മലയാളികളുടെ പ്രിയ നടനാണ് ടൊവിനോ തോമസ്. നരിവേട്ടയാണ് ടൊവിനോയുടെ ഏറ്റവും പുതിയ ചിത്രം. അതിന് മുന്‍പ് റിലീസ് ചെയ്ത എമ്പുരാനിലെ ടൊവിനോയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
എന്നാല്‍ കരിയറില്‍ നിന്നും ചെറിയൊരു ബ്രേക്ക് ഈ വര്‍ഷം ടൊവിനോ എടുത്തു. എന്നാല്‍ അത്തരമൊരു ബ്രേക്ക് ആരും അറിഞ്ഞിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
കഴിഞ്ഞ ആറ് മാസത്തിനിടെ താന്‍ ഒരു സിനിമ പോലും ചെയ്തിട്ടില്ലെന്ന് പറയുകയാണ് ടൊവിനോ. മുന്‍പ് ചെയ്തുവെച്ച സിനിമകളുടെ റിലീസുകള്‍ ഉള്ളതുകൊണ്ടാണ് ആ ബ്രേക്ക് അറിയാതിരുന്നതെന്നും ടൊവിനോ പറയുന്നു. പേളി മാണി ഷോയില്‍ സംസാരിക്കുകയായിരുന്നു ടൊവിനോ.
‘ഇപ്പോള്‍ എന്റെ ലൈഫില്‍ ഞാന്‍ കുറച്ച് ട്രാവലും പരിപാടിയുമൊക്കെ കഴിഞ്ഞ് ഹാപ്പിയായി വന്നിരിക്കുകയാണ്. ഈ വര്‍ഷം ഞാന്‍ ഇതുവരെ ഷൂട്ട് തുടങ്ങിയിട്ടില്ല.
ജൂണിലൊക്കെയേ ഷൂട്ട് തുടങ്ങുകയുള്ളൂ. ഈ വര്‍ഷത്തിലെ ആദ്യ ആറ് മാസം ഞാന്‍ ട്രാവല്‍ ചെയ്യാനായി മാറ്റിവെച്ചിരിക്കുകയാണ്. എമ്പുരാന്റെ റിലീസ് മരണമാസിന്റെ റിലീസ് നരിവേട്ടയുടെ റിലീസ് ഇതൊക്കെ ഇതിനിടെ സംഭവിച്ചു.
നേരത്തെ ചെയ്ത് വെച്ച ചില സിനിമകള്‍ ഉള്ളതുകാരണം ഞാന്‍ ഒരു ബ്രേക്ക് എടുത്ത് പോയേക്കുവാണെന്ന് തോന്നില്ല. ഒരു ആറ് മാസം ഞാന്‍ ഷൂട്ടില്‍ നിന്ന് ബ്രേക്ക് എടുത്ത് ട്രാവല്‍ ചെയ്യാന്‍ തീരുമാനിച്ചതാണ്. അങ്ങനെ ട്രാവല്‍ ചെയ്തുകൊണ്ടിരിക്കുകയാണ്,’ ടൊവിനോ പറഞ്ഞു.
ഏത് സിനിമ ചെയ്യുമ്പോഴും കഥയും ടീമും നല്ലതായിരിക്കണമെന്ന് ആഗ്രഹിക്കാറുണ്ടെന്നും ഇപ്പോഴും സിനിമകളില്‍ നിന്ന് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ടൊവിനോ പറഞ്ഞു.
‘വര്‍ക്ക് ചെയ്തിട്ടുള്ള സംവിധായകര്‍, അഭിനേതാക്കള്‍, ടെക്‌നീഷ്യന്‍സ് ഇവരില്‍ നിന്നൊക്കെ നമുക്ക് എന്തെങ്കിലും പഠിക്കാനുണ്ടാകും. ഏതെങ്കിലും സമയത്ത് അവര്‍ പറഞ്ഞ കാര്യങ്ങള്‍ നമുക്ക് സ്‌ട്രൈക്ക് ചെയ്യും. അത് നമ്മള്‍ അത് ഫോളോ ചെയ്യുകയും അതില്‍ റിസേര്‍ച്ച് നടത്തുകയുമൊക്കെ ചെയ്യാറുണ്ട്.
ഞാന്‍ ഫിലിം സ്‌കൂളില്‍ നിന്ന് പഠിച്ച് ഇറങ്ങിയ ആളല്ല. അഭിനയിക്കാന്‍ അറിയുമോ എന്ന് പോലും അറിയാത്ത സമയത്താണ് സിനിമയില്‍ വന്നത്.
സിനിമയില്‍ വന്ന ശേഷമാണ് എന്തെങ്കിലും പഠിച്ചത്. അപ്പോഴും പല തരം സിനിമകള്‍ ചെയ്തുനോക്കണമെന്നും എന്നാലേ എനിക്ക് എന്റെ പൊട്ടന്‍ഷ്യല്‍ മനസിലാക്കാന്‍ കഴിയൂവെന്നുമാണ് ഞാന്‍ കരുതുന്നത്.
ഇപ്പോഴും എനിക്ക് അറിയില്ല എന്താണ് എന്റെ പൊട്ടെന്‍ഷ്യല്‍ എന്ന്. ചെയ്ത് ഒരെണ്ണം സക്‌സസ് ആയി എന്ന് നാട്ടുകാര്‍ പറയുമ്പോഴാണ് അതെനിക്ക് പറ്റുമെന്ന് ഞാന്‍ സ്വയം റിയലൈസ് ചെയ്യുന്നത്.
ഒരു കഥാപാത്രത്തെ ക്യാമറയുടെ മുന്‍പില്‍ ചെയ്ത് തുടങ്ങി ആദ്യത്തെ ഷോട്ട് കഴിയുമ്പോള്‍ മാത്രമേ ഇത് ഇങ്ങനെയാണ്, ഇതാണ് ഇതിന്റെ പരിപാടി എന്ന് നമുക്ക് മനസിലാവുള്ളൂ,’ ടൊവിനോ പറയുന്നു.
Content Highlight: Actor Tovino Thomas about his Career and Break