കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ലിജോമോൾ. ജയ് ഭീം, പൊന്മാൻ, ദാവീദ്, സംശയം തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ തമിഴ് സിനിമകളിലും ശ്രദ്ധേയമായ താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ബത്തയാണ്. വിജയ് സേതുപതി നായകനായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബാലാജി തരണീധരാനാണ്.
ഇപ്പോഴിതാ ബത്തയുടെ വിജയാഘോഷത്തിൽ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷവും അണിയറപ്രവർത്തകരോടുള്ള നന്ദിയും പങ്കുവെക്കുകയാണ് നടി ലിജോ മോൾ. വിജയ് സേതുപതിയുടെ അഭിനയമികവും സഹതാരങ്ങളോട് അദ്ദേഹം കാണിക്കുന്ന ബഹുമാനവും തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും നടി പറഞ്ഞു.

‘ഇപ്പോൾ എവിടെ നോക്കിയാലും ‘കോളിവുഡ് ഹീലിങ്’ എന്നുപറഞ്ഞുള്ള റീൽസുകളാണ് കാണുന്നത്. ഇവിടെ ഒരുപാട് നല്ല സിനിമകൾ ഉണ്ടാകുന്നുണ്ട്. അതൊക്കെ കാണുമ്പോൾ ഭയങ്കര സന്തോഷമാണ്. ഈ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിലും ഒരുപാട് അഭിമാനവും സന്തോഷവുമുണ്ട്,’ താരം പറഞ്ഞു.
ചിത്രത്തിന്റെ സംവിധായകൻ ബാലാജി സാറിനോടും താരം നന്ദി പറഞ്ഞു. ഷൂട്ടിങ് സമയത്തും അല്ലാതെയും ഒരുപാട് കാര്യങ്ങൾ പറഞ്ഞുതന്നിട്ടുണ്ടെന്നും അതിന് നന്ദിയുണ്ടെന്നും ലിജോ മോൾ വ്യക്തമാക്കി.
വിജയ് സേതുപതിയെക്കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹത്തോടുള്ള ബഹുമാനമാണ് തനിക്ക് ഭയമായി തോന്നുന്നതെന്നന്നും താരം പറഞ്ഞു.
‘വിജയ് സേതുപതി സാറിനെക്കുറിച്ച് എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല. അദ്ദേഹത്തെ കാണുമ്പോഴൊക്കെ എനിക്ക് ഭയമാണ്. അത് അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ടാണ്. അദ്ദേഹത്തിന്റെ അഭിനയമികവും ആ മാജിക്കും അടുത്തുനിന്ന് കാണാൻ കഴിഞ്ഞത് എനിക്ക് വലിയ സന്തോഷവും നല്ലൊരു അനുഭവവുമാണ്. കൂടെ അഭിനയിക്കുന്നവർക്ക് അദ്ദേഹം നൽകുന്ന ബഹുമാനവും സ്വാതന്ത്ര്യവും കാണുമ്പോൾ അത്ഭുതം തോന്നിയിട്ടുണ്ട്,’ ലിജോ മോൾ പറഞ്ഞു.

ബത്ത. Photo. IMDb
മ്യൂസിക് ഡയറക്ടർ സായിയെയും അഭിനന്ദിച്ചുകൊണ്ടാണ് താരം വാക്കുകൾ അവസാനിപ്പിച്ചത്. ‘സായിയെക്കുറിച്ച് എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല. പക്ഷേ, നിനക്ക് നല്ലൊരു ഭാവിയുണ്ട്,’ എന്നായിരുന്നു ലിജോ മോളുടെ വാക്കുകൾ.
Content Highlight: Actress Lijo Mol shares her joy at having been a part of the film, as well as her gratitude towards the crew, during the success celebration of ‘Batha’
