| Saturday, 14th June 2025, 3:51 pm

പൃഥ്വിരാജിന്റെ കുഞ്ഞനിയത്തിയെ പോലെ തന്നെയാണ് അവള്‍, അങ്ങനെ വരാന്‍ കുറച്ച് പാടാണ്: മല്ലിക സുകുമാരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മല്ലിക സുകുമാരന്‍ ഒരു മികച്ച കഥാപാത്രവുമായി എത്തുന്ന ചിത്രമാണ് വിപിന്‍.എസ് സംവിധാനം ചെയ്യുന്ന വ്യസന സമേതം ബന്ധുമിത്രാദികള്‍.

ചിത്രത്തില്‍ അനശ്വരയുടേയും മല്ലിക സുകുമാരന്റേയും ഒരു ഗംഭീര കോമ്പോ തന്നെയുണ്ട്. കൊച്ചുമകളായ അനശ്വരയുടെ കഥാപാത്രത്തിന് എല്ലാ പിന്തുണയും കൊടുത്ത് കൂടെ നില്‍ക്കുന്ന ഒരു വൈബ് മുത്തശിയായാണ് മല്ലിക സുകുരമാരന്‍ ചിത്രത്തില്‍ എത്തുന്നത്.

ഗുരുവായൂരമ്പലനടയില്‍ എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ സഹോദരിയുടെ വേഷത്തിലാണ് അനശ്വര എത്തിയത്. ചിത്രത്തെ കുറിച്ചും പൃഥ്വി-അനശ്വര കോമ്പോയെ കുറിച്ചുമൊക്കെ പറയുകയാണ് മല്ലിക സുകുമാരന്‍.

പൃഥ്വിരാജിന്റെ കുഞ്ഞനിയത്തിയെ പോലെ തന്നെയാണ് സിനിമ കണ്ടപ്പോള്‍ അനശ്വരയെ തനിക്ക് തോന്നിയതെന്നും അങ്ങനെ സിങ്ക് ആയി വരാന്‍ കുറച്ച് പാടാണെന്നും മല്ലിക സുകുമാരന്‍ പറയുന്നു. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മല്ലിക.

‘ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു ഇവരുടെ കോമ്പോ. ശരിക്കും നിന്റെ ഒരു കുഞ്ഞനിയത്തിയെ പോലെ തോന്നിയെന്ന് ഞാന്‍ പറഞ്ഞിരുന്നു. അങ്ങനെ സിങ്ക് ആയി വരാനൊക്കെ പാടാണ്.

അങ്ങനാണ് ഇങ്ങനാണ് എന്നൊക്കെ പറയുന്ന, വേണ്ട മോളെ എന്ന് പറയുമ്പോള്‍ എനിക്ക് വേണം എന്ന് പറയുന്ന ഒരു ക്യാരക്ടര്‍. എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ട പടമാണ് അത്.

എനിക്ക് അനശ്വരയെ ഭയങ്കര ഇഷ്ടമാണെന്ന് ഞാന്‍ രാജുവിനോടും പറയാറുണ്ട്. ഇവരുടെ കൂടി കൂടുമ്പോള്‍ നമ്മളും കൂടി ചെറുപ്പാകും.

പിന്നെ എനിക്ക് ഗുരുവായൂര്‍ എന്ന് കേള്‍ക്കുന്നത് തന്നെ എനിക്കൊരു വീക്ക്‌നെസാണ്. പടം കണ്ട ശേഷം മോനെ, നല്ല പടമാണ് കേട്ടോ എന്ന് പറഞ്ഞു. ഇതൊക്കെയേ അമ്മയ്ക്ക് പിടിക്കൂ എന്ന് അവന്‍ തന്നെ പറയും.

അതുപോലെ വിപിന്റെ സിനിമകളെല്ലാം എനിക്ക് ഇഷ്ടമാണ്. ജയഹേ ആണെങ്കിലും ഗുരുവായൂരാണെങ്കിലുമൊക്കെ. നല്ല ക്രാഫ്റ്റുള്ള ആളാണെന്ന് മനസിലായിരുന്നു.

ഞാന്‍ വലിയ ഫാനാണെന്ന് ഇടയ്ക്ക് പറയുമായിരുന്നു. അങ്ങനെയാണ് എന്നെ അഭിനയിക്കാന്‍ വിളിക്കുന്നത്,’ മല്ലിക സുകുമാരന്‍ പറഞ്ഞു.

മല്ലികാമ്മ സെറ്റില്‍ വരുമ്പോള്‍ തന്നെ എല്ലാവര്‍ക്കും ഒരു എനര്‍ജിയാണെന്നായിരുന്നു ഇതോടെ അനശ്വര പറഞ്ഞത്. ‘എല്ലാവര്‍ക്കും ഭയങ്കര ഇഷ്ടമാണ് ചേച്ചി. ചേച്ചി വരുമ്പോള്‍ തന്നെ സെറ്റ് ഓണാണ്.

ഒരുപാട് നല്ല ആര്‍ടിസ്റ്റുകള്‍ ഈ സിനിമയിലുണ്ട്. എല്ലാവര്‍ക്കും സ്‌ക്രീന്‍ സ്‌പേസുമുണ്ട്. ഒരു നായിക-നായകന്‍ സിനിമ എന്ന നിലയിലല്ല ഇതെടുത്തത്,’ അനശ്വര പറഞ്ഞു.

Content Highlight: Actress Mallika Sukumaran about Anaswara Rajan and Prithviraj Combo

We use cookies to give you the best possible experience. Learn more