സിനിമാക്കഥയെ വെല്ലുന്ന സംഭവവികാസങ്ങള്‍ക്കാണ് സമീപകാലത്തായി തമിഴ് രാഷ്ട്രീയം സാക്ഷ്യം വഹിക്കുന്നത്. എന്നാല്‍ ഇതിനെല്ലാം ക്ലൈമാക്‌സായിട്ടായിരന്നു കഴിഞ്ഞ ദിവസം തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെയടക്കം തറപറ്റിച്ചുകൊണ്ട് 108 സീറ്റുകളുമായി ഗംഭീര വിജയമാണ് വിജയിയുടെ തമിഴക വെട്രി കഴകമെന്ന രാഷ്ട്രീയ പാര്‍ട്ടി നേടിയത്. തമിഴ് സിനിമയുടെ തലയായ രജിനികാന്തിനും ഉലകനായകന്‍ കമലഹാസനും സാധിക്കാത്ത കാര്യമാണ് വിജയ് തന്റെ കന്നി തെരഞ്ഞെടുപ്പില്‍ തന്നെ സാധ്യമാക്കിയിരിക്കുന്നത്.
തമിഴ്‌നാട്ടില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ ചുരുങ്ങിയ സീറ്റുകളുടെ മാത്രം കുറവുള്ള വിജയ് ഇതിനോടകം ചരടുവലികളും ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പോലും അസാധ്യമെന്ന് വിലയിരുത്തിയ സാഹചര്യത്തില്‍ നിന്നും തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ താരത്തിന്റെ സിനിമയെ വെല്ലുന്ന ജീവിതക്കഥകളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
ഇതില്‍ പ്രധാനപ്പെട്ടത് വിജയ്ക്ക് സമാനമായി സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലെത്തി തമിഴ്‌നാട് മുഖ്യമന്ത്രിയാകുകയും തമിഴരുടെ അമ്മയാകുകയും ചെയ്ത ജയലളിതയുമായുള്ള താരത്തിന്റെ കണ്ടുമുട്ടലാണ്. 2013ല്‍ പുറത്തിറങ്ങിയ വിജയ് ചിത്രം തലൈവയുമായി ബന്ധപ്പെട്ടായിരുന്നു വിജയ് ജയലളിതയെ കണ്ടത്.
ടൈം റ്റു ലീഡ് എന്ന ടാഗ് ലൈനില്‍ എത്തിയ ചിത്രത്തിന്റെ റിലീസ് വൈകിയതോടെയാണ് വിജയ് ജയലളിതയെ ചെന്ന് കണ്ടത്. ജയലളിതയുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ അന്നത്തെ മുഖ്യമന്തിയെ കാത്തുനില്‍ക്കുകയും അവരുടെ വാഹനത്തിന്റെ അടുത്ത് ചെന്ന് കൈ കൂപ്പി കാര്യങ്ങള്‍ പറയുകയും ചെയ്ത താരത്തിന്റെ ഫോട്ടോ വലിയ രീതിയില്‍ ട്രോളുകള്‍ക്ക് ഇരയായിരുന്നു.
പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം മുഖ്യമന്ത്രിയെ കാണാന്‍ കാത്തിരുന്നയാള്‍ ഇന്ന് അതേ മുഖ്യമന്ത്രിയുടെ പാര്‍ട്ടിയെ അടക്കം ബഹുദൂരം പിന്നിലാക്കി തമിഴ്‌നാട്ടിലെ അടുത്ത സി.എം ആകാന്‍ പോകുന്നുവെന്ന സിനിമാറ്റിക് സംഭവങ്ങള്‍ക്കാണ് ജനങ്ങള്‍ ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. അതേസമയം രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിന് മുമ്പ് വിജയ് അഭിനയിച്ച അവസാന ചിത്രം ജനനായകന്‍ ഇലക്ഷന് മുന്നേ റിലീസ് ചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. ഇപ്പോഴിതാ മുഖ്യമന്ത്രി ടാഗില്‍ തന്നെ താരത്തിന്റെ ചിത്രം പുറത്തിറക്കാമെന്ന ആവേശത്തിലാണ് ആരാധകര്‍.
Content Highlight: Actor Vijay’s victory in Tamilnadu reflects actor’s cinematic life
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.