| Tuesday, 3rd June 2025, 12:42 pm

ആ സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരണത്തിനിടെ ലാലേട്ടന്റെ തൊലി ഇളകിപ്പോയി, അദ്ദേഹത്തിന് നല്ല ടെന്‍ഷനായിരുന്നു ആ ചിത്രം ചെയ്യാന്‍: അംബിക 

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചോറ്റാനിക്കര അമ്മ എന്ന ചിത്രത്തില്‍ ബാലതാരമായി അരങ്ങേറിയ നടിയാണ് അംബിക. പിന്നീട് 1978 മുതല്‍ 1989 വരെയുള്ള കാലയളവില്‍ ഏറ്റവും തിരക്കുള്ള തെന്നിന്ത്യന്‍ നടിമാരിലൊരാളായിരുന്നു അംബിക.

1979ല്‍ പുറത്തിറങ്ങിയ നീലത്താമര എന്ന ചിത്രത്തിലെ കുഞ്ഞിമാളു എന്ന കഥാപാത്രം നടിക്ക് ഏറെ പ്രശംസ നേടിക്കൊടുത്തു. അഭിനയ ജീവിതത്തിന്റെ വിവിധ  കാലഘട്ടത്തില്‍ മുന്‍നിര നടന്മാരോടൊപ്പം നായികയായി അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ മോഹന്‍ലാലിനെക്കുറിച്ച് സംസാരിക്കുകയാണ് നടി.


രാജാവിന്റെ മകന്‍ സിനിമ ചെയ്യുന്ന സമയത്ത് ഹീറോ ആയിട്ട് അഭിനയിക്കുന്നതിന്റെ ടെന്‍ഷന്‍ മോഹന്‍ലാലിന് ഉണ്ടായിരുന്നെന്നും സിനിമയുടെ ക്ലൈമാക്‌സില്‍ വെടിവെപ്പ് ഉണ്ടായിരുന്നെന്നും അംബിക പറയുന്നു. അന്നത്തെ കാലത്ത് പൊട്ടിത്തെറിക്കുന്ന സാധനങ്ങളൊക്കെ ശരീരത്ത് വെക്കുമായിരുന്നെന്നും അങ്ങനെ ചെയ്തിട്ട് മോഹന്‍ലാലിന്റെ ശരീരത്തിലെ തൊലി ഇളകിപോയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അമൃത ടി.വിയില്‍ റെഡ് കാര്‍പ്പറ്റ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നടി.


രാജാവിന്റെ മകന്‍ വര്‍ക്ക് ചെയ്യുന്ന സമയത്ത് ലാലേട്ടന് നല്ല ടെന്‍ഷനുണ്ടായിരുന്നു. ഹീറോ പദവിയെടുത്തിട്ട് ആദ്യമായിട്ട് ചെയ്യുന്ന സിനിമയാണ്. ബാലചന്ദ്ര മേനോന്‍ സംവിധാനംചെയ്ത കേള്‍ക്കാത്ത ശബ്ദം എന്ന സിനിമയില്‍ ഞങ്ങളൊരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

പക്ഷെ, വലിയൊരു ഹീറോയായിട്ട് അഭിനയിക്കുന്നത് അതിലാണ്. ആ സിനിമ  മൊത്തത്തില്‍ പോകുന്നത് അതിലെ ക്യാരക്ടർ ആയ വിന്‍സന്റ് ഗോമസിന്റെ പുറത്താണ്. വിന്‍സന്റ് ഗോമസ് ആയിട്ട് ലാലേട്ടന്‍ മാറുമ്പോഴുള്ള ടെന്‍ഷന്‍ പുള്ളിക്ക് നന്നായിട്ട് ഉണ്ടായിരുന്നു.

ക്ലൈമാക്സില്‍ വെടിവെപ്പ് ഒക്കെ ഉണ്ടായിരുന്നു. അന്ന് പൊട്ടിത്തെറിക്കുന്ന സാധനങ്ങളൊക്കെ നമ്മുടെ ദേഹത്ത് വെക്കുമായിരുന്നു. അതൊക്കെ ചെയ്തിട്ട് സ്‌കിന്‍ ഒക്കെ  ഇളകിയിട്ടുണ്ട്,’ അംബിക പറയുന്നു.

രാജാവിന്റെ മകന്‍

മോഹന്‍ലാല്‍ എന്ന നടനെ സൂപ്പര്‍താരപദവിയിലേക്ക് ഉയര്‍ത്തിയ സിനിമയാണ് രാജാവിന്റെ മകന്‍. തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ അംബിക, രതീഷ്, സുരേഷ് ഗോപി എന്നിവരാണ് മറ്റുകഥാപാത്രങ്ങള്‍.  രാജീവ് ചിത്രത്തിന്റെ കഥയെഴുതിയപ്പോള്‍ തിരക്കഥ, സംഭാഷണം എന്നിവ നിര്‍വഹിച്ചത്  ഡെന്നീസ് ജോസഫ് ആണ്.

Content Highlight: Actress Ambika Talking about Rajavinte Makan film and Mohanlal

Latest Stories

We use cookies to give you the best possible experience. Learn more