ആ കാമിയോയുടെ ഓറ സെറ്റില്‍ എല്ലാവര്‍ക്കും ഫീല്‍ ചെയ്തിട്ടുണ്ട്; ;ചത്താ പച്ചയിലെ ആക്ഷന്‍ രംഗങ്ങളെ കുറിച്ചും അതിഥി വേഷത്തെക്കുറിച്ചും സംസാരിച്ച് അഭിനേതാക്കള്‍
Malayalam Cinema
ആ കാമിയോയുടെ ഓറ സെറ്റില്‍ എല്ലാവര്‍ക്കും ഫീല്‍ ചെയ്തിട്ടുണ്ട്; ;ചത്താ പച്ചയിലെ ആക്ഷന്‍ രംഗങ്ങളെ കുറിച്ചും അതിഥി വേഷത്തെക്കുറിച്ചും സംസാരിച്ച് അഭിനേതാക്കള്‍
അശ്വിന്‍ രാജേന്ദ്രന്‍
Tuesday, 20th January 2026, 11:19 pm

മമ്മൂട്ടിയുടെ കാമിയോ റോളുണ്ടെന്ന പ്രതീക്ഷയോടെയും മോഹന്‍ലാല്‍ ആദ്യ ടിക്കറ്റ് ബുക്ക് ചെയ്‌തെന്ന ആവേശത്തോടെയും പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് അദ്വൈത് നായര്‍ സംവിധാനം ചെയ്ത് ജനുവരി 22 ന് തിയേറ്ററുകളിലേക്കെത്തുന്ന ചത്താ പച്ച. സ്‌പോര്‍ട്ട് ആക്ഷന്‍ വിഭാഗത്തിലൊരുങ്ങുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, വിശാഖ് നായര്‍, റോഷന്‍ മാത്യൂ, ഇഷാന്‍ ഷൗക്കത്ത് തുടങ്ങിയവരാണ് വേഷമിടുന്നത്.

Photo: screen grab/T series/ youtube.com

ചിത്രത്തില്‍ കാമിയോ റോളില്‍ മമ്മൂട്ടിയെത്തുമെന്ന വാര്‍ത്തകള്‍ നേരത്തേ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ അണിയറപ്രവര്‍ത്തകരുടെ ഭാഗത്തു നിന്നും ഇത് സംബന്ധിച്ച് യാതൊരു വിധത്തിലുളള സ്ഥിരീകരണവും ലഭിച്ചിരുന്നില്ല. അതേസമയം അഭ്യൂഹങ്ങളെ നിഷേധിച്ചും ഇവര്‍ രംഗത്തെത്തിയിട്ടില്ല എന്നതും പ്രേക്ഷകരുടെ പ്രതീക്ഷ ഇരട്ടിയാക്കുന്നുണ്ട്.

ട്രെയ്‌ലറിന്റെ അവസാന ഭാഗത്ത് വാള്‍ട്ടര്‍ എന്ന മുഖം വ്യക്തമാക്കാതെ പ്രത്യക്ഷപ്പെടുന്ന കഥാപാത്രമായാണ് മമ്മൂക്കയെത്തുന്നതെന്ന നിഗമനത്തിലാണ് പ്രേക്ഷകര്‍. എന്നാല്‍ പിന്നില്‍ നിന്നും കാണിച്ചിരിക്കുന്ന കഥാപാത്രം മമ്മൂട്ടിയുടെതല്ലെന്നും ഒരുക്കൂട്ടര്‍ വാദം ഉന്നയിച്ചിരുന്നു.

മലയാളം കണ്ട ഏറ്റവും വലിയ ആക്ഷന്‍ ചിത്രമായ മാര്‍ക്കോയുടെ ആക്ഷന്‍ മാസ്റ്ററായ കലൈ കിങ്‌സണ്‍ കൊറിയോഗ്രാഫി നിര്‍വഹിച്ച ചിത്രത്തിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളെ കുറിച്ച് താരങ്ങള്‍ ക്യൂസ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചിരുന്നു.

നാല് പേര്‍ ഹീറോയായ ചിത്രത്തിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളും ഒന്നിച്ചായിരുന്നെന്നും ഒരു ടീം എന്ന നിലയില്‍ ബില്‍ഡ് ചെയ്യാന്‍ ഒരുപാട് സഹായകരമായെന്നും വിശാഖ് നായര്‍ പറഞ്ഞു. ചിത്രത്തിന്റെ പല സെക്ഷനുകളില്‍ നിന്നും മുങ്ങാറുണ്ടെന്നാണ് തമാശയോടെ നടന്‍ അര്‍ജുന്‍ ആശോകന്‍ പറഞ്ഞത്. വളരെ ബുദ്ധിമുട്ടേറിയ സെക്ഷനുകളായിരുന്നുവെന്നും ചിലതെല്ലാം വന്നു നോക്കി വയ്യെന്ന് പറഞ്ഞ് പോകാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ പതിവുപോലെ മമ്മൂട്ടിയുടെ കാമിയോയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒന്നുമറിയാത്ത പോലെയാണ് താരങ്ങള്‍ പ്രതികരിച്ചത്. തീര്‍ച്ചയായും ഈ പടത്തില്‍ ഒരു കാമിയോ ഉണ്ടെന്നും ക്യരക്ടര്‍ വൈസ് നോക്കുകയാണെങ്കിലും, അദ്ദേഹത്തിന്റെ ഓറ സെറ്റില്‍ എല്ലാവര്‍ക്കും ഫീല്‍ ചെയ്തിട്ടുണ്ട് എന്നാണ് ഇഷാന്‍ ഷൗക്കത്ത് പറഞ്ഞത്. അതില്‍ കൂടുതല്‍ പറയാന്‍ പറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Photo: screen grab/ cue studio/ Youtube.com

ബോളിവുഡ് വമ്പന്മാരായ ശങ്കര്- എഹ്സാന്‍- ലോയ് കോമ്പോയാണ് ചത്താ പച്ചയുടെ സംഗീത സംവിധാനം. റീല്‍ വേള്‍ഡ് എന്റര്‍ടെയ്ന്‍മെന്റ്സ് നിര്‍മിക്കുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് കേരളത്തിലെ തിയേറ്ററുകളില്‍ വിതരണം ചെയ്യുന്നത്.

Content Highlight: Actors of chatha pacha talks about action sequence in film and cameo role of Mammootty

 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.