ബാലതാരമായി സിനിമയിലേക്കെത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളായി മാറിയ നടിയാണ് അഭിരാമി.
മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക് സിനിമകളിലും നിരവധി ശ്രദ്ധേയ ചിത്രങ്ങളുടെ ഭാഗമായ താരം ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയരംഗത്ത് സജീവമായിരിക്കുകയാണ്.
ഇപ്പോഴിതാ തന്റെ മകളെ കുറിച്ചും മാതൃത്വ ജീവിതത്തെക്കുറിച്ചും മനസുതുറന്നിരിക്കുകയാണ് അഭിരാമി. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
അഭിരാമി, Photo: Abhirami/ Facebook
‘ഞങ്ങളുടെ ജീവിതത്തിലേക്ക് മകൾ കൽക്കി വന്നിട്ട് നാല് വർഷമേ ആയിട്ടുള്ളൂ. എന്റെ അമ്മ പുഷ്പയെപ്പോലൊരു അമ്മയല്ല ഞാൻ. എന്നാൽ അമ്മയിൽനിന്ന് ഒരുപാട് കാര്യങ്ങൾ ഞാൻ പഠിച്ചിട്ടുണ്ട്.
മറ്റേത് ജോലിയിലും തെറ്റുകൾ വന്നാൽ തിരുത്താനാകും. എന്നാൽ പേരന്റിങ്ങിൽ കുഴപ്പം വന്നാൽ അത് കുഞ്ഞിനെ ബാധിക്കും, മാനസികമായി നമ്മളെയും. എന്നാൽ അതിലേറെ മനോഹരമായ, സന്തോഷം തരുന്ന മറ്റൊരു സംഭവവുമില്ല,’ അഭിരാമി പറഞ്ഞു.
മകൾക്കൊപ്പം വളരെ ലളിതമായ ജീവിതം മതിയെന്നാണ് താനും ഭർത്താവ് രാഹുലും നേരത്തെ തീരുമാനിച്ചിരുന്നതെന്നും താരം പറയുന്നു.
‘മകളിൽ എന്തെല്ലാം മൂല്യങ്ങൾ വളർത്തണം എന്നതിനെക്കുറിച്ചാണ് ഞങ്ങൾ കൂടുതലായി സംസാരിച്ചത്. അവളുടെ മാനസിക ആരോഗ്യത്തിനാണ് മുൻതൂക്കം നൽകുന്നത്.
കരുണയും ആത്മവിശ്വാസവുമുള്ളവളായി അവളെ വളർത്തുക. ‘യെസിനും‘നോ’യ്ക്കും വിലയുണ്ടെന്ന് മനസിലാക്കി വളരണം. സന്തോഷവും ആഗ്രഹങ്ങളും താത്പര്യങ്ങളും മനസിലാക്കി മുന്നോട്ടുപോകാൻ എല്ലാ പിന്തുണയും ഞങ്ങൾ അവൾക്ക് നൽകും.
അഭിരാമി ഭർത്താവ് രാഹുലിനും മകൾ കൽക്കിക്കുമൊപ്പം, Photo: Abhirami/ Facebook
പേരന്റിങ് അമ്മയുടെ മാത്രം പണിയല്ലല്ലോ. അച്ഛനമ്മമാരും സുഹൃത്തുക്കളും ചുറ്റുപാടും സ്കൂളും എല്ലാവരും കുട്ടികളെ സ്വാധീനിക്കും,’ അഭിരാമി വ്യക്തമാക്കി.
സെലിബ്രിറ്റികൾ പൊതുവെ മക്കളുടെ ചിത്രങ്ങളോ വിവരങ്ങളോ പരസ്യമാക്കാൻ മടിക്കുന്ന സാഹചര്യത്തിൽ, താൻ എന്തുകൊണ്ടാണ് കാര്യങ്ങൾ തുറന്നു പറയുന്നതെന്ന ചോദ്യത്തിനും അഭിരാമി വ്യക്തമായ മറുപടി നൽകി.
‘എന്തിന് ഞാൻ മറയ്ക്കണം. ലജ്ജയുണ്ടാക്കുന്ന കാര്യങ്ങളല്ലേ നമ്മൾ മറച്ചുവയ്ക്കുക. ഞാൻ ഒരു കുഞ്ഞിനെ ദത്തെടുത്തു എന്നത് തെറ്റായ കാര്യമല്ലല്ലോ, പിന്നെന്തിനാണ് മറച്ചുവെക്കുന്നത്. ഞാനൊരു അമ്മയായി എന്ന സന്തോഷമാണ് ലോകത്തെ അറിയിച്ചത്,’ എന്നാണ് താരം പറഞ്ഞത്.
ഞങ്ങൾ സന്തുഷ്ടരാണ്, Photo: YouTube/ Screengrab
അതേസമയം മകളുടെ സ്വകാര്യതയെക്കുറിച്ചും അഭിരാമി വ്യക്തമായ നിലപാട് പങ്കുവെച്ചു. ‘എന്റെ മകളുടെ കഥയാണിത്.
അവളെ സംബന്ധിച്ചുള്ള വ്യക്തിപരമായ കാര്യങ്ങൾ പരസ്യമാക്കണോ വേണ്ടയോ എന്നത് അവളുടെ ചോയ്സാണ്. അത് തുറന്നുപറയാൻ എനിക്ക് അനുവാദമില്ല. അവളുടെ സ്വകാര്യതയെ ബാധിക്കുന്ന കാര്യങ്ങൾ ഞാൻ പങ്കുവെച്ചിട്ടില്ല,’ എന്നാണ് അഭിരാമി കൂട്ടിച്ചേർത്തത്.
Content Highlight: Actress Abhirami asks, It’s not wrong to adopt a child, so why hide it?
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.