തമിഴിലെ മികച്ച നടന്മാരില്‍ ഒരാളാണ് സൂര്യ. മണിരത്നം നിര്‍മിച്ച നേര്‍ക്കു നേര്‍ എന്ന ചിത്രത്തിലൂടെയാണ് സൂര്യ തന്റെ സിനിമാജീവിതം ആരംഭിച്ചത്. ബാല സംവിധാനം ചെയ്ത നന്ദ എന്ന ചിത്രത്തിലൂടെ താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ഇന്ന് ഇന്ത്യന്‍ സിനിമയിലെ എണ്ണംപറഞ്ഞ നടന്‍മാരില്‍ ഒരാളാണ് അദ്ദേഹം. സൂരറൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും സൂര്യയെ തേടിയെത്തി.
താനൊരിക്കലും മികച്ച അഭിനേതാവല്ലെന്ന് പറയുകയാണ് സൂര്യ. ഒരുപാടാളുകള്‍ തന്നെ ഓവര്‍ ആക്ടിങ് ആണെന്ന് പറയാറുണ്ടെന്നും എന്നാല്‍ താന്‍ സംവിധായകന്‍ ബാലയുടെ ശിഷ്യനാണെന്നും സൂര്യ പറഞ്ഞു. ചില കഥാപാത്രങ്ങള്‍ തനിക്ക് ചെയ്യാന്‍ കഴിയുമെന്നും ചിലത് കഴിയില്ലെന്നും പറഞ്ഞ സൂര്യ മെയ്യഴകനില്‍ കാര്‍ത്തി ചെയ്തതുപോലൊരു വേഷം തനിക്ക് ചെയ്യാന്‍ കഴിയില്ലെന്നും വ്യക്തമാക്കി.
‘ഞാന്‍ ഒരിക്കലും ഒരു ഗ്രേറ്റ് ആക്ടര്‍ അല്ല. ഒരുപാട് ആളുകള്‍ ഞാന്‍ ഓവര്‍ ആക്ടിങ് ആണെന്ന് പറയാറുണ്ട്. എന്നാല്‍ ബാല സാര്‍ എന്നോട് പറഞ്ഞ കാര്യത്തിലാണ് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നത്. ‘എടാ, ക്യാമറയുടെ മുമ്പില്‍ സത്യസന്ധമായി ഇരിക്കണം. ശരിക്കുമുള്ള ഇമോഷനില്‍ നിന്ന് നീ മാറിപോയിട്ടുണ്ടെങ്കില്‍ അത് എന്നോട് വന്ന് പറയണം. അത് നീ വന്ന് പറഞ്ഞാല്‍ ഞാന്‍ ഒരുപാട് സന്തോഷിക്കും’ എന്ന് അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്.
ആ യൂണിവേഴ്‌സിറ്റില്‍ നിന്ന് പഠിച്ചിട്ട് വന്നതുകൊണ്ടുതന്നെ എന്റെ ബെസ്റ്റ് കൊടുക്കാന്‍ ഞാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. ചിലത് എന്നെകൊണ്ട് ചെയ്യാന്‍ കഴിയും, എന്നാല്‍ ചിലത് എന്നെകൊണ്ട് എത്ര ശ്രമിച്ചാലും ചെയ്യാന്‍ കഴിയുകയേയില്ല.
മെയ്യഴകന്‍ എന്ന സിനിമ പോലെ ഒന്ന് എന്നെകൊണ്ട് ചെയ്യാന്‍ ഒരിക്കലും കഴിയില്ല. അതില്‍ കാര്‍ത്തി ചെയ്ത റോളൊന്നും എനിക്ക് ഒരിക്കലും ചെയ്യാന്‍ സാധിക്കില്ല. അതൊക്കെ എന്നെകൊണ്ട് കഴിയില്ലെന്ന കാര്യം രണ്ടുകയ്യും പൊക്കി ഞാന്‍ സമ്മതിക്കും,’ സൂര്യ പറയുന്നു.
Content Highlight: Actor Suriya Says He Is Not A Great Actor