അതിജീവിതയെ അധിക്ഷേപിച്ച കേസ്; രാഹുല്‍ ഈശ്വറിന് ജാമ്യം
Kerala
അതിജീവിതയെ അധിക്ഷേപിച്ച കേസ്; രാഹുല്‍ ഈശ്വറിന് ജാമ്യം
രാഗേന്ദു. പി.ആര്‍
Monday, 15th December 2025, 4:34 pm

തിരുവനന്തപുരം: അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ വലത് ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വറിന് ജാമ്യം. 16 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് രാഹുല്‍ ഈശ്വറിന് ജാമ്യം ലഭിക്കുന്നത്. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.

പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗികമായി ചൂഷണം ചെയ്ത യുവതിയെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചതിനാണ് രാഹുല്‍ ഈശ്വര്‍ അറസ്റ്റിലായത്. ഐഡന്റിറ്റി വെളിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമുള്ള യുവതിയുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

നിലവില്‍ കര്‍ശന ഉപാധികളോടെയാണ് രാഹുലിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. മേലാല്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ആവർത്തിക്കരുതെന്നാണ് നിർദേശം.

ഡിസംബര്‍ ഏഴിനാണ് രാഹുല്‍ ഈശ്വര്‍ അറസ്റ്റിലായത്. ബി.എന്‍.എസ് 72, 75, 79, 351 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് രാഹുലിനെതിരെ കേസെടുത്തത്. ആദ്യഘട്ടത്തിൽ ജാമ്യം ലഭിക്കുന്ന കുറ്റങ്ങളായിരുന്നു രാഹുലിനെതിരെ ചുമത്തിയിരുന്നത്.

കേസില്‍ രാഹുല്‍ ഈശ്വറിനൊപ്പം കോണ്‍ഗ്രസ് നേതാക്കളായ സന്ദീപ് വാര്യരും രജിത പുളിക്കനും കോണ്‍ഗ്രസ് അനുകൂലിയായ അഡ്വ. ദീപാ ജോസഫും പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ട്. രജിത പുളിക്കാനാണ് കേസിലെ ഒന്നാം പ്രതി.

കേസിലെ ആദ്യ അറസ്റ്റ് രാഹുല്‍ ഈശ്വറിന്റെതായിരുന്നു. വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷമാണ് രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

അതേസമയം ആദ്യ ലൈംഗിക പീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള നടപടി ഹൈക്കോടതി വ്യാഴാഴ്ച വരെ നീട്ടി. അറസ്റ്റിന് വിലക്ക് ഏര്‍പ്പെടുത്തിയ ഇടക്കാല ഉത്തരവിന്റെ കാലാവധി ഇന്നത്തോടെ അവസാനിച്ചിരുന്നു.

ഇതിനുപുറമെ രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുലിന് ഹൈക്കോടതി നോട്ടീസ് അയച്ചു. മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിചാരണ കോടതിയുടെ നടപടി റദ്ദാക്കണമെന്ന സര്‍ക്കാര്‍ അപ്പീല്‍ പരിഗണിച്ചാണ് നോട്ടീസ്. കേസ് ക്രിസ്മസിന് ശേഷം ജനുവരിയില്‍ പരിഗണിക്കും.

Content Highlight: Actress attack case, Rahul Easwar granted bail

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.