മിമിക്രിയിലൂടെ കരിയര്‍ ആരംഭിച്ച് ഹാസ്യവേഷങ്ങളിലൂടെ മലയാള സിനിമയില്‍ തുടക്കം കുറിച്ച താരമാണ് സുരാജ് വെഞ്ഞാറമൂട്. രസികന്‍ അച്ചുവിന്റെ അമ്മ, ബസ് കണ്ടക്ടര്‍ തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളിലൂടെ വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ട സുരാജ് ദശമൂലം ദാമുവടക്കം മറക്കാനാവാത്ത ഒട്ടനവധി ഹാസ്യകഥാപാത്രങ്ങളെയാണ് പ്രേക്ഷകര്‍ക്ക് നല്‍കിയിരിക്കുന്നത്. എന്നാല്‍ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ടാണ് 2015 ല്‍ പുറത്തിറങ്ങിയ പേരറിയാത്തവന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ദേശീയ പുരസ്‌കാരം താരം സ്വന്തമാക്കിയത്.
പിന്നീട് ഹാസ്യകഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുന്നതിനൊപ്പം തെണ്ടിമുതലും ദൃക്‌സാക്ഷിയും, ആക്ഷന്‍ ഹീറോ ബിജു തുടങ്ങിയ ചിത്രങ്ങളിലെ സ്വഭാവ വേഷങ്ങളിലൂടെ കൈയടി നേടുകയും ചെയ്തു. മലയാള ചിത്രങ്ങള്‍ക്കൊപ്പം തമിഴിലും സജീവമായ സുരാജിന്റെ വരാനിരിക്കുന്ന ചിത്രങ്ങളാണ് കെന്‍ കരുണാസ് സംവിധാനം ചെയ്യുന്ന യൂത്തും നെല്‍സണിന്റെ സംവിധാനത്തിലൊരുങ്ങുന്ന ജയിലര്‍ 2വും.
മാര്‍ച്ച് 19ന് തിയേറ്ററുകളിലെത്തുന്ന യൂത്ത് ചിത്രവുമായി ബന്ധപ്പെട്ട് ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സുരാജ് ജയിലര്‍ 2 വിനെക്കുറിച്ചും രജിനികാന്തിനെക്കുറിച്ചും പറയുന്ന വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. വലിയ ഹൈപ്പില്‍ ഒരുങ്ങുന്ന ചിത്രത്തെക്കുറിച്ചുളള അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
‘ജയിലര്‍ 2 ആദ്യ ഭാഗത്തിനെക്കാളും അടിപൊളിയായിട്ടാണ് രണ്ടാം ഭാഗം എടുത്തുവെച്ചിരിക്കുന്നത്. രജിനി സാറുടെ കൂടെ ആദ്യമായിട്ടാണ് ഞാന്‍ അഭിനയിക്കുന്നത്. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കണം എന്നായിരുന്നില്ല നേരിട്ട് കാണണം എന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാന്‍ അവസരം ലഭിച്ചു. അതിന് ഞാന്‍ ദൈവത്തോട് നന്ദി പറയുകയാണ്. ഒരോ സീനിലും ഓരോ ഷോട്ടിലും നമ്മളെ ആശ്ചര്യപ്പെടുത്തുന്ന ആളാണ് രജിനി സാര്‍. അങ്ങനെയൊരു മജീഷ്യനാണ് അദ്ദേഹം,’ സുരാജ് പറഞ്ഞു.
യൂത്ത്. Photo: Book My show
നെല്‍സണ്‍ സംവിധാനം ചെയ്ത് 2023 ല്‍ തിയേറ്ററുകളിലെത്തി വലിയ വിജയം നേടിയ ചിത്രമായിരുന്നു ജയ്‌ലര്‍. മലയാളത്തില്‍ നിന്നും സൂപ്പര്‍ താരം മോഹന്‍ലാല്‍ കാമിയോ റോളിലെത്തിയ ചിത്രത്തില്‍ പ്രധാന വില്ലനായെത്തിയത് വിനായകനായിരുന്നു. രജിനികാന്തിന്റെ സ്വാഗിന് പുറമെ കാമിയോ റോളിലെത്തിയവരുടെ പ്രകടനങ്ങള്‍ കൊണ്ട് ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനും പ്രധാനവേഷത്തിലെത്തുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം നവാഗതനായ കെന്‍കരുണാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കമിങ് ഓഫ് ഏജ് ഡ്രാമയാണ് യൂത്ത്. കെന്‍കരുണാസ് പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ അനിഷ്മ അനില്‍കുമാര്‍, ദേവദര്‍ശിനി, പ്രിയാന്‍ഷി യാദവ്, അബിസണ്‍ തേവരസ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു.
Content Highlight: Actor Suraj Venjaramod talks about Jailer 2 movie and Rajinikanth
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.