1973 ല്‍ ക്രോസ്‌ബെല്‍റ്റ് മണി സംവിധാനം ചെയ്ത കാപാലിക എന്ന ചിത്രത്തിലൂടെ മലയാളം സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടനാണ് വിജയരാഘവന്‍. ഗണേശ് രാജ് സംവിധാനം ചെയ്ത പൂക്കാലം സിനിമയിലെ പ്രകടനത്തിന് മികച്ച സ്വഭാവ നടനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും, മികച്ച സഹനടനുള്ള ദേശീയപുരസ്‌കാരവും വിജയരാഘവന്‍ സ്വന്തമാക്കിയിരുന്നു.
സിനിമയിലും നാടകത്തിലും ശബ്ദം ഒരു നടനെ സംബന്ധിച്ചിടത്തോളം എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് പറയുകയാണ് മൂവി വേള്‍ഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം. നാടകത്തില്‍ നിന്നും സിനിമയിലേക്കെത്തിയ അഭിനേതാവെന്ന നിലയില്‍ തന്റെ സിനിമകളില്‍ ശബ്ദത്തിന് എത്രത്തോളം പ്രാധാന്യം നല്‍കാറുണ്ടെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
‘പുറംരാജ്യങ്ങളിലൊക്കെ വോയിസ് കള്‍ച്ചറിങ് പഠിപ്പിക്കാന്‍ രണ്ടുമൂന്ന് വര്‍ഷത്തെ കോഴ്‌സുണ്ട്. തൊണ്ണൂറു ശതമാനവും ശബ്ദനിയന്ത്രണത്തിലൂടെയാണ് നാടകം പ്രേക്ഷകരിലേക്കെത്തുന്നത്. ആദ്യവരികളില്‍ ഇരിക്കുന്നവരൊഴിച്ച് മറ്റാര്‍ക്കും നമ്മുടെ മുഖത്തെ എക്‌സ്പ്രഷന്‍സ് കാണാന്‍ പറ്റില്ല. പിന്നെ എല്ലാം ശബ്ദം കൊണ്ടാണ്. എത്രമാത്രം ശബ്ദത്തില്‍ മാറ്റം വരുത്താന്‍ സാധിക്കുന്നോ അത്രയധികം നാടകം പ്രേക്ഷകരിലേക്കെത്തിക്കാന്‍ കഴിയും.
ശബ്ദത്തില്‍ നിയന്ത്രണമുള്ള നടന് മാത്രമേ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിക്കുകയുള്ളു. ഇതിന് വലിയ ഉദാഹരണമാണ് തിലകന്‍ ചേട്ടന്‍. അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്ലസ് എന്ന് പറയുന്നത് സൗണ്ട് മോഡുലേഷന്‍ ആണ്. അതുകൊണ്ടാണ് ഓരോ കഥാപാത്രങ്ങളും വ്യത്യസ്തമാക്കാന്‍ അദ്ദേഹത്തിന് കഴിയുന്നത്. അദ്ദേഹത്തിന്റെ മാനറിസം എല്ലാ സിനിമയിലും ഏകദേശം ഒരുപോലെ ആണെങ്കിലും ശബ്ദത്തിലൂടെയാണ് കഥാപാത്രങ്ങളില്‍ മാറ്റം കൊണ്ടുവരുന്നത്’ വിജയരാഘവന്‍ പറഞ്ഞു.
വിജയരാഘവന്‍. Photo: screengrab/ movie world media/ youtube.com
തിലകന്റെ ശബ്ദത്തില്‍ സാഹചര്യത്തിനനുസരിച്ചുള്ള ഭാവങ്ങളുണ്ടാകുമെന്നും വിളിച്ചുകൂവലും ഭാവത്തോടെ പറയുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാടകത്തില്‍ അഭിനയിച്ചത് കൊണ്ടുള്ള പരിചയസമ്പത്താണ് തിലകന്‍ ചേട്ടന്റെ മോഡുലേഷന് കാരണമെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.
ദിന്‍ജിത്ത് അയ്യത്താന്റെ സംവിധാനത്തില്‍ ആസിഫ് അലി നായകനായ ചിത്രത്തിലെ വിജയരാഘവന്റെ കഥാപാത്രമായ പപ്പുപിള്ള വലിയ രീതിയില്‍ പ്രേക്ഷകപ്രശംസ നേടിയിരുന്നു. പ്രണീഷ് വിജയന്റെ സംവിധാനത്തില്‍ പെറ്റ് ഡിക്ടറ്റീവിലെ വില്ലന്‍ കഥാപാത്രമായും താരം മികച്ച പ്രകടനം നടത്തി.
Content Highlight: actor vijayaraghavan talks about tilakan and his voice modulation
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.