| Tuesday, 1st April 2025, 4:24 pm

അഭിനയം കാണിക്കേണ്ടതില്ല അത് അനായാസം വരേണ്ടതാണ്: വിജയരാഘവൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഭിനയം ബുദ്ധിമുട്ട് അല്ലെന്നും അത് ഭാരമാകാൻ പാടില്ലെന്നും പറയുകയാണ് വിജയരാഘവൻ. അത് അനായാസം വരേണ്ടതാണെന്നും അങ്ങനെ അനായാസം വരണമെങ്കിൽ കഥാപാത്രം എന്താണെന്ന് വ്യക്തമായിട്ടുള്ള ബോധം വേണമെന്നും വിജയരാഘവൻ പറയുന്നു. നമ്മൾ ആദ്യം നമ്മളെത്തന്നെയാണ് ബോധിപ്പിക്കേണ്ടതെന്നും പ്രേക്ഷകരെയല്ലെന്നും വിജയരാഘവൻ പറയുകയാണ്.

ശബ്ദവും ചിന്തകളുമൊക്കെ തൻ്റേതാണെന്നും എന്നാൽ അഭിനയിക്കുമ്പോൾ അതൊക്കെ മാറ്റണമെന്നും വെറുതെ നോക്കുന്ന നോട്ടം പോലും കഥാപാത്രത്തിൻ്റെ ആയിരിക്കണമെന്നും വിജയരാഘവൻ പറഞ്ഞു.

അഭിനയത്തിന് ഒരു പ്രധാന കാര്യമുണ്ടെന്നും അത് കാണിക്കേണ്ടതില്ലെന്നും അങ്ങനെ ആയിരക്കണമെന്നും വിജയരാഘവൻ പറയുന്നു. അതിൻ്റെ ഒരു പ്രക്രിയയാണ് അഭിനയമെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.

മിർച്ചി മലയാളത്തിനോട് സംസാരിക്കുകയാണ് വിജയരാഘവൻ.

‘അഭിനയം എന്ന് പറഞ്ഞാൽ ബുദ്ധിമുട്ടുള്ള കാര്യം അല്ല. അഭിനയം ഒരിക്കലും ഭാരമാകാൻ പാടില്ല. അത് അനായാസം വരേണ്ടതാണ്. അങ്ങനെ അനായാസം വരണമെങ്കിൽ ആ കഥാപാത്രം എന്താണെന്നുള്ളത് വ്യക്തമായിട്ട് നമുക്കൊരു ബോധം വേണം.

കഥാപാത്രത്തെ നമ്മളെത്തന്നെ ബോധ്യപ്പെടുത്തണം ആദ്യം, അല്ലാതെ പ്രേക്ഷകരെയല്ല ബോധ്യപ്പെടുത്തേണ്ടത്. അതിന് നൂറു നൂറു ചോദ്യങ്ങൾ ചോദിക്കണം. കഥാപാത്രം എവിടെയാണ്. എന്താണ് ചെയ്യുന്നത് എന്നൊക്കെ അറിയണം. അയാൾ എങ്ങനെയാണ് ഈ 60 വയസിൽ അല്ലെങ്കിൽ 80 വയസിൽ എന്നൊക്കെ നോക്കണം.

എൻ്റെ ശബ്ദവും എൻ്റെ ശ്വാസോച്ഛാസവും എൻ്റെ ചിന്തകളും എൻ്റെ നോട്ടവും അതൊക്കെ എൻ്റെയാണ്. അതൊക്ക അയാളുടേതാക്കണം. അത് ആ സമയത്ത് അങ്ങനെയാക്കുകയാണ്. കഥാപാത്രം നോക്കുന്ന നോട്ടം വരണമെനിക്ക്. ആ നോട്ടം വെറുതെ കാണിക്കലല്ല, അത് വരണം.

അഭിനയത്തിന് ഒരു പ്രധാന കാര്യമുണ്ട് നിങ്ങൾ അത് കാണിക്കണ്ട, അങ്ങനെ ആകണം. അപ്പോൾ അതിൻ്റെ ഒരു പ്രക്രിയയാണ് അഭിനയം എന്ന് പറയുന്നത്,’ വിജയരാഘവൻ പറയുന്നു.

Content Highlight: Actor Vijayaraghavan Talking About Acting

We use cookies to give you the best possible experience. Learn more