അന്ന് തിയേറ്ററില്‍ ആട് കണ്ട് ആരും ചിരിച്ചില്ല; അനുഭവം പങ്കുവെച്ച് സുധി കോപ്പ
Malayalam Cinema
അന്ന് തിയേറ്ററില്‍ ആട് കണ്ട് ആരും ചിരിച്ചില്ല; അനുഭവം പങ്കുവെച്ച് സുധി കോപ്പ
അശ്വിന്‍ രാജേന്ദ്രന്‍
Thursday, 23rd July 2026, 9:28 am

ഒരേ ഫ്രഞ്ചൈസിയില്‍ നിന്നും പുറത്തിറങ്ങുന്ന ചിത്രങ്ങള്‍ക്ക് എന്നും മികച്ച വിജയം സമ്മാനിച്ച ഇന്‍ഡസ്ട്രിയാണ് മലയാളത്തിലേത്. ഈ വര്‍ഷം തന്നെ മലയാളത്തില്‍ പുറത്തിറങ്ങിയ നാല് ചിത്രങ്ങള്‍ സ്വീകലുകളായിരുന്നു. ആട് 3, വാഴ 2, ഭരതനാട്യം 2 മോഹിനായിട്ടം, ദൃശ്യം 3 തുടങ്ങി ഇത്തരത്തില്‍ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം റെക്കോഡ് കളക്ഷനാണ് ബോക്‌സ് ഓഫീസില്‍ നിന്നും സ്വന്തമാക്കിയത്. മിഥുന്‍ മാനുവല്‍ തോമസിന്റ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആടിന്റെ മൂന്നാം ഭാഗത്തിലൂടെ 2026ലെ ആദ്യത്തെ നൂറ് കോടിയായിരുന്നു ഷാജി പാപ്പനും പിള്ളേരും നേടിയെടുത്തത്.

2015ല്‍ പുറത്തിറങ്ങിയ ആടിന്റെ ആദ്യ ഭാഗം തിയേറ്ററുകളില്‍ ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു രണ്ടും മൂന്നും ഭാഗങ്ങള്‍ വമ്പന്‍ വിജയമാക്കി കൊണ്ട് ആട് മലയാളത്തില്‍ വമ്പന്‍ ജനപ്രീതി നേടിയെടുത്തത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങള്‍ക്കും പ്രത്യേകം ഫാന്‍ബേസുമുണ്ടായിരുന്നു. ഇത്തരത്തില്‍ ചിത്രത്തില്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയ കഥാപാത്രമാണ് സുധി കോപ്പ അവതരിപ്പിച്ച കഞ്ചാവ് സോമന്‍.

ആട് 3. Photo: X.com

അടുത്തിടെ ദി ഷോ സ്‌കേപ് ജേണലിന് നല്‍കിയ അഭിമുഖത്തില്‍ ആടിന്റെ ആദ്യ ഭാഗം തിയേറ്ററില്‍ പരാജയമയാതിനെ കുറിച്ച് സംസാരിക്കുകയാണ് സുധി കോപ്പ. ആദ്യ ദിവസം തിയേറ്ററില്‍ പോയപ്പോള്‍ ചിത്രത്തിലെ തമാശകള്‍ക്ക് ആരും ചിരിക്കുന്നുണ്ടായിരുന്നില്ലെന്ന് പറയുകയാണ് അദ്ദേഹം.

‘ഞാന്‍ ആദ്യമായി ഒരു മുഴുനീള റോള്‍ ചെയ്ത ചിത്രമാണ് ആമേന്‍, അത് വലിയ ഹിറ്റായി. തിയേറ്ററില്‍ പോയാണ് ചിത്രം കണ്ടത്. അതുപോലെ തന്നെയാണ് സപ്തമശ്രീ തസ്‌കരാഹ. ഇത്തരത്തില്‍ നമ്മള്‍ അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം ഓടുക എന്ന് പറയുന്നത് സന്തോഷമുള്ള കാര്യം തന്നെയാണ്. പക്ഷേ ആട് ആദ്യമായി റിലീസ് ചെയ്തപ്പോള്‍ പത്മയിലായിരുന്നു എല്ലാവരും ആദ്യ ഷോയ്ക്ക് പോയത്. ഇന്നത്തെ വനിത വിനീത പോലെയാണ് അന്നത്തെ പത്മ. അന്ന് സിനിമ കാണുമ്പോള്‍ തിയേറ്ററില്‍ ഒരാള്‍ പോലും ചിരിച്ചില്ല.

സുധി കോപ്പ. Photo: X.com

അത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലായില്ല. നമ്മളെക്കാള്‍ കൂടുതല്‍ അത് ബാധിച്ചത് മിഥുനെ ആയിരുന്നു. അതുപോലെ തന്നെ പ്രൊഡ്യൂസേഴ്‌സിനും ഒരുപാട് ബുദ്ധിമുട്ടുകള്‍ ഇത് കാരണം ഉണ്ടായി. എന്നാല്‍ ഡി.വി.ഡി വഴി പിന്നീട് ചിത്രം ഒരുപാട് പേരിലേക്ക് എത്തുകയും വലിയ ഹിറ്റായി മാറുകയും ചെയ്യുകയായിരുന്നു,’ സുധി പറഞ്ഞു.

Content Highlight: actor Sudhi Koppa talks about the setback faced by the first part of Aadu Movie

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.