ഈ പോക്ക് തുടർന്നാൽ ഇനി അടുത്ത കാലത്തൊന്നും മലയാളത്തിലേക്കൊരു തിരിച്ചുവരവ് ഉണ്ടാകില്ലേ? സുരാജിന്റെ തമിഴ് ചിത്രങ്ങൾ ചർച്ചയാക്കി സോഷ്യൽ മീഡിയ
indian cinema
ഈ പോക്ക് തുടർന്നാൽ ഇനി അടുത്ത കാലത്തൊന്നും മലയാളത്തിലേക്കൊരു തിരിച്ചുവരവ് ഉണ്ടാകില്ലേ? സുരാജിന്റെ തമിഴ് ചിത്രങ്ങൾ ചർച്ചയാക്കി സോഷ്യൽ മീഡിയ
നന്ദന എം.സി
Monday, 9th March 2026, 11:32 am

 

കോമഡി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. തുടക്കകാലത്ത് കോമഡി വേഷങ്ങളിലൂടെയാണ് അദ്ദേഹം മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയതെങ്കിലും പിന്നീട് ക്യാരക്ടർ റോളുകളും സീരിയസ് വേഷങ്ങളും അവതരിപ്പിച്ച് തന്റെ അഭിനയ വൈവിധ്യം തെളിയിച്ചു.

മലയാളത്തിന് പുറമെ ഇപ്പോൾ തമിഴ് സിനിമാരംഗത്തും ശ്രദ്ധേയമായ മുന്നേറ്റമാണ് സുരാജ് നടത്തുന്നത്. അടുത്തകാലത്ത് തമിഴിൽ ലഭിക്കുന്ന അവസരങ്ങളും ചിത്രങ്ങളുടെ എണ്ണവും സോഷ്യൽ മീഡിയയിൽ ആരാധകർ ചർച്ചയാക്കുകയാണ്.

കഴിഞ്ഞ ഒരു വർഷത്തിനിടെ സുരാജ് നാല് തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. വിക്രമിന്റെ വീര ധീര സൂര, രജനികാന്തിന്റെ ജയിലർ 2, കെൻ കരുണാസിന്റെ യൂത്ത്, ധനുഷിന്റെ കരാ എന്നീ ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചത്.

സുരാജ് വെഞ്ഞാറമൂട്, Photo: IMDb

ഇതോടൊപ്പം രജനികാന്തിന്റെ മകൾ ഐശ്വര്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും സുരാജ് പ്രധാന വേഷത്തിലെത്തുന്നുണ്ട്. ടെക്സ്ല എന്ന ചിത്രത്തിൽ ജയ് സമ്പത്തും മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു.

വളരെ ചുരുങ്ങിയ സമയത്തിനിടെ ഇത്രയും തമിഴ് ചിത്രങ്ങളിൽ പ്രധാന വേഷങ്ങൾ ലഭിച്ച മലയാളി നടൻ സുരാജ് തന്നെയാകാമെന്ന അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

ഈ മുന്നേറ്റം തുടരുകയാണെങ്കിൽ ഇനി മലയാള സിനിമയെക്കാൾ തമിഴിൽ കൂടുതൽ തിരക്കിലാകുമോ എന്ന ആശങ്കയും ചില ആരാധകർ പങ്കുവെക്കുന്നു.

തമിഴ് സിനിമയിൽ പ്രധാന കഥാപാത്രമായി സുരാജ് തിളങ്ങുകയാണെങ്കിൽ അദ്ദേഹത്തിന്റെ അഭിനയശേഷിയും കഥാപാത്രങ്ങളിലെ പക്വതയും കൂടുതൽ പ്രേക്ഷകർ തിരിച്ചറിയുമെന്നും ആരാധകർ പറയുന്നു.

ജയ് സമ്പത്തുപോലുള്ള നടന്മാരോടൊപ്പം അവരെക്കാൾ സ്ക്രീൻ പ്രസൻസ് ലഭിക്കുന്നത് തന്നെ സുരാജ് എന്ന നടന്റെ കഴിവാണെന്നും ആരാധകർ അഭിപ്രായപ്പെടുന്നു.

സുരാജ് വെഞ്ഞാറമൂട്, Photo: IMDb

ജയ് സമ്പത്തിനൊപ്പം എത്തുന്ന ടെക്സ്ല എന്ന ചിത്രത്തിൽ ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന ചിത്രത്തിലെപ്പോലുള്ള ഒരു കഥാപാത്രമായിരിക്കാമെന്നാണ് ആരാധകരുടെ അനുമാനം.

അത്തരം കഥാപാത്രങ്ങളെ അതീവ സ്വാഭാവികമായി അവതരിപ്പിക്കാൻ കഴിയുന്ന നടനാണ് സുരാജ് വെഞ്ഞാറമൂട് എന്നും സോഷ്യൽ മീഡിയ പലരും പങ്കു വെക്കുന്നു. എന്തൊക്കെയായാലും സുരാജിന്റെ ഈ ഒരു വളർച്ച ഏറെ സന്തോഷത്തോടെയാണ് ആരാധകർ നോക്കികാണുന്നത്.

Content Highlight: Actor Suraj Venjaramoodu’s Tamil films have become a topic on social media.

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.