കേരള ബോക്സ് ഓഫീസിൽ നിന്ന് ഇൻഡസ്ട്രി ഹിറ്റും ആഗോളതലത്തിൽ 300 കോടിയിലധികം കളക്ഷനും നേടി സ്വപ്നക്കുതിപ്പ് നടത്തിയ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത സിനിമയാണ് ബെത്ലഹേം കുടുംബ യൂണിറ്റ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ നിവിൻ പോളിയും മമിത ബൈജുവും പ്രധാനവേഷത്തിലെത്തിയ ചിത്രം ഏജ്-ഗ്യാപ് റൊമാൻസിനെ പശ്ചാത്തലമാക്കിയായിരുന്നു സംവിധായകൻ ഒരുക്കിയത്.
ചിത്രത്തിലെ നിവിനും മമിതയും തമ്മിലുള്ള കോമ്പോയെ പ്രേക്ഷകർ ഏറ്റെടുത്തതോടെ ലോകഃയെയും വെട്ടി മലയാളത്തിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമെന്ന നേട്ടമാണ് ഇപ്പോൾ ബെത്ലഹേം സ്വന്തമാക്കിയിരിക്കുന്നത്.

ബെത്ലഹേം കുടുംബ യൂണിറ്റ്, മഞ്ജുശ്രീ. Photo. Screen Grab/ Youtube
ചിത്രത്തിന്റെ ഒ.ടി.ടി റീലിസിനു പിന്നാലെയും സിനിമയെ കുറിച്ചുള്ള ചർച്ചകളും ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ്. ഇപ്പോഴിതാ തന്റെ കഥാപാത്രം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് കുഞ്ഞാന്റിയുടെ ഒരു ഡയലോഗിലൂടെയാണെന്ന് പറയുകയാണ് താരം. ‘അപ്പുറത്തെ പെൺകുട്ടിക്ക് നിന്നെ നോട്ടമുണ്ട്, ആർക്കാ ബിജി ചേച്ചിക്കോ?’ എന്ന സംഭാഷണത്തിലൂടെയാണ് ബിജി ആരാണെന്ന് പ്രേക്ഷകർക്ക് വ്യക്തമായതെന്നാണ് മഞ്ജുശ്രീ പറയുന്നത്. ഒ.ടി.ടി. റിലീസിന് പിന്നാലെ തന്റെ കഥാപാത്രത്തെക്കുറിച്ച് നിരവധി പേർ എഴുതുകയും ചർച്ച ചെയ്യുകയും ചെയ്തത് അത്ഭുതത്തോടെയാണ് കണ്ടതെന്നും താരം പറഞ്ഞു.
‘ബിന്ദു ചേച്ചിയുടെ കഥാപാത്രമായ കുഞ്ഞാന്റി ആ ഡയലോഗ് പറയുമ്പോഴാണ് എന്റെ കഥാപാത്രം കുറച്ചുകൂടി രജിസ്റ്റർ ചെയ്യുന്നത്. അപ്പുറത്തെ പെൺകുട്ടിക്ക് നിന്നെ നോട്ടമുണ്ട്, ആർക്കാ ബിജി ചേച്ചിക്കോ? എന്ന് പറയുമ്പോൾ, ബിജി ചേച്ചി ആരാണെന്ന് ജസ്റ്റിൻ എന്ന കഥാപാത്രം പറയുന്നതിലൂടെയാണ് പ്രേക്ഷകർക്ക് മനസിലാകുന്നത്. അവിടെനിന്നാണ് ബിജി ഇതാണെന്ന് എല്ലാവർക്കും വ്യക്തമായതെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്,’ മഞ്ജുശ്രീ പറഞ്ഞു.
ഒ.ടി.ടി. റിലീസിന് ശേഷം ബിജി എന്ന അമ്മ കഥാപാത്രത്തെക്കുറിച്ച് നിരവധി പേർ സമൂഹമാധ്യമങ്ങളിൽ എഴുതിയത് ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും മഞ്ജുശ്രീ പറയുന്നു. ചിത്രത്തിൽ അഭിനയിക്കുമ്പോൾ ഇത്രയധികം ചർച്ചകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും തന്റെ ഫീഡിൽ ഇത്തരം കുറിപ്പുകളും വാർത്തകളും കണ്ടപ്പോൾ അത്ഭുതം തോന്നിയെന്നും താരം വ്യക്തമാക്കി.
‘ഒരുപാട് പേർ ആ ഡയലോഗ് എടുത്തുപറയുകയും അമ്മ എന്ന കഥാപാത്രത്തെക്കുറിച്ച് എഴുതുകയും ചെയ്തിട്ടുണ്ട്. നമ്മൾ ഇതൊന്നും പ്രതീക്ഷിക്കുന്നില്ലല്ലോ. അതുകൊണ്ടുതന്നെ ഇതൊക്കെ അത്ഭുതത്തോടെയാണ് കണ്ടത്. എന്റെ ഫീഡിൽ ഇങ്ങനെയുള്ള വാർത്തകൾ വരുമ്പോൾ, ‘ഇതൊക്കെ ഇങ്ങനെയാണല്ലേ’ എന്നൊക്കെ തോന്നിപ്പോയി,’ മഞ്ജുശ്രീ പറഞ്ഞു.

ബെത്ലഹേം കുടുംബ യൂണിറ്റ്, മഞ്ജുശ്രീ. Photo. Screen Grab/ Youtube
സിനിമയിലെ കഥാപാത്രങ്ങളെയും സംഭാഷണങ്ങളെയും പ്രേക്ഷകർ പല രീതിയിൽ വ്യാഖ്യാനിക്കുന്നുണ്ടെന്നും താരം അഭിപ്രായപ്പെട്ടു. ഒരേ കഥാപാത്രത്തെക്കുറിച്ച് പലർക്കും വ്യത്യസ്തമായ കാഴ്ചപ്പാടുകളുണ്ടാകുമെന്നും ഓരോരുത്തരും അവരുടേതായ രീതിയിൽ സിനിമയെ സമീപിക്കുമെന്നും മഞ്ജുശ്രീ കൂട്ടിച്ചേർത്തു.
Content Highlight:Actress Manjushree Nair stated that her character gained more attention thanks to a dialogue by Nivin Pauly
