയുടെ റൈറ്റര്‍ എന്നെ വിളിച്ചിരുന്നു. സാധാരണ അങ്ങനെ ഒരു ഡയലോഗ് വരുമ്പോള്‍ ആള്‍ക്കാര്‍ക്ക് അതൊരു വൃത്തികെട്ട തമാശയായി തോന്നുമെന്നും എന്നാല്‍ ഇതിന് അത് തോന്നിയില്ലെന്നും പുള്ളി പറഞ്ഞു.

പിന്നെ ആ സീന്‍ എടുത്തതിന്റെ ഗുണം അതിനുണ്ട്. നമുക്ക് എത്ര ആലോചിച്ചിട്ടും അതൊരു വൃത്തികേടായിട്ടുള്ള സ്‌പേസില്‍ പറഞ്ഞതായി തോന്നുന്നില്ല. അത് ഭയങ്കര രസമുണ്ട് എന്ന് പറഞ്ഞു.

എനിക്ക് പക്ഷേ അത് കഴിഞ്ഞിട്ടും വലിയൊരു ചിരിയൊന്നും വന്നില്ലായിരുന്നു. കാരണം ആ മൂഡ് അങ്ങനെയാണല്ലോ. നമ്മുടെ കയ്യില്‍ നിന്ന് പോവുമല്ലോ.

പണ്ട് നമ്മള്‍ ടിവിയില്‍ കണ്ട സത്യന്‍ അന്തിക്കാട്, ശ്രീനിവാസന്‍ സിനിമകളിലെ ചില ഡയലോഗുകള്‍ നമ്മള്‍ ഇന്നും പറയില്ലേ. ഞാന്‍ അത് ആലോചിക്കുമായിരുന്നു.

ആ ഡയലോഗുകള്‍ ഈ കഥാപാത്രങ്ങളുടെ ലൈഫ് കൂട്ടുകയല്ലേ എന്ന്. ഏത് സിനിമയാണെന്ന് പോലും നമുക്ക് ചിലപ്പോള്‍ ഓര്‍മയുണ്ടാകില്ല. പക്ഷേ ഡയലോഗ് നമ്മള്‍ ഓര്‍ക്കും.

മതിലുകളിലെ കെ.പി.എസ്.സി ലളിത ചേച്ചിയുടെ ഡയലോഗുകള്‍ കേള്‍ക്കുമ്പോള്‍ എനിക്ക് അത് തോന്നുമായിരുന്നു. ആവേശത്തിലെ ചോട്ടാ മുംബൈ പോലുള്ള ഡയലോഗുകള്‍ ആളുകള്‍ എന്നെ കാണുമ്പോള്‍ പറയും.

അതിലൊക്കെ ഞാന്‍ ഭയങ്കര ഹാപ്പിയാണ്. അതുപോലെ ആവേശത്തിലെ ‘എടാ എടാ സുന്ദരന്മാരെ’ എന്നതൊക്കെ ജീത്തു എന്റെ അടുത്ത് വന്ന് സ്‌പോട്ടില്‍ പറഞ്ഞ ഡയലോഗാണ്. എനിക്ക് അത് പറഞ്ഞെങ്കിലും വലിയ സുഖം തോന്നിയിരുന്നില്ല. പക്ഷേ ആളുകള്‍ക്ക് അത് ഇഷ്ടമായി,’ പൂജ പറയുന്നു.

Content Highlight: Actress Pooja Mohanraj about Padakkalam Movie and Sharaffudheen Dialogue

We use cookies to give you the best possible experience. Learn more