മലയാളി പ്രേക്ഷകരുടെ മനസിൽ എന്നും പ്രത്യേക സ്ഥാനമുള്ള നടിയാണ് ഭാവന. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ നേരിട്ടിട്ടും അതെല്ലാം ധൈര്യത്തോടെ അതിജീവിച്ച് മുന്നോട്ട് പോയ താരത്തെ മലയാളികൾ ഒരിക്കലും കൈവിട്ടിരുന്നില്ല.
നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഭാവന. തന്റെ 90-ാമത്തെ ചിത്രം അനോമിയുടെ വിശേഷങ്ങൾ ഭരദ്വാജ് രംഗനു നൽകിയ അഭിമുഖത്തിൽ പങ്കുവെക്കുന്നതിനിടെയാണ് സോഷ്യൽ മീഡിയയിലെ നെഗറ്റീവ് കമന്റുകളെക്കുറിച്ച് താരം തുറന്നുപറഞ്ഞത്.
‘എല്ലാത്തിൽ നിന്നുമകന്ന് ജീവിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. മുൻബ് ഞാൻ എക്സ്ട്രോവേർട്ടായിരുന്നു. പക്ഷേ ഇപ്പോൾ എന്റെ ജീവിതത്തിൽ ഏറ്റവും വിലയുള്ളത് മനസമാധാനമാണ്. ഞാൻ അനുഭവിക്കാനുള്ളതിന്റെ പരമാവധി അനുഭവിച്ചു കഴിഞ്ഞു. അതുകൊണ്ടുതന്നെ ഇപ്പോൾ കിട്ടിയിരിക്കുന്ന മനസമാധാനം നഷ്ടപ്പെടുത്താൻ ഞാൻ തയ്യാറല്ല. അതിനായി എന്തൊക്കെ വേണ്ടെന്ന് വെക്കണോ, അതൊക്കെ ചെയ്യും.
എന്നെ കുറിച്ച് ചിലർ മോശമായി സംസാരിക്കുന്നതിലൂടെ അവർക്ക് മനസമാധാനം കിട്ടുന്നുണ്ടെങ്കിൽ അവർ ചെയ്യട്ടെ. ചിലപ്പോൾ ഉറക്കെ ‘എന്നെ ഒന്ന് വെറുതെ വിടൂ’ എന്ന് പറയണമെന്ന് തോന്നും. പക്ഷേ ഇതൊരു ബാറ്റിൽ പോലെയാണ്. അവഗണിച്ച് ജീവിക്കുകയെന്നതാണ് നമ്മൾക്ക് ചെയ്യാൻ കഴിയുന്നത്,; ഭാവന പറഞ്ഞു.
തനിക്കിപ്പോൾ റൊമാന്റിക് കോമഡികൾ കാണാൻ കഴിയില്ലെന്നും ത്രില്ലർ സിനിമകളും ക്രൈം ഡോക്യുമെന്ററികളും വാമ്പയർ സീരീസുകളുമാണ് ഇഷ്ടമെന്നും താരം പറഞ്ഞു ‘ഒരു പത്ത് വർഷം മുൻപ് ഡോക്യുമെന്ററികൾ കാണാൻ പോലും ഇഷ്ടമില്ലായിരുന്നു. ഇപ്പോൾ അതാണ് എന്റെ റിലാക്സേഷൻ. വാമ്പയർ സീരീസുകൾ അത്രയേറെ ഇഷ്ടമാണ്. വാമ്പയർ ആകാൻ കഴിയുമോ എന്ന് ഗൂഗിളിൽ വരെ സെർച്ച് നോക്കിയിട്ടുണ്ടെന്നും ഭാവന കൂട്ടിച്ചേർത്തു.
ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നിരവധി ആരാധകർ ഭാവനയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. സിനിമയിലും ജീവിതത്തിലും തന്റെ കരുത്ത് ആവർത്തിച്ച് തെളിയിച്ചിട്ടും ഇന്നും മോശം കമന്റുകൾ നേരിടേണ്ടിവരുന്ന സാഹചര്യത്തെ ആരാധകർ ചൂണ്ടിക്കാട്ടി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.