2018ല്‍ പുറത്തിറങ്ങിയ ആളൊരുക്കം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച അഭിനേതാവാണ് വിഷ്ണു അഗസ്ത്യ. ചെറിയ റോളുകളിലൂടെയെങ്കിലും മലയാള സിനിമയില്‍ തന്റെതായ സ്ഥാനം സൃഷ്ടിച്ചെടുക്കാന്‍ താരത്തിന് സാധിച്ചിരുന്നു. നടന്റെ കരിയറില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്ന രണ്ട് ചിത്രങ്ങളായിരുന്നു ആക്ഷന്‍ ചിത്രങ്ങളായ റൈഫിള്‍ ക്ലബും, ആര്‍.ഡി.എക്‌സും.
നഹാസ് ഹിദായത്തിന്റെ സംവിധാനത്തില്‍ 2023ല്‍ പുറത്തിറങ്ങി ഹിറ്റടിച്ച ചിത്രമായിരുന്നു ആര്‍.ഡി.എക്‌സ്. ചിത്രത്തില്‍ പോള്‍സണ്‍ എന്ന വില്ലന്‍ കഥാപാത്രത്തെയായിരുന്നു വിഷ്ണു അഗസ്ത്യ അവതരിപ്പിച്ചിരുന്നത്. ആര്‍.ഡി.എക്‌സിന് ശേഷം എന്തുകൊണ്ട് വീണ്ടും വില്ലന്‍ വേഷങ്ങളില്‍ അഭിനയിച്ചില്ല എന്നതിനെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്നത്. ദി ഷോ സ്‌കേപ് ജേണലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘ആര്‍.ഡി.എക്‌സ് കഴിഞ്ഞതിന് ശേഷം ഇനി ഞാന്‍ വില്ലന്‍ ചെയ്യുന്നില്ല എന്റെ വേറെ ഒരു പരിപാടി ആളുകള്‍ കാണട്ടെ എന്ന് വിചാരിച്ചിരുന്നതല്ല. ചിത്രത്തിന് ശേഷം ഒരുപാട് വില്ലന്‍ വേഷങ്ങളിലേക്കെല്ലാം വിളിക്കുമ്പോള്‍ അത്രത്തോളം രസകരമായി സോളിഡ് ആയിട്ടുള്ള വില്ലന്‍ വേഷങ്ങള്‍ കിട്ടയാല്‍ ഞാന്‍ ഇനിയും ചെയ്യാം എന്നാണ് കരുതിയത്. നമുക്ക് അഭിനയിക്കുമ്പോള്‍ ഏറ്റവും ഫ്രീഡമുള്ള സ്‌പേസാണ് വില്ലന്‍ റോളുകള്‍.
ഏതെങ്കിലും തരത്തില്‍ അനുകരിക്കപ്പെടുന്ന രീതിയിലേക്ക് പോകാതെയോ പൊളിറ്റിക്കല്‍ കറക്ടനെസ് നോക്കാതെയോ വില്ലന്‍ വേഷങ്ങളില്‍ അഭിനയിക്കാന്‍ സാധിക്കും. ഒരാള്‍ക്ക് അയാളുടെ മനസിലുള്ള ഡാര്‍ക്ക്‌നെസ് ഈ റോളിലൂടെ എക്‌സ്‌പ്രെസ് ചെയ്യാം. ആ ഡാര്‍ക്‌നെസ് കാണുന്നത് കൊണ്ടാണല്ലോ നമുക്ക് അയാളെ അടിച്ചുകൊല്ലാന്‍ തോന്നുന്നത്. ഈ റോളുകള്‍ ചെയ്യുമ്പോള്‍ വില്ലന്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഒരു ശരിയുണ്ടാക്കുക എന്നതാണ് സുഹൃത്തുക്കള്‍ എനിക്ക് പറഞ്ഞുതന്നിരിക്കുന്ന കാര്യം,’ വിഷ്ണു അഗസ്ത്യ പറഞ്ഞു.
ആര്‍.ഡി.എക്‌സിന് പുറമെ അടുത്തിടെ പുറത്തിറങ്ങിയ അതിരടിയിലും താരം പ്രധാനവേഷത്തിലെത്തിയിരുന്നു. ബേസില്‍ ജോസഫിന്റെ ആദ്യ നിര്‍മാണ സംരഭമായ ചിത്രത്തില്‍ ബേസില്‍ അവതരിപ്പിച്ച സാംകുട്ടി എന്ന കഥാപാത്രത്തിന്റെ സഹോദരനായാണ് താരം വേഷമിട്ടിരിക്കുന്നത്. ജൂണ്‍ 19ന് റിലീസ് ചെയ്യാനിരിക്കുന്ന ഇന്ദ്രന്‍സ് നായകനാകുന്ന ചിന്ന ചിന്ന ആസൈയാണ് താരത്തിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.
Content Highlight: Actor Vishnu Agasthya talks about the Freedom given by Villian roles in Films
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.