കമൽ സാറിന്റെ ആത്മകഥയിൽ പരാമർശിച്ച രണ്ടേ രണ്ട് അഭിനേത്രികളിൽ ഒന്ന് ഞാനും മറ്റേത് ഉർവശി ചേച്ചിയുമാണ്: അഭിരാമി
Malayalam Cinema
കമൽ സാറിന്റെ ആത്മകഥയിൽ പരാമർശിച്ച രണ്ടേ രണ്ട് അഭിനേത്രികളിൽ ഒന്ന് ഞാനും മറ്റേത് ഉർവശി ചേച്ചിയുമാണ്: അഭിരാമി
നന്ദന എം.സി
Monday, 18th May 2026, 8:00 am

ബാലതാരമായി സിനിമയിലേക്കെത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളായി മാറിയ നടിയാണ് അഭിരാമി. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക് സിനിമകളിലും നിരവധി ശ്രദ്ധേയ ചിത്രങ്ങളുടെ ഭാഗമായ താരം ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയരംഗത്ത് സജീവമായിരിക്കുകയാണ്.

അഭിരാമി, Photo: Abhirami/ Facebook

ഇപ്പോഴിതാ കമൽ ഹാസനെക്കുറിച്ചും അദ്ദേഹത്തിന്റെ ആത്മകഥയിൽ രണ്ടേ രണ്ട് സ്ത്രീകളെ കുറിച്ചാണ് പരാമർശിച്ചിട്ടുള്ളതെന്നും അതിൽ ഒന്ന് താനും മറ്റേത് ഉർവശിയുമാണെന്ന് പറയുകയാണ് അഭിരാമി. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘കമൽഹാസൻ സാർ എന്റെ മെന്റർ ആണ്. അഭിനയത്തെയും സിനിമാ തെരഞ്ഞെടുപ്പുകളെയുമൊക്കെ അദ്ദേഹം സ്വാധീനിച്ചിട്ടുണ്ട്. നടൻ എന്നതിനപ്പുറം സംവിധായകനായ കമൽഹാസൻ സാറിനൊപ്പം പ്രവർത്തിച്ച അനുഭവം ചുരുക്കം ചിലർക്കേ പറയാനുണ്ടാകൂ. അദ്ദേഹം സംവിധാനം ചെയ്ത ‘വിരുമാണ്ടി’യിൽ നായികയാവാൻ എനിക്ക് ഭാഗ്യം ലഭിച്ചു.

അദ്ദേഹത്തിന്റെ ആത്മകഥാ പുസ്തകത്തിൽ രണ്ടേ രണ്ട് അഭിനേത്രികളെക്കുറിച്ചാണ് പരാമർശിച്ചിട്ടുള്ളത്. ഒന്ന് ഉർവശി ചേച്ചിയാണ്, മറ്റേത് ഞാനും. ‘വിരുമാണ്ടി’യിലെ എന്റെ കഥാപാത്രത്തെക്കുറിച്ചാണ് അതിൽ പറഞ്ഞിരിക്കുന്നത്.

വളരെ അവിചാരിതമായി എയർപോർട്ടിൽ വെച്ചാണ് ആ പുസ്തകം വാങ്ങി വായിച്ചത്. അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്. ഗോപികുമാറിന്റെയും പുഷ്പയുടെയും ഏകമകളായ ദിവ്യ ഗോപികുമാർ എന്ന ഞാൻ അഭിരാമി എന്ന പേര് സ്വീകരിച്ചതുതന്നെ അദ്ദേഹത്തോടുള്ള ആരാധനകൊണ്ടാണ്. അന്നുതൊട്ട് ഇന്നുവരെ കമൽ സാർ പ്രചോദനമായി എനിക്കുമുന്നിലുണ്ട്,’ അഭിരാമി പറഞ്ഞു.

കൂടാതെ തെന്നിന്ത്യൻ നായികാനിരയിലേക്ക് നയിച്ച ‘വിരുമാണ്ടി’യിലെ അന്നലക്ഷ്മി എന്ന കഥാപാത്രത്തെ കുറിച്ചും അഭിരാമി സംസാരിച്ചു.

‘ആ കഥാപാത്രത്തിന് ഇത്രയധികം സ്വീകാര്യത ലഭിക്കുമെന്ന് സ്വപ്നത്തിൽപോലും കരുതിയതല്ല. 22 വർഷത്തിനുശേഷവും ആ കഥാപാത്രത്തെ ആളുകൾ ഓർക്കുന്നു. സന്തോഷവും നന്ദിയുമുണ്ട്. എന്നിരുന്നാലും അതിനൊരു മറുവശം കൂടിയുണ്ട്.

വരും നാളുകളിലും താരതമ്യം അതിലേക്കുതന്നെ പോകും. അന്നലക്ഷ്മിയെ കടത്തിവെട്ടുന്ന വേഷങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം,’ എന്നായിരുന്നു അഭിരാമിയുടെ വാക്കുകൾ.

Content Highlight: Actress Abhirami talk about Actor Kamal haasan

 

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.