1996ല്‍ പുറത്തിറങ്ങിയ അക്കട അമ്മായി ഇക്കട അബ്ബായി എന്ന തെലുങ്ക് ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമാ ജീവിതം ആരംഭിച്ച തെലുങ്ക് നടനാണ് സുനില്‍. കോമഡി വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം എസ്.എസ്.രാജമൗലി സംവിധാനം ചെയ്ത് 2010ല്‍ തിയേറ്ററുകളിലെത്തിയ മര്യാദ രാമണ്ണ എന്ന ചിത്രത്തിലൂടെ നായകനായും തിളങ്ങിയിരുന്നു. എന്നാല്‍ താരത്തിന് വില്ലന്‍ വേഷത്തില്‍ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിക്കൊടുത്ത ചിത്രമായിരുന്നു സുകുമാര്‍ സംവിധാനം ചെയ്ത് 2021ല്‍ പുറത്തിറങ്ങിയ പുഷ്പ ദി റൈസും 2024ല്‍ പുറത്തിറങ്ങിയ പുഷ്പ ദി റൂളും.
ചിത്രത്തില്‍ മംഗളശീലനെന്ന കൊടും വില്ലനായിട്ടായിരുന്നു താരത്തിന്റെ വേഷപകര്‍ച്ച. പിന്നാലെ മമ്മൂട്ടി നായകനായ മാസ് ആക്ഷന്‍ ചിത്രം ടര്‍ബോയിലും വില്ലനായി താരം പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് ശേഷം സുനില്‍ വേഷമിടുന്ന മലയാള ചിത്രമാണ് മെയ് 28ന് റിലീസിനൊരുങ്ങുന്ന കാട്ടാളന്‍. ചിത്രവുമായി ബന്ധപ്പെട്ട് നടത്തിയ പ്രെസ് മീറ്റില്‍ മലയാളത്തിന്റെ സൂപ്പര്‍ താരം മമ്മൂട്ടിയെ കുറിച്ച് സുനില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
‘മമ്മൂട്ടി സാറിന്റെ എല്ലാ ചിത്രങ്ങളും തെലുങ്കിലേക്ക് ഡബ്ബ് ചെയ്തിരുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ വേറെയാണെങ്കിലും കോളേജില്‍ പഠിക്കുന്ന സമയത്ത് എല്ലാ ചിത്രങ്ങളും ഞാന്‍ കണ്ടിരുന്നു. ചിത്രം കാണുന്നത് മുതല്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കുക എന്നത് എന്റെ സ്വപ്‌നമായിരുന്നു. അങ്ങനെയാണ് ടര്‍ബോയിലൂടെ അത് സാധ്യമായത്. സാറിന്റെ അടുത്ത് നിന്നും എനിക്ക് വലിയ കോംപ്ലിമെന്റും ലഭിച്ചു. അത് കേട്ട് കഴിഞ്ഞ് സെറ്റില്‍ ആദ്യത്തെ രണ്ട് മണിക്കൂര്‍ ഞാന്‍ തരുത്ത് ഇരിക്കുകയായിരുന്നു. പിന്നീട് സന്തോഷം കൊണ്ട് ഞാന്‍ കരഞ്ഞു,’സുനില്‍ പറയുന്നു.
വൈശാഖിന്റെ സംവിധാനത്തില്‍ ടര്‍ബോ ജോസ് എന്ന കഥാപാത്രമായി മമ്മൂട്ടി വേഷമിട്ട ടര്‍ബോയില്‍ ഓട്ടോ ബില്ലയെന്ന കഥാപാത്രമായിട്ടായിരുന്നു സുനില്‍ പ്രത്യക്ഷപ്പെട്ടത്. കന്നട സൂപ്പര്‍ താരം രാജ്.ബി.ഷെട്ടി, കബീര്‍ ദുര്‍ഹാന്‍ സിങ്, ശബരീഷ് വര്‍മ, ദിലീഷ് പോത്തന്‍, അബു സലീം തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയിരുന്നു. വലിയ ഹൈപ്പിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചതെങ്കിലും 72 കോടിയിലധികം നേടിയാണ് ടര്‍ബോ തിയേറ്റര്‍ വിട്ടത്.
ആന്‍ണി വര്‍ഗീസ് പെപെയെ നായകനാക്കി പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന കാട്ടാളനില്‍ മാരി എന്ന കഥാപാത്രമായാണ് സുനില്‍ വേഷമിടുന്നത്. മാര്‍ക്കോയുടെ നിര്‍മാതാക്കളായ ക്യൂബ്‌സ് എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ദുഷാരാ വിജയന്‍, സിദ്ദിഖ്, ജഗദീഷ്, ഹനാന്‍ ഷാ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.
Content Highlight: Actor Sunil talks about his experience with Actor Mammootty in Turbo Movie
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.