| Thursday, 22nd May 2025, 9:51 am

ഈ ചോദ്യം ദുല്‍ഖറിനോടോ പൃഥ്വിയോടോ ഫഹദിനോടോ ചോദിക്കില്ല; അവഗണിക്കപ്പെടുന്നതിന് ഒരു പരിധിയുണ്ട്: വിനയ് ഫോര്‍ട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്നത്തെ മാറുന്ന സിനിമാ വ്യവസായത്തില്‍ ഒരു സ്റ്റാര്‍ ആയിരിക്കുക എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് പറയുകയാണ് നടന്‍ വിനയ് ഫോര്‍ട്ട്. ലൈക്കബിലിറ്റി ഇല്ലാത്ത ഒരു നടനും ഇവിടെ നിലനില്‍പ്പില്ലെന്നും സ്റ്റാര്‍ പവര്‍ തന്നെയാണ് പ്രധാനമെന്നും വിനയ് ഫോര്‍ട്ട് പറയുന്നു.

പത്ത് കോടിയുടെ ഫ്‌ളാറ്റോ ലെമ്പോര്‍ഗിനിയോ പോര്‍ഷയോ ഒന്നും തന്റെ പ്രയോറിറ്റിയല്ലെന്നും നല്ല സിനിമകള്‍ ചെയ്യുകയും പൈസ മുടക്കുന്ന പ്രൊഡ്യൂസറിന് അത് തിരിച്ചുപിടിക്കാന്‍ കഴിയുക എന്നതും തന്നെയാണ് വലിയ കാര്യമെന്നും വിനയ് ഫോര്‍ട്ട് പറയുന്നു. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിനയ്.

‘സിനിമയില്‍ ഇനിയിപ്പോള്‍ ഞാന്‍ ആഗ്രഹിക്കുന്നത് എന്താണെന്ന് വെച്ചാല്‍ ഇപ്പോള്‍ എന്റെ അജണ്ട ഭയങ്കര ക്ലിയറാണ്. സ്‌ട്രേയ്റ്റാണ്. വേറെ വിപ്ലവം ഒന്നുമില്ല. സിനിമയോ കഥാപാത്രമോ അഭിനയമോ ഒക്കെ നല്ലതാണോ എന്നത് സെക്കന്ററിയാണ്.

പ്രൊഡ്യൂസറിന് പൈസ തിരികെ കൊടുക്കാന്‍ പറ്റണം എന്നുള്ളതാണ്. അതിന് സ്റ്റാര്‍ പവര്‍ ഭയങ്കര പ്രധാനമാണ്. സിനിമകള്‍ എന്നെ തിരഞ്ഞെടുക്കുന്നതാണ്. ഞാന്‍ 70 സിനിമകള്‍ ചെയ്തു. സിനിമകള്‍ എന്നെ തിരഞ്ഞെടുത്തതാണ്.

എനിക്ക് പലപ്പോഴും സിനിമകള്‍ തിരഞ്ഞെടുക്കാന്‍ പറ്റാറില്ല. സിനിമകള്‍ ഒഴിവാക്കാന്‍ പറ്റാറുണ്ട്. പക്ഷേ എനിക്കിഷ്ടപ്പെട്ട സിനിമ ഞാന്‍ ചെയ്യണമെങ്കില്‍ ഞാന്‍ സ്റ്റാര്‍ ആകണം. അല്ലെങ്കില്‍ എനിക്ക് ഭയങ്കര ലൈക്കബിളിറ്റി ഉണ്ടാകണം.

അല്ലെങ്കില്‍ ഫസ്റ്റ് ഡേ ആളുകള്‍ നമ്മളെ കാണാന്‍ വേണ്ടി എത്തണം. അതിന് സ്റ്റാര്‍ പവര്‍ വേണം. പത്ത് കോടിയുടെ ഫ്‌ളാറ്റോ ലെമ്പോര്‍ഗിനിയോ പോര്‍ഷയോ അതൊന്നും എന്റെ പ്രയോറിറ്റിയില്ല.

എനിക്ക് നല്ല സിനിമകള്‍ ചെയ്യണം. നല്ല ഫിലിം മേക്കേഴ്‌സിന്റെ നല്ല സ്‌ക്രിപ്റ്റില്‍ വര്‍ക്ക് ചെയ്യണം. നല്ല കഥാപാത്രങ്ങള്‍ ചെയ്യണം. കുറച്ചുകൂടി കൊമേഴ്‌സ്യലായ സിനിമകള്‍ ചെയ്യണം. കുറച്ചുകൂടി പാന്‍ ഇന്ത്യന്‍ എന്ന് പറയുന്ന സംഭവം ഉണ്ടല്ലോ.

ഒ.ടി.ടി വന്നപ്പോള്‍ ദി ഗോഡ്ഫാദര്‍ ഉള്ള സ്‌പേസില്‍ തന്നെയാണ് ആട്ടവും പ്ലേസ് ചെയ്യപ്പെടുന്നത്. ആ ക്വാളിറ്റിയിലേക്കുള്ള സിനിമകളിലേക്ക് എത്തുകയാണ് ആഗ്രഹം. അങ്ങനെ എത്തണമെങ്കില്‍ സ്റ്റാര്‍ ആകണം.

അവഗണിക്കപ്പെടുന്നതിനൊക്കെ ഒരു പരിധിയുണ്ട്. അല്ലെങ്കില്‍ സമൂഹത്തില്‍ നമ്മള്‍ ഇങ്ങനെ വേര്‍തിരിക്കപ്പെടും. അത് പെയിന്‍ഫുള്ളാണ്. സംശയം എന്ന സിനിമ പ്രൊമോട്ട് ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ യൂ ട്യൂബ് ചാനലുകളൊക്കെയുണ്ടല്ലോ അവര്‍ പ്രൊഡ്യൂസേഴ്‌സിനോട് പൈസ ചോദിക്കുകയാണ്.

നിങ്ങളുടെ സിനിമ നമ്മള്‍ പ്രൊമോട്ട് ചെയ്യണമെങ്കില്‍ ഇത്ര ലക്ഷം രൂപ തരണം എന്ന തരത്തില്‍. ഒരിക്കലും അത് ദുല്‍ഖര്‍ സല്‍മാനോട് ചോദിക്കില്ല. പൃഥ്വിയോട് ചോദിക്കില്ല. ഫഹദിനോട് ചോദിക്കുന്നില്ല. ഇതിന്റെയൊക്കെ അടിസ്ഥാനം ഒരു സ്റ്റാര്‍ എന്ന നിലയില്‍ നിങ്ങള്‍ എവിടെ പ്ലേസ് ചെയ്യപ്പെടുന്നു എന്നത് തന്നെയാണ്.

പ്രൊഡ്യൂസര്‍ ഫ്രണ്ട്‌ലിയായിട്ടുള്ള ഒരു തരത്തില്‍ ഉയരുക എന്നതാണ് ആഗ്രഹം. മറ്റേതൊക്കെ ഞാന്‍ എടുത്തുമാറ്റി. നല്ല സിനിമ, സത്യസന്ധമായ അഭിനയം ഇതൊന്നും വേണ്ട.

ഇപ്പോള്‍ സിനിമ വന്ന് വന്ന് ഹാര്‍ഡ് കോര്‍ ബിസിനസ് ആണ്. ഇത്ര കോടി രൂപ ഇന്‍വെസ്റ്റ് ചെയ്ത് കഴിഞ്ഞാല്‍ എത്ര കോടി തിരികെ കിട്ടുമെന്ന പരിപാടി.

ഈ ആക്ടര്‍ വന്ന് കഴിഞ്ഞാല്‍ ഇത്ര റിട്ടേണ്‍ കിട്ടുമെന്ന രീതിയിലാണ് കാര്യങ്ങള്‍. അവിടെ എത്തിപ്പെട്ടുകഴിഞ്ഞാല്‍ നുവാന്‍സസും ഇന്റന്‍സിറ്റിയും ഭയങ്കര പെര്‍ഫോമന്‍സുമൊക്കെ തനിയെ ഉണ്ടാകും,’ വിനയ് ഫോര്‍ട്ട് പറഞ്ഞു.

Content Highlight: Actor Vinay Forrt about how stardom works on Film Industry

We use cookies to give you the best possible experience. Learn more