| Saturday, 17th May 2025, 12:59 pm

രാമന്‍ എന്ന പേരുമാറ്റി സൂരി എന്നാക്കിയത് അദ്ദേഹത്തിന്റെ സിനിമ കണ്ടതിന് ശേഷം: സൂരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കരിയര്‍ തുടങ്ങിയ നടനാണ് സൂരി. വെണ്ണില കബഡി കുഴു എന്ന ചിത്രത്തിലൂടെയാണ് സൂരി ശ്രദ്ധേയനാകുന്നത്. ആദ്യകാലങ്ങളില്‍ കോമഡി കഥാപാത്രങ്ങളില്‍ മാത്രം ഒതുങ്ങിനിന്ന സൂരിയുടെ ഗംഭീര പ്രകടനം കണ്ട ചിത്രമായിരുന്നു വെട്രിമാരന്‍ സംവിധാനം ചെയ്ത വിടുതലൈ. ചിത്രത്തിലെ കോണ്‍സ്റ്റബിള്‍ കുമരേശന്‍ എന്ന കഥാപാത്രത്തിലൂടെ തമിഴിലെ എണ്ണം പറഞ്ഞ നടന്മാരില്‍ ഒരാളായി സൂരി ഉയര്‍ന്നു.

രാമലക്ഷ്മണന്‍ മുത്തുച്ചാമി എന്നായിരുന്നു സൂരിയുടെ ശരിക്കും പേര്. ദളപതി എന്ന സിനിമ കണ്ടതിന് ശേഷമാണ് താന്‍ സൂര്യ എന്ന പേര് സ്വീകരിച്ചതെന്ന് സൂറി പറയുന്നു. താന്‍ വലിയൊരു രജിനി ആരാധകനാണെന്നും ദളപതി എന്ന സിനിമയില്‍ അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര് സൂര്യ എന്നായപ്പോള്‍ തന്റെ പേരായ രാമനെക്കാളും നല്ലത് സൂര്യ എന്ന പേരാണെന്ന് തോന്നിയെന്നും സൂരി പറഞ്ഞു.

വീട്ടില്‍ പോയി അമ്മയോട് താന്‍ സൂര്യ എന്ന പേര് സ്വീകരിച്ചുവെന്ന് പറഞ്ഞപ്പോള്‍ തല്ലാന്‍ വന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സൂരി.

‘എന്റെ ശരിക്കും പേര് രാമന്‍ എന്നാണ്. ദളപതി എന്ന ചിത്രം കണ്ടതിന് ശേഷമാണ് സൂരി എന്നാക്കിയത്. സൂര്യ എന്നാണ് ആ സിനിമയില്‍ രജിനി സാറിന്റെ പേര്. അത് കണ്ടിട്ട് ഞാന്‍ എന്റെ പേര് മാറ്റി. രാമന്‍ എന്ന എന്റെ പേരിനേക്കാളും എനിക്ക് ഇഷ്ടപെട്ടത് സൂര്യ എന്ന പേരായിരുന്നു.

‘സൂര്യ..സൂര്യ’ എന്ന് മമ്മൂട്ടി സാര്‍ പറയുന്നൊരു സ്‌റ്റൈലുണ്ട്. അതൊക്കെ കേട്ടപ്പോള്‍ ഞാന്‍ അങ്ങ് ഫാന്‍ ആയിപ്പോയി. ഞാന്‍ വലിയൊരു രജിനി ആരാധകനാണ്. അന്ന് വൈകുന്നേരം തന്നെ ഞാന്‍ വീട്ടില്‍ പോയിട്ട് അമ്മയോട് സൂര്യ എന്ന് വിളിക്കാന്‍ പറഞ്ഞു.

അമ്മ അതാരാണെന്നൊക്കെ കുറേ ചോദിച്ചു. എന്നാല്‍ സൂര്യ എന്ന് വിളിക്കുന്നത് വരെ ആരാ സൂര്യ എന്ന് ഞാന്‍ പറഞ്ഞില്ല. അവസാനം എന്റെ പേര് മാറ്റി, ഞാനാണ് സൂര്യയെന്ന് പറഞ്ഞപ്പോള്‍ എന്നെ അടിക്കാന്‍ വേണ്ടി വന്നു,’ സൂരി പറയുന്നു.

Content Highlight: Actor Soori Shares The Story Behind His Name

We use cookies to give you the best possible experience. Learn more