സമീപകാല ഇന്ത്യയില്‍ രാജ്യം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്നാണ് സിനിമാ ജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്കിറങ്ങുന്ന വിജയ് യും താരത്തിന്റെ അവസാന ചിത്രം ജന നായകനും. ജനുവരി 9 ന് പൊങ്കല്‍ റിലീസായി എത്തേണ്ടിയിരുന്ന ചിത്രം സെന്‍സര്‍ ബോര്‍ഡുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാല്‍ റിലീസ് ചെയ്യാനാകാതെ പ്രതിസന്ധിയിലായിരുന്നു.
വിജയ് എന്‍.ഡി.ടി.വി ടീമിനൊപ്പം. Photo: Shiv Aroor/ X.com
തമിഴ്‌നാട് നിയമസഭാ തെരഞ്ഞടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ റിലീസ് ചെയ്യാനിരുന്ന ജന നായകനിലെ രാഷ്ട്രീയ ഉള്ളടക്കത്തെ തുടര്‍ന്നാണ് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നും 40 കോടിയോളം രൂപയുടെ ഓണ്‍ലൈന്‍ പ്രീ ടിക്കറ്റ് ബുക്കിങ് ചെയ്തതിന് ശേഷമായിരുന്നു ചിത്രത്തിന്റെ റിലീസ് മുടങ്ങിയത്.
ദേശീയ മാധ്യമമയായ എന്‍.ഡി.ടി.വിക്ക് നല്‍കിയ ഏറ്റവും പുതിയ അഭിമുഖത്തില്‍ ചിത്രം നേരിട്ട പ്രതിസന്ധികളെക്കുറിച്ചും നിര്‍മാതാവിനെക്കുറിച്ചും വിജയ് സംസാരിച്ചതായിട്ടുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. രാഷ്ട്രീയ പ്രവേശനത്തിന് ശേഷം വിജയ് നല്‍കുന്ന ആദ്യ അഭിമുഖത്തിന്റെ വീഡിയോ പുറത്തുവന്നിട്ടില്ല.
ജന നായകന്‍ റിലീസ് വൈകിയതുമായി ബന്ധപ്പെട്ട് നിര്‍മാതാവിനുണ്ടായ ബുദ്ധിമുട്ടുകള്‍ താന്‍ വളരെയധികം മനസ്സിലാക്കുന്നുവെന്ന് പറഞ്ഞ വിജയ് തന്റെ രാഷ്ടീയ നിലപാടുകള്‍ കാരണം ചിത്രം പ്രതിസന്ധികള്‍ നേരിടുമെന്ന് അറിയാമായിരുന്നുവെന്നും ഇതിനായി മാനസികമായി തയ്യാറെടുത്തിരുന്നുവെന്നും പറഞ്ഞതായി എന്‍.ഡി.ടി.വിയുടെ എഡിറ്റര്‍ ഇന്‍ ചീഫ് രാഹുല്‍ കന്‍വാള്‍ റിപ്പോര്‍ട്ട് ചെയ്തു.
വിജയ്. Photo: Vijay/ X.com
എച്ച്. വിനോദ് സംവിധാനം ചെയ്ത ജന നായകന്റെ ട്രെയ്‌ലറില്‍ വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയത് ശ്രദ്ധേയമായിരുന്നു. ബാലയ്യ നായകനായ തെലുങ്ക് ചിത്രം ഭഗവന്ത് കേസരിയുടെ റീമേക്കാണ് ചിത്രമെന്നും ഇതിന്റെ രണ്ടാം പകുതിയില്‍ ചെറിയ വ്യത്യാസങ്ങള്‍ വരുത്തിയിട്ടുമുണ്ടെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. ഇന്ത്യയിലെ ഭരണം നിയന്ത്രിക്കുന്നതിനായി വിദേശത്തെ കോര്‍പ്പറേറ്റ് ശക്തികള്‍ ശ്രമിക്കുന്നതായും ഇത് രാജ്യത്തെ മതസൗഹാര്‍ദത്തെ തകര്‍ക്കുമെന്നുമായിരുന്നു ചിത്രം കണ്ട സെന്‍സര്‍ ബോര്‍ഡിന്റെ വാദം.
സെന്‍സര്‍ ബോര്‍ഡില്‍ നിന്നും അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ സിനിമയുടെ പുതിയ റിലീസ് തിയ്യതിയും പ്രതിസന്ധിയിലായിരിക്കുകയാണ്. തമിഴ്‌നാട് തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ അടുത്ത മാസം ചിത്രം റിലീസ് ചെയ്യുക വെല്ലുവിളിയായിരിക്കും. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ നിലവില്‍ വന്നാല്‍ ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവെക്കപ്പെടാനുള്ള സാഹചര്യമുണ്ട്. അതിനാല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലും ജന നായകന്റെ റിലീസ് നീണ്ടുപോയേക്കാം.
Content Highlight: actor Vijay quoted by NDTV says he feels deeply for Jana Nayagan producer
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.