| Thursday, 25th June 2026, 2:53 pm

ഇവരുടെയൊക്കെ അഭിനയം കണ്ടപ്പോള്‍ സ്വന്തം കഴിവ് പൊടിതട്ടിയെടുക്കണമെന്ന് തോന്നി; മലയാളത്തില്‍ നിന്നുള്ള മറ്റൊരു രത്‌നം; ബാലനെ കുറിച്ച് സൂര്യ

അക്ഷര

മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ബോക്‌സ് ഓഫീസ് ഹിറ്റിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ബാലന്‍ സിനിമയ്ക്ക് പ്രശംസയുമായി തമിഴ് സൂപ്പര്‍ താരം സൂര്യ.

ജിത്തു മാധവന്റെ കഥയില്‍ ചിദംബരം ഒരുക്കിയ ബാലന്‍ മലയാള സിനിമയില്‍ നിന്നുള്ള മറ്റൊരു രത്‌നമാണെന്നും സിനിമയുടെ ഹാങ് ഓവറില്‍ നിന്നും താന്‍ ഇപ്പോഴും മുക്തനായിട്ടില്ലെന്നും സൂര്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

പുതുമുഖങ്ങളുടെ തകര്‍പ്പന്‍ പ്രകടനത്തെയും ടൊവിനോ തോമസിന്റെ അഭിനയത്തെയും എടുത്തുപറഞ്ഞുകൊണ്ടാണ് സൂര്യയുടെ ട്വീറ്റ്.

‘ഞാന്‍ ‘ബാലന്‍’ കണ്ടു, അതിന്റെ ഹാങ് ഓവറില്‍ നിന്നും ഞാന്‍ ഇപ്പോഴും മുക്തനായിട്ടില്ല. ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന വന്‍ വിജയത്തിന് ശേഷം ഇങ്ങനെയൊരു സിനിമ ചെയ്യാന്‍ തെരഞ്ഞെടുത്തതിലൂടെ സംവിധായകന്‍ ചിദംബരവും അദ്ദേഹത്തിന്റെ ടീമും പ്രേക്ഷകര്‍ക്ക് എന്താണ് നല്‍കേണ്ടത് എന്നതിനെക്കുറിച്ച് എല്ലാം പറഞ്ഞുതരുന്നുണ്ട്. മലയാള സിനിമയില്‍ നിന്നുള്ള മറ്റൊരു രത്‌നമാണ് ഈ ചിത്രം.

സൂര്യയും ജ്യോതികയും ചിദംബരത്തിനൊപ്പം Photo: Suria/X.com

ജിത്തു മാധവന്റെ ഈ വേറിട്ട കഥയ്ക്കും ഏതാണ്ട് മുഴുവനായും പുതുമുഖങ്ങളായ ഒരു കാസ്റ്റിനെ വിശ്വസിച്ച് ഇത്രയും പ്രവചനാതീതമായ ഒരു സിനിമ വിജയകരമായി ചെയ്‌തെടുത്തതിനും സംവിധായകനോട് വലിയ ബഹുമാനം തോന്നുന്നു.

ഫര്‍സാന പാലത്തിങ്കല്‍, ആദിശേഷന്‍ കെ.ആര്‍, മുഹമ്മദ് സിനാന്‍ എന്നിവര്‍ക്കൊപ്പം അബ്ബാസ് എന്ന കഥാപാത്രമായി മികച്ച പ്രകടനം കാഴ്ചവെച്ച ടൊവിനോയും ചിത്രത്തില്‍ ഞെട്ടിച്ചു.

അഭിനയം, തിരക്കഥ, ഛായാഗ്രഹണം, സംഗീതം, കല, ശബ്ദം… അങ്ങനെ സിനിമയുടെ എല്ലാ മേഖലകളും മികച്ചുനിന്നു. ശരിക്കും എന്നെ വിസ്മയിപ്പിച്ചു കളഞ്ഞു ബാലന്‍.

ഈ പുതുമുഖങ്ങളുടെ അഭിനയം കണ്ടപ്പോള്‍ എനിക്ക് എന്റെ സ്വന്തം കഴിവുകള്‍ ഒന്നുകൂടി പൊടിതട്ടിയെടുക്കേണ്ടതുണ്ടെന്ന് തോന്നിപ്പോയി. അണിയറപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍.’ സൂര്യ കുറിച്ചു.

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന ഇന്‍ഡസ്ട്രി ഹിറ്റിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രതീക്ഷയോടെയാണ് ‘ബാലന്‍’ തിയേറ്ററുകളിലെത്തിയത്. കഴിഞ്ഞ ദിവസം നടിയും സൂര്യയുടെ പങ്കാളിയുമായ ജ്യോതികയും ബാലനെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു.

Content Highlight: Actor Suriya Sivakumar about Balan Movie

അക്ഷര

We use cookies to give you the best possible experience. Learn more