96 എന്ന ഒരൊറ്റ ചിത്രത്തിലൂടെ തന്നെ തെന്നിന്ത്യയൊട്ടാകെ വലിയ ശ്രദ്ധ നേടിയ നടിയാണ് ഗൗരി ജി. കിഷൻ. ആ സിനിമയിൽ തൃഷയുടെ ചെറുപ്പമായിരുന്നു ഗൗരി അവതരിപ്പിച്ചത്. ചിത്രത്തിലെ ഗൗരിയുടെ അഭിനയത്തിന് മികച്ച പ്രതികരണവും ലഭിച്ചിരുന്നു.

2021ൽ സണ്ണി വെയ്ൻ നായകനായ അനുഗ്രഹീതൻ ആന്റണി എന്ന ചിത്രത്തിലൂടെയാണ് നടി മലയാള സിനിമയിലേക്ക് എത്തുന്നത്. ശേഷം മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിൽ ഗൗരി നായികയായി അഭിനയിച്ചിട്ടുണ്ട്.

ഗൗരി ജി. കിഷൻ.Photo. Screen Grab/ Youtube

 

ഇപ്പോഴിതാ എട്ട് വർഷമായി സിനിമയിൽ സജീവമാണെങ്കിലും മലയാളത്തിൽ തനിക്ക് വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ലെന്ന് പറയുകയാണ് നടി ഗൗരി കിഷൻ. 96 എന്ന തമിഴ് ചിത്രം വലിയ വിജയമായതോടെ മലയാളികൾക്കിടയിലും തനിക്ക് തമിഴ് പെൺകുട്ടിയുടെ ഇമേജാണ് ലഭിച്ചതെന്നും മലയാള സിനിമയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹമെന്നും ഗൗരി പറയുന്നു. ഒരേ അഭിനേതാക്കളെ വീണ്ടും വീണ്ടും പരീക്ഷിക്കുന്നതിന് പകരം പുതിയ ആളുകൾക്കും അവസരം നൽകാൻ സംവിധായകർ തയ്യാറാകണമെന്നും താരം അഭിപ്രായപ്പെട്ടു.

‘മലയാളികൾക്കിടയിൽ ഇപ്പോഴും എനിക്ക് തമിഴ് പെൺകുട്ടിയുടെ ഇമേജാണ്. 96 അത്രയും ഹിറ്റായതുകൊണ്ട് ഇപ്പോഴും ഇവിടെയുള്ള പലരും എന്നോട് ചോദിക്കാറുണ്ട്, ഗൗരി മലയാളിയാണോ എന്ന്. മലയാളത്തിൽ ഫോക്കസ് ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.

എവിടെ പോയാലും ആളുകൾ മലയാള സിനിമയെക്കുറിച്ചാണ് സംസാരിക്കുന്നത്. അതുകൊണ്ടുതന്നെ മലയാളത്തിൽ കൂടുതൽ സിനിമകൾ ചെയ്യാൻ ആഗ്രഹമുണ്ട്. സ്റ്റീരിയോടൈപ്പ് ആകാത്ത തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം,’ നടി പറഞ്ഞു.

മലയാള സിനിമയിൽ സംവിധായകർ തങ്ങൾക്ക് പരിചയമുള്ള അഭിനേതാക്കളെ വീണ്ടും വീണ്ടും തെരഞ്ഞെടുക്കുന്ന പ്രവണതയുണ്ടെന്നും ഗൗരി ചൂണ്ടിക്കാട്ടുന്നു. പുതിയ അഭിനേതാക്കളെ പരീക്ഷിക്കാൻ സംവിധായകർ തയ്യാറാകുമ്പോഴാണ് സിനിമകളിൽ കൂടുതൽ വ്യത്യസ്തത കൊണ്ടുവരാൻ കഴിയുകയെന്നും താരം പറയുന്നു.

96.Photo. Screen Grab/ Youtube

‘മലയാളത്തിൽ മിക്ക സംവിധായകർക്കും ഒരു കംഫർട്ട് ഗ്രൂപ്പുണ്ട്. ആ ഗ്രൂപ്പിലുള്ളവരെത്തന്നെയാണ് പലരും വീണ്ടും വീണ്ടും അഭിനയിപ്പിക്കുന്നത്. അങ്ങനെയുള്ള സംവിധായകർ പുതിയ ആളുകളെ പരീക്ഷിക്കാൻ തുടങ്ങുമ്പോഴല്ലേ വ്യത്യസ്തത വരുന്നത്,’ ഗൗരി പറഞ്ഞു.

Content Highlight: Actress Gouri Kishan says that although she has been active in cinema for eight years, she has not received the recognition she deserves in the Malayalam film industry