2019ല്‍ പുറത്തിറങ്ങി മലയാളത്തില്‍ വലിയ വിജയമായി മാറിയ തണ്ണീര്‍ മത്തന്‍ ദിനങ്ങളിലൂടെ ഗിരീഷ് എ.ഡി അവതരിപ്പിച്ച അഭിനേതാക്കാളില്‍ ഒരാളാണ് ഗോപിക രമേശ്. ചിത്രത്തിലെ സ്റ്റെഫി എന്ന കഥാപാത്രപത്തിലൂടെ ശ്രദ്ധേയായ ഗോപിക, വാങ്ക്, ഡ്രാഗണ്‍, ഫോര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെയെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതയാകുകയായിരുന്നു. താരത്തിന്റേതായി അടുത്തിടെ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത് നസ്‌ലെന്‍ നായകനായ മോളിവുഡ് ടൈംസ്.
ചിത്രത്തില്‍ ഹന ഷാജഹാന്‍ എന്ന ഗോപിക കൈകാര്യം ചെയ്ത കഥാപാത്രത്തിന് വലിയ പ്രശംസയായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ചിത്രത്തിനായി ശരീരഭാരം കുറച്ചതിനെ കുറിച്ച് താരം പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഷോ സ്‌കേപ് ജേണലിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ ഇതുവരെ അഭിനയിച്ച ചിത്രങ്ങളെല്ലാം തന്റെ സ്വപ്രയത്‌നം കൊണ്ട് നേടിയെടുത്തതാണെന്ന് പറയുകയാണ് താരം.
‘ഞാന്‍ ഇതുവരെ ചെയ്തിട്ടുള്ള എല്ലാ ചിത്രങ്ങളും ഓഡിഷന്‍ ചെയ്തിട്ടാണ് എനിക്ക് ലഭിച്ചിട്ടുള്ളത്. തണ്ണീര്‍ മത്തന്‍ തൊട്ട് അങ്ങനെയാണ്. തണ്ണീര്‍ മത്തന്‍, ഐഡന്റിറ്റി, സ്വീറ്റ് ഹാര്‍ട്ട്, ഇപ്പോള്‍ ചെയ്യാന്‍ പോകുന്ന തമിഴ് ചിത്രം തുടങ്ങി എല്ലാം ഓഡിഷനിലൂടെയാണ് കിട്ടിയിട്ടുള്ളത്. ഇതില്‍ ഡ്രാഗണ്‍ മാത്രം അവര്‍ നേരിട്ട് വിളിച്ചതായിരുന്നു. ഞാനെന്തിനാണ് ഇനി ഓഡിഷന്‍ ചെയ്യുന്നത് എന്ന ചിന്ത എനിക്ക് ഇതുവരെ വന്നിട്ടില്ല. കാരണം എന്നെ പോലെ സിനിമ ചെയ്യണം എന്നാഗ്രഹിച്ച നടക്കുന്ന കഴിവുള്ള ഒരുപാട് പേര്‍ വേറെയുമുണ്ട്.
അതുകൊണ്ട് തന്നെ ഞാന്‍ അഭിനയിച്ച ഏത് പടം എടുത്താലും എനിക്ക് ഒരു സന്തോഷം എന്ന് പറയുന്നത് അത് ഞാന്‍ നേടിയെടുത്തു എന്നതിലാണ്. അതിന്റെ ഒരു പ്രത്യേക തരം സന്തോഷം ഉള്ളിലുണ്ട്. ആദ്യകാലത്തെ പോലെയുള്ള സിറ്റുവേഷന്‍ അല്ല ഇപ്പോഴുള്ളത്. അവസരങ്ങള്‍ ഒരുപാടുണ്ട്. ആദ്യത്തെ പോലെ കുറച്ച് പേര്‍ക്ക് മാത്രമേ ഇന്‍ഡസ്ട്രിയിലേക്ക് വരാന്‍ പറ്റുള്ളൂ എന്ന കാഴ്ചപാടെല്ലാം മാറി. ഇപ്പോള്‍ ആര്‍ക്ക് വേണമെങ്കിലും വരാം. ഇന്‍ഫ്‌ളുവേഴ്‌സ് ആണ് കൂടുതലും വരുന്നത്. ഒരു സിനിമയില്‍ തന്നെ അഞ്ചാറ് പേരാണ് അരങ്ങേറ്റം കുറിക്കുന്നത്,’ ഗോപിക പറയുന്നു.
താനിപ്പോള്‍ വലിയ മാര്‍ക്കറ്റുള്ള അഭിനേത്രിയല്ലെന്നും നല്ല ചിത്രങ്ങള്‍ നല്ല സംവിധായകര്‍ക്കൊപ്പം ചെയ്ത് അങ്ങനെയൊരു മാര്‍ക്കറ്റ് ഉണ്ടാക്കി എടുക്കേണ്ടതുണ്ടെന്നും ഗോപിക പറഞ്ഞു. അതിന് വേണ്ടിയാണ് താന്‍ ഇപ്പോള്‍ വര്‍ക്ക് ചെയ്യുന്നതെന്നും അല്ലാതെ ചിന്തിച്ചിരുന്നാല്‍ ഒന്നും സംഭവിക്കില്ലെന്നും ഗോപിക കൂട്ടിച്ചേര്‍ത്തു.
Content Highlight: Actress Gopika Ramesh talks about her Film Career
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.