അല്ല, ട്രൂ ലവ് ഔട്ട് ഓഫ് ഫാഷനല്ല : അന്ന ബെന്‍ സംസാരിക്കുന്നു
സൗമ്യ ആര്‍. കൃഷ്ണ

“പലതന്തയ്ക്ക് പിറക്കുകയെന്നത് ടെക്നിക്കലി പോസിബിളല്ല ചേട്ടാ” എന്ന് ഒരു പെണ്‍കുട്ടി രക്ഷിതാവ് ചമയുന്ന പുരുഷനോട് മുഖത്തുനോക്കി വളരെ സിമ്പിളായി പറയുമ്പോള്‍, ഒറ്റ തന്തയ്ക്ക് പിറക്കുകയെന്നത് എന്തോ മഹത്തായ സംഭാഷണമാണെന്ന രീതിയില്‍ ആവര്‍ത്തിച്ചു പറഞ്ഞ മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയോടുള്ള മറുപടിയായി അത് മാറുകയാണ്. ശ്യാംപുഷ്‌കരന്റെ സ്‌ക്രിപ്റ്റില്‍ ഈ സംഭാഷണം സിനിമയില്‍ പറഞ്ഞത് വൈപ്പിന്‍കാരിയായ അന്ന ബെന്‍…. സിനിമയില്‍ പുതുമുഖമാണ് അന്ന ബെന്‍. എന്നാല്‍ അതിഗംഭീരമാണ് അന്നയുടെ പെര്‍ഫോമെന്‍സ്. കുമ്പളങ്ങി അനുഭവങ്ങളെക്കുറിച്ച് മുഖ്യകഥാപാത്രമായ അന്ന സംസാരിക്കുന്നു….

കുമ്പളങ്ങിയിലേക്കുള്ള അന്നയുടെ വരവ്

ഓഡീഷനിലൂടെയാണ് വന്നത്. ആഷിക് അബു ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത കാസ്റ്റിങ് കോള്‍ കണ്ട് കുറച്ചു ഫോട്ടോകള്‍ മെയില്‍ അയച്ചിരുന്നു. പെര്‍ഫോമെന്‍സ് വീഡിയോ അയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടു. അതനുസരിച്ച് ഒരു വീഡിയോയും അയച്ചുകൊടുത്തു. വീട്ടിലൊന്നും ആദ്യം പറഞ്ഞിരുന്നില്ല. പിന്നീട് ഓഡീഷന് വിളിച്ചു. അതിനുശേഷമാണ് വീട്ടില്‍ കാര്യം പറഞ്ഞത്. നിനക്ക് താല്‍പര്യമുണ്ടെങ്കില്‍ പോയ്‌ക്കോളൂവെന്നാണ് പപ്പ പറഞ്ഞത്.

ആദ്യ ഓഡീഷന്‍ കഴിഞ്ഞപ്പോള്‍ അവര് വിളിക്കാമെന്നു പറഞ്ഞു. അപ്പോഴും വലിയ പ്രതീക്ഷയുണ്ടായിരുന്നില്ല. അവരിനി വിളിക്കുകയൊന്നുമുണ്ടാവില്ലെന്ന് ഞാന്‍ അമ്മയോട് പറഞ്ഞിരുന്നു. പക്ഷേ പിന്നീട് സെലക്ട് ആയെന്നു പറഞ്ഞപ്പോള്‍ വലിയ എക്‌സൈറ്റ്‌മെന്റായിരുന്നു.

കുമ്പളങ്ങിയിലെ ഡയലോഗുകള്‍ക്കു പിന്നില്‍

നമ്മള്‍ സാധാരണ ജീവിതത്തില്‍ നമ്മള്‍ പൊതുവെ ഉപയോഗിക്കുന്ന ഡയലോഗുകളാണ് പലതും. ബേബി എന്ന കഥാപാത്രത്തിന്റെ ഫുള്‍ ക്രഡിറ്റും തിരക്കഥാ കൃത്ത് ശ്യാം പുഷ്‌കരനും സംവിധായകന്‍ മധു സി. നാരായണനുമാണ്. അവരാണ് അത്രയും റിലസ്റ്റിക്കായ കാരക്ടറിന് ലൈഫ് കൊടുത്തത്.

“യേശു നമുക്കറിയാത്ത ആളൊന്നുമല്ലല്ലോ” എന്ന ഡയലോഗാണ് വ്യക്തിപരമായി എനിക്ക് ഇഷ്ടം തോന്നിയത്. പിന്നെ “ചത്തിട്ട് റീത്ത് വെച്ചതുപോലെയുണ്ട്” എന്നതും.

പ്രേക്ഷകരുടെ പ്രതികരണം

ബാംഗ്ലൂരില്‍ നിന്നും അല്ലാതെയും ഒരുപാട് പേര്‍ വിളിച്ചിരുന്നു. സന്തോഷം അറിയിച്ചു. പടം വീണ്ടും കാണുമെന്ന് പലരും പറഞ്ഞു. ക്യാരക്ടറിനെ ആളുകള്‍ സ്വീകരിച്ചതില്‍ ഒരുപാട് സന്തോഷം തോന്നുന്നു.

ബേബിയും സിനിയും തമ്മിലുള്ള കെമിസ്ട്രി വളരെ നന്നായിരുന്നുവെന്ന് പലരും അഭിപ്രായപ്പെട്ടു. ചേച്ചിയും അനിയത്തിയും തമ്മിലുള്ള റിലേഷന്‍ വളരെ മനോഹരമായി പകര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്.

എനിക്കു തോന്നുന്നത് പടം കണ്ടിട്ട് ഏറ്റവുമധികം എക്‌സൈറ്റഡ് ആയത് പപ്പയും അമ്മയുമാണെന്നാണ്.

ഫഹദിനൊപ്പമുള്ള എക്‌സ്പീരിയന്‍സ്

അത് വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ കഴിയില്ല. ഞങ്ങള്‍ ചെയ്ത പല കോമ്പിനേഷന്‍ സീനുകളിലും അത് സീനാണോ ഫഹദ് ഫാസില്‍ അങ്ങനെ പറയുകയാണോ എന്ന കണ്‍ഫ്യൂഷനിലായിരുന്നു. അത്രയും റിയലിസ്റ്റിക്കായിരുന്നു അദ്ദേഹത്തിന്റെ ഫെര്‍ഫോമെന്‍സ്

ഷൈന്‍ നിഗം

സെറ്റില്‍ ഫുള്‍ മ്യൂസിക്കൊക്കെയായി നല്ല എനര്‍ജിയിലായിരുന്നു ഷൈന്‍. എനിക്കു തോന്നുന്നു ഷൈന്‍ ഇതുവരെ ചെയ്ത പടത്തില്‍ യഥാര്‍ത്ഥ ഷൈനിനെ അവതരിപ്പിച്ചത് ഈ പടമാണെന്നാണ്. ഷൈന്‍ വ്യക്തി ജീവിതത്തില്‍ എങ്ങനെയാണോ അതാണ് ബോബി. ബോബിയെപ്പോലെ കോമഡിയൊക്കെ പറഞ്ഞ് വളരെ രസകരമായി ഇടപെടുന്നയാളാണ് ഷൈന്‍.

സൗമ്യ ആര്‍. കൃഷ്ണ
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍ നിന്ന് ബിരുദവും കേരള മീഡിയ അക്കാദമിയില്‍ നിന്ന് ജേണലിസത്തില്‍ പി.ജി.ഡിപ്ലോമയും പൂര്‍ത്തിയാക്കി. 2018 സെപ്തംബര്‍ മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.