2009-ൽ പുറത്തിറങ്ങിയ ഋതു എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച അഭിനേതാവാണ് വിനയ് ഫോർട്ട്. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത് 2015-ൽ പുറത്തിറങ്ങിയ നിവിൻ പോളി ചിത്രം പ്രേമത്തിലെ വിമൽ സാർ എന്ന കഥാപാത്രമാണ് വിനയ് ഫോർട്ടിനെ പ്രേക്ഷകർക്കിടയിൽ സുപരിചിതനാക്കുന്നത്. പിന്നീട് തമാശ, മാലിക്, ചുരുളി, ആട്ടം തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ വിനയ് കൈയടി നേടുകയായിരുന്നു.

നിവിൻ പോളി മമിത ബൈജു കൂട്ടുകെട്ടിൽ ഇൻഡസ്ട്രി ഹിറ്റടിച്ച ഗിരീഷ് എ.ഡി. ചിത്രം ബെത്‌ലഹേം കുടുംബ യൂണിറ്റിൽ ബാങ്ക് ഉദ്യോഗസ്ഥനായ അമ്മാവനായി വിനയ് ഫോർട്ട് അവതരിപ്പിച്ച അലക്സ് എന്ന കഥാപാത്രത്തിനും മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചത്. ഇതിനുപുറമെ ദുൽഖർ ചിത്രമായ ഐ ആം ഗെയിം, യുവ സംവിധായകൻ ഷഹദ് റഹ്മാൻ സംവിധാനം ചെയ്ത പ്രഥമദൃഷ്ട്യാ കുറ്റക്കാർ എന്നീ ചിത്രങ്ങളിലും വിനയ് ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു.

വിനയ് ഫോർട്ട്.Photo. Screen Grab/ Youtube.

ഇപ്പോഴിതാ പ്രായവ്യത്യാസമുള്ള പ്രണയബന്ധങ്ങളെക്കുറിച്ച് ആളുകൾ അനാവശ്യമായി ആശങ്കപ്പെടേണ്ടതില്ലെന്നും ഓരോരുത്തർക്കും ഇഷ്ടമുള്ളതുപോലെ ജീവിക്കാനുള്ള സ്വാതന്ത്ര്യം നൽകണമെന്നും നടൻ വിനയ് ഫോർട്ട്. മറ്റൊരാളെ ഉപദ്രവിക്കാത്തിടത്തോളം കാലം ആളുകളുടെ വ്യക്തിപരമായ ഇഷ്ടങ്ങളെ വിലയിരുത്തി വിധി പറയേണ്ടതില്ലെന്നും താരം ധന്യ വർമയുടെ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘ഏജ് ഗ്യാപ് റൊമാൻസ് എനിക്ക് ഓക്കെയായിട്ടാണ് തോന്നുന്നത്. നമ്മുടെ ജീവിതത്തിൽ നമ്മൾ കുറച്ചൊക്കെ യാത്ര ചെയ്തല്ലോ. ഈ പ്രായത്തിൽ ഇത് ചെയ്യാൻ പാടില്ല, അത് ചെയ്യാൻ പാടില്ല എന്നൊക്കെ പറഞ്ഞ് കാര്യങ്ങൾ അനാവശ്യമായി സങ്കീർണമാക്കേണ്ടതില്ല. ഓരോ മനുഷ്യർക്കും ഇഷ്ടമുള്ളതുപോലെ ജീവിക്കാനുള്ള സ്പേസ് നമ്മൾ കൊടുക്കണം.

വെറുതെ ആളുകളെ ജഡ്ജ് ചെയ്യേണ്ട കാര്യമില്ല. മറ്റൊരാളെ ഉപദ്രവിക്കുന്നില്ലെങ്കിൽ മനുഷ്യർ എന്തുവേണമെങ്കിലും ചെയ്തോട്ടെ. അവർ സമാധാനമായും സന്തോഷമായും ഇരിക്കട്ടെ. അതാണ് എനിക്ക് തോന്നുന്നത്,’ വിനയ് പറഞ്ഞു.

അതേസമയം, ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ സൂപ്പർ ഹിറ്റാകുമെന്ന് ചിത്രീകരണ സമയത്തുതന്നെ തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്നും വിനയ് ഫോർട്ട് പറഞ്ഞു. സിനിമയുടെ വിജയത്തിൽ ഏറ്റവും കൂടുതൽ വിശ്വാസമുണ്ടായിരുന്നവരിൽ ഒരാൾ താനായിരുന്നുവെന്നും താരം വൃക്തമാക്കി.

‘ബെത്‌ലഹേം സൂപ്പർ ഹിറ്റാകുമെന്ന് എനിക്ക് അറിയാമായിരുന്നു. ഈ സിനിമ എന്തായാലും വർക്ക് ആകുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ഷൂട്ട് ചെയ്യുന്ന സമയത്ത് ഈ സിനിമ വിജയിക്കുമെന്ന് ഏറ്റവും കൂടുതൽ വിശ്വാസമുണ്ടായിരുന്ന ആൾ ഞാനാണെന്ന് തോന്നുന്നു.

ബെത്‌ലഹേം. Photo. IMDb

എന്റെ കൂടെ വർക്ക് ചെയ്തപ്പോൾ എന്റെ പെങ്ങളായി അഭിനയിച്ച മഞ്ജുശ്രീ എന്ന നടിയോട് ഞാൻ തമാശയായി പറയുമായിരുന്നു, സിനിമ ഇറങ്ങിക്കഴിഞ്ഞാൽ തന്നെ പിടിച്ചാൽ കിട്ടില്ലാട്ടോ എന്ന്. പടം ഇറങ്ങിയപ്പോൾ മഞ്ജു എന്നോട് പറഞ്ഞു, ‘വിനയ്, നീ പറഞ്ഞതുപോലെതന്നെ ആയി’ എന്ന്. ഈ പ്രോജക്ടിൽ എനിക്ക് അത്രയും വിശ്വാസമുണ്ടായിരുന്നു,’ വിനയ് ഫോർട്ട് പറഞ്ഞു.

Content Highlight: Actor Vinay Forrt stated that people need not be unnecessarily concerned about romantic relationships involving an age gap, and that everyone should be granted the freedom to live as they choose