| Friday, 4th July 2025, 2:45 pm

മണിച്ചിത്രത്താഴില്‍ എനിക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല, കുറച്ച് വിഷമമായി; ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി ഇതായിരുന്നു: സുധീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മണിച്ചിത്രത്താഴ് എന്ന ചിത്രത്തെ കുറിച്ചും ഷൂട്ടിങ് സമയത്ത് തനിക്കുണ്ടായ ചില സംശയങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ സുധീഷ്.

സിനിമയുടെ ആദ്യ ദിവസങ്ങളിലെ ചിത്രീകരണത്തില്‍ തനിക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ലെന്നും അതുവരെ നല്ല കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ടിരുന്ന തന്നെ എന്തിനാണ് ഈ റോളിലേക്ക് വിളിച്ചതെന്ന് തോന്നിയെന്നും സുധീഷ് പറയുന്നു.

‘ലാലേട്ടനുമായി ഒരു പടം ചെയ്യാനുള്ള കാത്തിരിപ്പിലായിരുന്നു ഞാന്‍. മുദ്ര കഴിഞ്ഞ ഉടനെ ലാലേട്ടനുമായി നല്ലൊരു സിനിമ കിട്ടിയിരുന്നു. അത് പക്ഷേ നഷ്ടപ്പെട്ടുപോയി. ആ പടം സൂപ്പര്‍ഹിറ്റായി.

ആ സിനിമയുടെ ഷൂട്ടിനായി ഞാന്‍ പോയതാണ്. പെട്ടെന്ന് ലാലേട്ടന് എന്തോ സുഖമില്ലാഞ്ഞിട്ട് രണ്ട് മാസത്തേക്ക് ഷൂട്ട് നീട്ടി. അതിന് ശേഷം എനിക്ക് കോളൊന്നും വന്നില്ല. ഭയങ്കരമായി വിഷമമായി.

ആ പടം ഗംഭീര പടമായിരുന്നു. ലാലേട്ടന്റെ മാസ്റ്റര്‍ പീസ് പടം എന്ന് പറയാം. ആ വിഷമം നില്‍ക്കുമ്പോഴാണ് ഫാസില്‍ സാര്‍ മണിച്ചിത്രത്താഴിലേക്ക് വിളിക്കുന്നത്.

നോക്കുമ്പോള്‍ ആ സിനിമയില്‍ ഒരുപാട് ആര്‍ടിസ്റ്റുകള്‍. മോഹന്‍ലാല്‍, സുരേഷ് ഗോപി, തിലകന്‍ ചേട്ടന്‍, നെടുമുടിചേട്ടന്‍, പപ്പു ചേട്ടന്‍ ആ കൂട്ടത്തില്‍ ഞാന്‍ ഒരു നരുന്ത്. ഞാന്‍ അതിന് മുന്‍പ് ചെയ്ത സിനിമകളെല്ലാം നല്ല ഹീറോ ടൈപ്പ് വേഷങ്ങളാണ്.

അനന്തരമാണെങ്കിലും മുദ്ര, ചെപ്പടിവിദ്യ, ആധാരം ഇതിലൊക്കെ ഒന്നുകില്‍ ഹീറോ അല്ലെങ്കില്‍ സെക്കന്റ് ഹീറോ. ഈ കൂട്ടത്തില്‍ ഞാന്‍ പോയി എന്ത് ചെയ്യാനാ എന്ന് ആലോചിച്ചു.

ആദ്യത്തെ കുറച്ച് ദിവസം വളരെ കുറച്ച് സാധനങ്ങളേ എടുക്കുന്നുള്ളൂ. ഗ്രൂപ്പിന്റെ കൂടെ എത്തി നോക്കുന്നതുപോലെ ചെറിയ ചില റിയാക്ഷന്‍സൊക്കെ, കൊച്ചു കൊച്ചു ഡയലോഗുകളൊക്കെ.

ആദ്യമൊക്കെ എനിക്ക് വിഷമമായി. അപ്പോള്‍ അസോസിയേറ്റിനോട് ചോദിച്ചപ്പോള്‍ വെയ്റ്റ് ചെയ്യ് ലാലേട്ടന്‍ വരട്ടെ. അതോടെ നമ്മുടെ സീനുകള്‍ ആരംഭിക്കുകയാണ് എന്ന് പറഞ്ഞു.

അങ്ങനെ ലാലേട്ടന്‍ വന്നു. അദ്ദേഹത്തിന്റെ കൂടെ കോമ്പിനേഷന്‍ ചെയ്യുന്നു. പിന്നെ അങ്ങോട്ട് കുറേ സീനെടുത്തു. ഞാനും ലാലേട്ടനുമായി എടുത്ത ആദ്യത്തെ സീന്‍, ആ ടെയ്ല്‍ എന്‍ഡ് സീനാണ്.

ഇവര്‍ വീട്ടില്‍ നിന്ന് യാത്ര പറഞ്ഞ് ഇറങ്ങുമ്പോള്‍ ഉള്ള സീന്‍. അതില്‍ ലാലേട്ടന്‍ എന്നെ നോക്കി കിണ്ടി എന്ന് വിളിക്കുന്നുണ്ട്. ആ സീനിലാണ് എന്നെ അദ്ദേഹം ആദ്യമായി അങ്ങനെ വിളിക്കുന്നത്.

അപ്പോഴാണ് ഞാന്‍ ഇത് അറിയുന്നത്. അതിന് മുന്‍പ് ചെയ്യേണ്ട സീനുകള്‍ ചെയ്തിട്ടില്ലല്ലോ. ആ ലാസ്റ്റ് കിണ്ടി വിളിയാണ് ആദ്യം എടുക്കുന്നത്. മറ്റേത് ഓര്‍ഡര്‍ ആയി എടുത്തുവന്നാല്‍ നമുക്ക് മനസിലാകും ലാസ്റ്റ് എങ്ങനെ റിയാക്ഷന്‍ കൊടുക്കണമെന്ന്.

ഇത് ലാസ്റ്റില്‍ ഇങ്ങനെ വിളിച്ചപ്പോള്‍ എന്ത് റിയാക്ഷനാണെന്ന ഒരു കണ്‍ഫ്യൂഷന്‍ വന്നു. കാരണം എല്ലാവരും ഉള്ള സമയത്താണല്ലോ ഇത് വിളിക്കുന്നത്.

പെട്ടെന്ന് കിണ്ടി എന്ന് കേള്‍ക്കുമ്പോള്‍ നമ്മള്‍ ഞെട്ടുമല്ലോ. അപ്പോള്‍ നെടുമുടി വേണു ചേട്ടന്‍ പറഞ്ഞു, കുറേ ആള്‍ക്കാരുണ്ട്. നീ റിയാക്ഷന്‍ കൊടുക്കുന്നതിനൊപ്പം തന്നെ ഇത് വേറെ ആരെങ്കിലും കേട്ടോ എന്ന റിയാക്ഷന്‍ കൂടി കൊടുക്കണമെന്ന്. ഇപ്പോള്‍ കണ്ടാലും ഷേക്ക് ഹാന്‍ഡ് തന്ന ശേഷം കിണ്ടി എന്ന് ലാലേട്ടന്‍ വിളിക്കാറുണ്ട്,’ സുധീഷ് പറഞ്ഞു.

Content highlight: Actor Sudheesh about Manichithrathazhu and Mohanlal

We use cookies to give you the best possible experience. Learn more