| Wednesday, 7th May 2025, 5:21 pm

യുദ്ധം സമാധാനം കൊണ്ടുവരില്ലെന്ന സ്റ്റോറിയുമായി നടി ആമിന നിജാം, പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ സൈബര്‍ അറ്റാക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെറിയ വേഷങ്ങളിലൂടെ സിനിമയില്‍ സജീവമായ നടിയാണ് ആമിന നിജാം. കഴിഞ്ഞ വര്‍ഷത്തെ വന്‍ ഹിറ്റുകളിലൊന്നായ ടര്‍ബോയിലൂടെയാണ് ആമിന ശ്രദ്ധിക്കപ്പെട്ടത്. നിരഞ്ജന എന്ന കഥാപാത്രം വലിയ ജനശ്രദ്ധ ആമിനക്ക് സമ്മാനിച്ചു. എന്നാല്‍ ഇപ്പോള്‍ സൈബറിടങ്ങളില്‍ വലിയ ആക്രമണമാണ് ആമിന നേരിടുന്നത്.

പഹല്‍ഗാം ഭീകരാക്രമണത്തിന് പകരമായി ഇന്ത്യന്‍ ആര്‍മി നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനിലെ സാധരണക്കാരും കൊല്ലപ്പെട്ടെന്ന വാര്‍ത്ത ആമിന തന്റെ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി ഇട്ടിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്ന് തിരിച്ചറിഞ്ഞയുടന്‍ ഡിലീറ്റാക്കുകയും ചെയ്തു. എന്നിരുന്നാലും ആമിനയുടെ പോസ്റ്റുകള്‍ക്ക് താഴെ അതിനോടകം പലരും വിമര്‍ശിച്ചുകൊണ്ട് കമന്റുകള്‍ ഇടുകയാണ്.

പിന്നാലെ, യുദ്ധത്തിനെതിരായ തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് ആമിന മറ്റൊരു സ്റ്റോറിയും തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചു. ഇന്ത്യയുടെ ഇപ്പോഴത്തെ സാമ്പത്തികസ്ഥിതി യുദ്ധത്തിന് അനുകൂലമല്ലെന്നും യുദ്ധം ഒരിക്കലും സമാധാനം കൊണ്ടുവരില്ലെന്നും ആമിന കുറിച്ചു. പഹല്‍ഗാം ആക്രമണത്തിന് തിരിച്ച് കൊല്ലുന്നതാണ് മറുപടിയെന്ന് ചിന്തിക്കുന്നവര്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുകയാണെന്നും ആമിന നിജാം പറയുന്നു.

ഇത് യുദ്ധമാണെന്നും ഇതില്‍ നഷ്ടം വരുന്നത് സാധാരണക്കാര്‍ക്കാണെന്നും ആമിന പറഞ്ഞു. ഇന്ത്യയുടെ ക്ഷേമത്തിന് വേണ്ടി മാത്രം ചിന്തിക്കുന്ന ഒരാളെന്ന നിലക്കാണ് താന്‍ ഇത്രയും പറഞ്ഞതെന്നും ഈഗോ ഹര്‍ട്ടായതുകൊണ്ടല്ല ഇത് പറയുന്നതെന്നും പറഞ്ഞുകൊണ്ടാണ് ആമിന തന്റെ വാക്കുകള്‍ അവസാനിപ്പിക്കുന്നത്.

എന്നാല്‍ ആമിന നിജമിന്റെ പോസ്റ്റുകള്‍ക്ക് താഴെ ഇതിനോടകം പല വിദ്വേഷ കമന്റുകളും വന്നുകഴിഞ്ഞു. ജിഹാദി എന്ന വിളിയും പാകിസ്ഥാനിലേക്ക് പോകാനുള്ള ആഹ്വാനവും കമന്റ് ബോക്‌സില്‍ കാണാന്‍ സാധിക്കുന്നുണ്ട്. ‘തീവ്രവാദികളെ കൊന്നപ്പോള്‍ എന്തിനാണ് കരയുന്നത്? സ്വന്തം നാട്ടിലെ 26 പേരെ കൊന്നപ്പോള്‍ ഇതൊന്നും കണ്ടില്ലല്ലോ’, ‘ഒരു ന്യൂസ് ഷെയര്‍ ചെയ്യുമ്പോള്‍ അതില്‍ എത്രമാത്രം സത്യമുണ്ടെന്ന് അന്വേഷിക്കണ്ടേ’ എന്ന് തുടങ്ങി ഒരുപാട് കമന്റുകള്‍ വരുന്നുണ്ട്.

എന്നാല്‍ പഹല്‍ഗാം ഭീകരാക്രമണ സമയത്ത് താന്‍ അതിനെ അപലപിച്ച് ഇത്തരത്തില്‍ സ്റ്റോറി പങ്കുവെച്ചെന്നും അക്കാര്യത്തില്‍ തന്നെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നവര്‍ കരുതിയിരിക്കണമെന്നും അറിയിച്ചുകൊണ്ട് ആമിന മറ്റൊരു സ്റ്റോറിയും ഇതിനോടകം പങ്കുവെച്ചിട്ടുണ്ട്. രണ്ട് സ്റ്റോറികളുടെയും സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടുത്തിക്കൊണ്ടാണ് ആമിന പുതിയ സ്റ്റോറി പങ്കുവെച്ചത്.

Content Highlight: Actress Amina Nijam facing cyber attack after she puts an Instagram story after Operation Sindoor

Latest Stories

We use cookies to give you the best possible experience. Learn more