| Wednesday, 5th March 2025, 3:51 pm

ആ സംവിധായകൻ ചൂടനാണ്; തെറ്റ് വരുത്തിയാൽ കഴുതക്കുട്ടിയെന്ന് വിളിച്ച് ചീത്ത വിളിക്കും: നടൻ ടോണി ആൻ്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാ-സീരിയൽ കലാരംഗത്ത് വളരെ കാലമായി പ്രവർത്തിക്കുന്ന നടനാണ് ടോണി ആൻ്റണി. നാടകാഭിനയത്തിൽ നിന്നുമാണ് ടോണി ആൻ്റണി സിനിമയിലേക്ക് എത്തിയത്. പിന്നീട് സിനിമയിൽ നിന്നും സീരിയലിലേക്ക് ചുവടുവെക്കുകയും ചെയ്തു. 160ഓളം സിനിമകളുടെ ഭാഗമായിട്ടുണ്ട്.

സംവിധായകൻ ഐ.വി. ശശിയെക്കുറിച്ച് സംസാരിക്കുകയാണ് ടോണി ആൻ്റണി. മൈൽസ്റ്റോൺ മേക്കേഴ്സ് മാക്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഐ.വി. ശശി ചൂടനാണെന്നും എന്നിരുന്നാലും ആരെങ്കിലും നന്നായി അഭിനയിച്ചാൽ ഭയങ്കരമായി ഇഷ്ടപ്പെടുകയും കെട്ടിപ്പിടിക്കുകയും ഒക്കെ ചെയ്യുമെന്നും ടോണി ആൻ്റണി പറഞ്ഞു.

‘ആര് നന്നായി അഭിനയിച്ചാലും ഭയങ്കരമായിട്ട് ഇഷ്ടപ്പെടും. പുതിയ ആളായാലും കെട്ടിപ്പിടിക്കുകയൊക്കെ ചെയ്യും. നന്നായിട്ടുണ്ടെന്നും പറയും. എന്നാൽ എന്തെങ്കിലും മിസ്റ്റേക്ക് വന്നാൽ കഴുതക്കുട്ടി എന്ന് പറഞ്ഞാണ് വഴക്ക് പറയുക.

സൂപ്പർ സംവിധായകനാണ്. ആയിരം പേരെ നിർത്തി സിനിമയെടുക്കണം എന്ന് വിചാരിച്ചാലും അദ്ദേഹത്തിന് അത് ചെയ്യാൻ പറ്റും. ജനങ്ങളുടെ ഉള്ളിൽ കയറി സംവിധാനം ചെയ്യുന്ന സംവിധായകനാണ് ഐ. വി. ശശി,’ ടോണി ആൻ്ണി പറഞ്ഞു.

മലയാളത്തിലെ പ്രശസ്ത സംവിധായകനായിരുന്നു ഐ.വി. ശശി. തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകൻ. തൻ്റെ സിനിമകളിലൂടെ ആരും പറയാത്ത പല വിഷയങ്ങളും എടുത്ത് അദ്ദേഹം പ്രേഷകരുടെ മുന്നിൽ അവതരിപ്പിച്ചു. മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തേയും മികച്ച സിനിമയായ അവളുടെ രാവുകൾ സംവിധാനം ചെയ്തത് ഐ. വി. ശശിയാണ്.

ലൈംഗിക തൊഴിലാളിയുടെ ജീവിതകഥയാണ് ചിത്രത്തിന്റെ പ്രമേയമായി അവതരിപ്പിച്ചത്. മലയാളത്തിൽ ഹിറ്റായ സിനിമ പിന്നീട് ഹിന്ദി, തമിഴ് എന്നീ ഭാഷകളിലും പുറത്തിറങ്ങി. മമ്മൂട്ടിയേയും മോഹൻലാലിനേയും ആദ്യമായി ഒരുമിച്ച് കൊണ്ടുവന്ന സംവിധായകൻ കൂടിയാണ് ഐ. വി ശശി.

Content Highlight: Actor Tony Antony speaks about director I V Sasi

We use cookies to give you the best possible experience. Learn more