| Thursday, 15th May 2025, 8:00 pm

അച്ഛന്റെ മരണത്തില്‍ ഇപ്പോഴും എനിക്കൊരു ക്ലാരിറ്റിയില്ല, അമ്മയും ഞാനുമായി തുറന്നുപറച്ചിലുകളുണ്ടായിട്ടില്ല: ലിജോ മോള്‍ ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ വ്യക്തിജീവിതത്തെ കുറിച്ചും ബാല്യത്തെ കുറിച്ചും താന്‍ കടന്നുപോയ ചില ജീവിത സാഹചര്യങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ലിജോമോള്‍ ജോസ്.

തനിക്ക് ഒന്നര വയസ് പ്രായം മാത്രമുള്ളപ്പോഴാണ് അച്ഛന്റെ വേര്‍പാടെന്ന് ലിജോ മോള്‍ പറയുന്നു.

തനിക്ക് പത്ത് വയസ് പ്രായമുള്ളപ്പോഴാണ് അമ്മയുടെ ജീവിതത്തിലേക്ക് മറ്റൊരാള്‍ വരുന്നതെന്നും അന്ന് ആ വിവാഹം തനിക്ക് അംഗീകരിക്കാനായിരുന്നില്ലെന്നും അയാം വിത്ത് ധന്യമേനോന്‍ പ്രോഗ്രാമില്‍ ലിജോ മോള്‍ പറയുന്നു.

എന്നാല്‍ തിരിച്ചറിവിന്റെ പ്രായമെത്തിയപ്പോള്‍ പലതും മനസിലായെന്നും ഇന്ന് തങ്ങളുടെ ഏറ്റവും വലിയ സപ്പോര്‍ട്ട് സിസ്റ്റമായി ഇച്ചാച്ചന്‍ ഉണ്ടെന്നും ലിജോ മോള്‍ പറയുന്നു.

ഒപ്പം ഒരു കുടുംബത്തില്‍ ഓപ്പണ്‍ കമ്യൂണിക്കേഷന് എത്രമാത്രം പ്രാധാന്യം ഉണ്ടെന്നും തന്റെ കാര്യത്തില്‍ ഒരിക്കലും അത് സംഭവിച്ചിട്ടില്ലെന്നും ലിജോ പറയുന്നു.

അച്ഛന്റെ മരണകാരണം പോലും ഇപ്പോഴും തനിക്ക് അറിയില്ലെന്നും അച്ഛനെ കുറിച്ചുള്ള അമ്മയുടെ വേര്‍ഷന്‍ എന്താണെന്ന് തനിക്ക് അറിയില്ലെന്നും ലിജോ മോള്‍ പറയുന്നു.

‘ ഓപ്പണ്‍ കമ്യൂണിക്കേഷനെ കുറിച്ച് പറഞ്ഞാല്‍ എനിക്ക് തോന്നിയിട്ടുള്ളത് അമ്മയ്ക്കും അങ്ങനെ ഒരു സ്‌പേസ് ഉണ്ടായിരിക്കില്ല എന്നാണ്. എന്റെ അച്ഛന്‍ എങ്ങനെ മരിച്ചുവെന്നതില്‍ എനിക്ക് ഒരു ക്ലാരിറ്റില്ല.

വീട്ടില്‍ ഓപ്പണ്‍ കമ്യൂണിക്കേഷന്‍ ഉണ്ടായിട്ടില്ല. ഒരുപക്ഷേ ഞാനും എന്റെ അനുജത്തിയും വളരെ ചെറിയ കുട്ടികളായിരുന്നതുകൊണ്ട് അമ്മയ്ക്ക് അത് പറഞ്ഞുതരാന്‍ പറ്റിയിട്ടുണ്ടാവില്ല.

എനിക്ക് ഒരു പത്ത് വയസുള്ളപ്പോള്‍, അമ്മ രണ്ടാമത് കല്യാണം കഴിച്ച സമയത്തും ഇതിനെ കുറിച്ചൊന്നും പറഞ്ഞു മനസിലാക്കി തരാന്‍ പറ്റിയിട്ടില്ല. അല്ലെങ്കില്‍ പറഞ്ഞ് മനസിലാക്കിത്തരാന്‍ ശ്രമിച്ചാലും ആ പ്രായത്തിലേക്ക് ഞങ്ങള്‍ എത്തിയിട്ടില്ല.

പിന്നെ അതങ്ങനെ വിട്ടുപോയി. കുറേക്കാര്യങ്ങള്‍ ഇരുന്നൊന്ന് സംസാരിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ തമ്മിലുള്ള റിലേഷന്‍ഷിപ്പ് കുറച്ചുകൂടിയൊക്കെ ബെറ്റര്‍ ആയേനെ എന്ന് തോന്നിയിട്ടുണ്ട്.

ഇത്രയും കാലം കഴിഞ്ഞ് ഇനി ഞാന്‍ അച്ഛനെ കുറിച്ച് ചോദിച്ചാല്‍ അമ്മയ്ക്ക് വിഷമമാകുമോ എന്നതായിരുന്നു എന്റെ കണ്‍സേണ്‍. ഒരു ടീനേജ് പ്രായമൊക്കെ കഴിഞ്ഞ സമയത്ത് എനിക്ക് അമ്മയോട് ചോദിക്കണമെന്നുണ്ടായിരുന്നു.

പലരും പറഞ്ഞ, പലരുടേയും പെര്‍സ്‌പെക്ടീവ്‌സില്‍ നിന്നുള്ള കാര്യങ്ങള്‍ കേട്ടിട്ടുള്ള ഒരു ഇമേജാണ് എനിക്ക് എന്റെ അച്ഛനെ കുറിച്ചുള്ളത്. എനിക്കത് എക്‌സ്പീരിയന്‍സ് ചെയ്യാന്‍ പറ്റിയിട്ടില്ല. അച്ഛനെ കുറിച്ചുള്ള അമ്മയുടെ വേര്‍ഷന്‍ എന്താണെന്ന് സത്യത്തില്‍ എനിക്കറിയില്ല.

ഇതെനിക്ക് ചോദിക്കണം, അറിയണം എന്ന് തോന്നിയ പ്രായത്തില്‍ എനിക്ക് ചോദിക്കാന്‍ ബുദ്ധിമുട്ടുണ്ടായ കാര്യം അമ്മയ്ക്ക് ഒരു ഫാമിലിയുണ്ട് ഹസ്‌ബെന്‍ഡുണ്ട് എന്നതായിരുന്നു.

ഇപ്പോള്‍ ഞാന്‍ എന്റെ അച്ഛനെ കുറിച്ച് ചോദിച്ചാല്‍ അമ്മയ്ക്ക് വിഷമമാകുമോ എന്നതായിരുന്നു എന്റെ കണ്‍സേണ്‍. അതുകൊണ്ട് അങ്ങനെ ഒരു കമ്യൂണിക്കേഷന്‍ ഉണ്ടായിട്ടില്ല,’ ലിജോ മോള്‍ പറയുന്നു.

Content Highlight: Actress Lijomol Jose share her personal life and Struggles

We use cookies to give you the best possible experience. Learn more