തനിക്ക് ഏറെ ഇഷ്ടപ്പെട്ട നടനെ കുറിച്ചും നടിയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മമിത ബൈജു.
കുട്ടിക്കാലം തൊട്ടേ സിനിമയോട് വലിയ താത്പര്യമുള്ള ആളായിരുന്നു താനെന്നും റോ കോം ഴോണറില്‍ വരുന്ന സിനിമകളോടായിരുന്നു എന്നും ഇഷ്ടമെന്നും താരം പറയുന്നു.
ഒപ്പം തനിക്ക് ക്രഷ് തോന്നിയ നടനെ കുറിച്ചുമൊക്കെ ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മമിത പറയുന്നു.
‘റോം കോം സിനിമകള്‍ എനിക്ക് ഭയങ്കര ഇഷ്ടമുള്ള ഴോണറാണ്. പണ്ടുതൊട്ടേ, കുഞ്ഞിലേ തൊട്ടേ എപ്പോഴും കാണുന്നത് അത്തരം സിനിമകളാണ്.
ത്രില്ലര്‍ സിനിമകളൊക്കെ ഇഷ്ടമാണ്. പക്ഷേ റോം കോമിനോട് ഒരു പ്രത്യേക ഇഷ്ടമാണ്. എന്ത് വിഷമം മനസിലുണ്ടെങ്കിലും ഉടനെ പോയി ഞാന്‍ സിനിമ കാണും. ആ രണ്ടര മണിക്കൂര്‍ നമ്മള്‍ ഔട്ട് ഓഫ് വേള്‍ഡ് ആണ്.
കഹോന പ്യാര്‍ ഹെ കണ്ട ഓര്‍മയൊക്കെ ഇപ്പോഴും ഉണ്ട്. എനിക്കറിയില്ല ഈ ഷൂട്ടിങ് പ്രൊസസൊക്കെ എങ്ങനെ ആണെന്ന്. ഈ സാധനം അവര്‍ ലൈവായി ഷൂട്ട് ചെയ്തുകൊണ്ടിരിക്കുകയാണ് നമ്മള്‍ അത് കണ്ടോണ്ടിരിക്കുന്നു എന്ന രീതിയിലാണ് അന്നൊക്കെ സിനിമ കണ്ടത്.
സിനിമ എന്താണെന്ന് അറിയാനൊക്കെ അപ്പോള്‍ തൊട്ടേ ആഗ്രഹമുണ്ട്. കഹോന പ്യാര്‍ ഹെ പാട്ടൊക്കെ ഒരുപാട് കേട്ടിട്ടുണ്ട്. അന്ന് തൊട്ടേ തുടങ്ങിയതാണ് ഋത്വിക് റോഷനോടുള്ള ക്രഷ്. പുള്ളി അതില്‍ മരിക്കുന്നുണ്ടല്ലോ. അപ്പോള്‍ ഭയങ്കര സങ്കടമായി.
സിനിമയെ പണ്ടുമുതലേ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. പ്രത്യേകിച്ച് ഈ നായികമാരെയൊക്കെ കാണുമ്പോഴേക്കും അവരെ നോക്കി ഇങ്ങനെ ഇരിക്കില്ലേ.
പണ്ടൊക്കെ അസിനെ ഭയങ്കര ഇഷ്ടമായിരുന്നു. അവരുടെ ഏത് പടം ഇറങ്ങിയാലും കാണും. അവരെപ്പോലെ ആക്ട് ചെയ്യാനൊക്കെ ശ്രമിക്കുമായിരുന്നു.
പിന്നെ എനിക്കൊരു സിനിമാ ബാക്ക് ഗ്രൗണ്ടൊന്നും ഇല്ലല്ലോ. അത് എന്റെ ലോകം അല്ല എന്ന തോന്നലുണ്ടായിരുന്നു. പപ്പ ഡോക്ടര്‍ ആയതുകൊണ്ട് ആ രീതിയിലേക്ക് പോകാനാണ് ശ്രമിച്ചത്.
പിന്നെ യാദൃശ്ചികമായി സിനിമയിലേക്കെത്തി. പഠിത്തത്തിനൊപ്പം സിനിമയും എന്ന രീതിയില്‍ ചെറുതായിട്ട് ചെയ്യാമെന്ന് കരുതി. സര്‍വ്വോപരിപാലക്കാരനിലേക്ക് ഓഡിഷന്‍ വഴി എത്തി. പിന്നെ ആസിഫ് അലിയുടെ സഹോദരിയായിട്ട് ഹണീബി 2 വിലേക്ക് വിളിച്ചു. അപ്പോള്‍ ഞാന്‍ ഭയങ്കരമായി ത്രില്ലടിച്ചു.
ആസിക്കയെ കാണാന്‍ പറ്റുക എന്ന് പറയുന്നത് തന്നെ വലിയ സംഭവമല്ലേ. സിനിമാ ഫീല്‍ഡിലേക്ക് പൂര്‍ണമായി പോകാമെന്ന തോട്ട് അപ്പോഴും ഉണ്ടായിരുന്നില്ല.
പ്ലസ് ടു കഴിഞ്ഞപ്പോള്‍ സിനിമ മാറ്റിവെച്ചിട്ട് പഠനത്തിലേക്ക് മാറണമെന്ന് പറഞ്ഞു. അപ്പോഴാണ് സിനിമ എത്രത്തോളം ഇഷ്ടമാണെന്ന് എനിക്ക് മനസിലായത്. അത് എനിക്ക് വിടാന്‍ പറ്റുന്നുണ്ടായിരുന്നില്ല.
പക്ഷേ പഠിത്തവും ഭയങ്കര ഇഷ്ടമാണ്. സയന്‍സൊക്കെ ഇഷ്ടമാണ്. അതോടെ പഠിത്തവും സിനിമയും ഒന്നിച്ചുകൊണ്ടുപോകാന്‍ തീരുമാനിച്ചു.’ മമിത പറഞ്ഞു.
Content Highlight: Actress Mamitha Baiju about her Favourite actors and actress