സ്വന്തം മക്കളെ പണിക്ക് വിട്ട് കാലിന്മേല് കാല്‍ കയറ്റി വെച്ച് മിക്‌സ്ച്ചര്‍ കഴിക്കുന്ന കള്ള കെളവാ; വാഴ 2 വിന് ലഭിച്ച ഫീഡ്ബാക്കിനെ കുറിച്ച് വിനോദ് കെടാമംഗലം
വളരെ അപൂര്‍വമായി മാത്രം മലയാള സിനിമയില്‍ നടക്കുന്ന സംഭവവികാസത്തിനാണ് ഇപ്പോള്‍ കേരളത്തിലെ തിയേറ്ററുകള്‍ സാക്ഷ്യം വഹിക്കുന്നത്. പുതുമുഖങ്ങളെ നായകന്മാരാക്കി പുതുമുഖ സംവിധായകന്‍ അണിയിച്ചൊരുക്കിയ ഒരു ചിത്രം കേരളത്തിലെ സകല ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും ഓരോന്നോരോന്നായി തകര്‍ത്തെറിഞ്ഞു കൊണ്ട് മുന്നേറുകയാണ്. ഇരുനൂറ് കോടിയെന്ന സ്വപ്‌നനേട്ടത്തിന് തൊട്ടരുകിലേക്കാണ് സവിന്‍ സാ സംവിധാനം ചെയ്ത വാഴ 2 പാഞ്ഞടുക്കുന്നത്.
വാഴ 2. Photo: X.com
കഴിഞ്ഞ ദിവസം പുറത്തുവന്ന ടൊവിനോ ചിത്രം പള്ളിച്ചട്ടമ്പിയെയും കുഞ്ചാക്കോ ചിത്രം ഒരു ദുരൂഹ സാഹചര്യത്തിലിനെയും ബഹുദൂരം പിന്നിലാക്കിയാണ് ഏപ്രില്‍ രണ്ടിന് തിയേറ്ററുകളിലെത്തിയ വാഴ 2 കുതിപ്പ് തുടരുന്നത്. തുടരും. ലോകഃ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കേരളത്തില്‍ നിന്നും മാത്രം നൂറുകോടി ഗ്രോസ് കളക്ഷന്‍ നേടുന്ന ചിത്രമായും വാഴ 2 മാറിയിരുന്നു. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഈ നേട്ടം സ്വന്തമാക്കുന്ന മലയാള ചിത്രമായി മാറിയിരിക്കുകയാണ് വാഴ 2.
ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തിയവര്‍ക്ക് പുറമെ കുറഞ്ഞ സീനുകളിലെങ്കിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച അഭിനേതാക്കളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിജുക്കുട്ടന്‍, സുധീഷ്, വിനോദ് കെടാമംഗലം, അശ്വതി ചന്ദ് തുടങ്ങിയവരുടെ പ്രകടനത്തിന് വലിയ പ്രശംസയായിരുന്നു ചിത്രം കണ്ടിറങ്ങിയവരില്‍ നിന്നും ലഭിച്ചിരുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ അജിന്റെയും ദേവരാജിന്റെയും അച്ഛനായി വേഷമിട്ട വിനോദ് കെടാമംഗലം സിനിമയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
‘ചിത്രം റിലീസായതിന് ശേഷം പലരും തന്നെ വിളിച്ച് അഭിപ്രായം അറിയിക്കുന്നുണ്ട്. പലരും പോസിറ്റീവായി പറയുമ്പോള്‍ ഇന്‌സ്റ്റഗ്രാമിലെ കമന്റ് ബോക്‌സിലെല്ലാം ചിലര്‍ ചീത്ത വിളിക്കുകയാണ്. സ്വന്തം മക്കളെ പണിക്ക് വിട്ട് കാലിന്മേല് കാല്‍ കയറ്റിവെച്ച് മിക്‌സ്ച്ചര്‍ കഴിക്കുന്ന കള്ള കിളവാ എന്നായിരുന്നു ഒരു കമന്റ്. പക്ഷേ ഞാനത് പോസിറ്റീവായിട്ടായിരുന്നു എടുത്തത്. കാരണം കഥാപാത്രത്തിലൂടെ ഉദ്ദേശിച്ചത് അവരിലേക്കെത്തിയത് കൊണ്ടാണല്ലോ അങ്ങനെയൊരു റിയാക്ഷന്‍ ലഭിച്ചത്.
ഞാനും ബിജുക്കുട്ടനുമൊന്നും ചിത്രത്തിന്റെ കഥ മുഴുവനായി കേട്ടിരുന്നില്ല. പറഞ്ഞ ഭാഗങ്ങള്‍ മാത്രം പോയി ചെയ്യുകയായിരുന്നു. പിന്നീട് തിയേറ്ററില്‍ പോയി കണ്ടപ്പോഴായിരുന്നു എന്റെ മക്കളായി അഭിനയിച്ച ദേവരാജിന്റെയും അജിന്റെയും ബുദ്ധിമുട്ടുകള്‍ മനസിലായത്. അതുകണ്ടപ്പോള്‍ കരഞ്ഞുപോയി. ചിത്രത്തില്‍ ഞാന്‍ അവതരിപ്പിച്ചത് പോലുള്ള കഥാപാത്രങ്ങളെ ഞാന്‍ റിയല്‍ ലൈഫില്‍ കണ്ടിട്ടുണ്ട്. അവരുണ്ടാക്കി വെച്ച കടം തീര്‍ക്കാന്‍ വേണ്ടി വിദേശത്ത് പോയി ജോലി ചെയ്യേണ്ടി വരുന്നവരാണ് അത്തരക്കാരുടെ മക്കളില്‍ ഭൂരിഭാഗവും,’വിനോദ് കെടാമംഗലം പറഞ്ഞു.
വിനോദ് കെടാമംഗലം സലിം കുമാറിനൊപ്പം. Photo: Vinodh Kedamangalam/ X.com
മിമിക്രിയിലൂടെ കരിയര്‍ ആരംഭിച്ച് സിനിമാല പോലുള്ള ടെലിവിഷന്‍ ഷോകളിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചയാളാണ് വിനോദ് കെടാമംഗലം. വാഴ 2വിന് പുറമെ കഴിഞ്ഞ ദിവസം പുറത്തുവന്ന ടൊവിനോ ചിത്രം പള്ളിച്ചട്ടമ്പിയിലും താരം പ്രധാനവേഷം കൈകാര്യം ചെയ്തിട്ടുണ്ട്.
Content Highlight: Actor Vinodh Kedamangalam talks about his character in Vaazha 2
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.