| Thursday, 17th April 2025, 4:16 pm

മരണമാസില്‍ ആശാന്റെ ബസിന്റെ പേര് വീണപൂവെന്നും ജീപ്പിന്റെ പേര് ദുരവസ്ഥ എന്നും ആക്കിയത് അങ്ങനെയാണ്: സിജു സണ്ണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മരണമാസ് എന്ന സിനിമയെ കുറിച്ചു വിവിധ സീനുകളില്‍ ഒളിപ്പിച്ചുവെച്ച ചില കാര്യങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകന്‍ ശിവപ്രസാദും തിരക്കഥാകൃത്ത് സിജു സണ്ണിയും.

സിനിമയില്‍ ആശാന്റെ ബസിന്റെ പേര് വീണപൂവെന്നും ജീപ്പിന്റെ പേര് ദുരവസ്ഥയെന്നുമാണ്. അത്തരത്തില്‍ കുറേ റഫറന്‍സുകള്‍ സിനിമയില്‍ പലയിടത്തായുണ്ട്.

എങ്ങനെയാണ് ഇത്തരത്തില്‍ കണക്ടിങ് പോയിന്റുകള്‍ കൊണ്ടുവന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് സിജു സണ്ണിയും ശിവപ്രസാദും. റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

‘ എഴുത്തിന്റെ സമയത്ത് ബസിന്റെ പേര് വീണപൂവ് എന്നാക്കാമെന്ന് തീരുമാനിച്ചിരുന്നു. പിന്നീടാണ് ജീപ്പ് വരുന്നത്. ഏത് പേര് വേണമെന്ന് ആലോചിച്ചപ്പോഴാണ് പെട്ടെന്ന് ദുരവസ്ഥ എന്നത് വരുന്നത്,’ സിജു പറയുന്നു.

വീണപൂവ് ആണ് ആദ്യം വന്നത്. പിന്നെയാണ് ആശാന്‍ വന്നത്. തൃശൂര്‍ ഭാഗത്ത് പണ്ട് ശവങ്ങള്‍ കൊണ്ടുപോകുന്ന ഒരു വണ്ടിയുടെ പേര് വീണപൂവ് എന്നായിരുന്നു.

അത് എനിക്ക് ചെറിയൊരു ഓര്‍മയുണ്ട്. അതിന്റെ കഥ അന്വേഷിച്ചപ്പോഴാണ് തൃശൂരില്‍ ഒരു പ്രൈവറ്റ് ബസ് മുതലാളി സോഷ്യല്‍ സര്‍വീസിന് വേണ്ടി പുള്ളിയുടെ ബസ് വിട്ടുകൊടുത്തതാണെന്നും ആ ബസിന്റെ പേര് വീണപൂവ് എന്നതാണെന്നും മനസിലാകുന്നത്.

ശവം കൊണ്ടുപോകുന്ന ഒരു വണ്ടിയുടെ പേര് വീണപൂവ് എന്നുള്ളതുകൊണ്ട് നമ്മള്‍ ആദ്യം വീണപൂവ് എന്ന് ബസിന് പേരിട്ടു.

പിന്നെ മലയാളം മാഷ് എന്ന ഐഡിയ വന്നപ്പോള്‍ ബസിന് വീണപൂവും ജീപ്പിന് ദുരവസ്ഥ എന്നും പേരിടുന്നത് ആ ക്യാരക്ടറിനെ കുറച്ചുകൂടി ഇന്ററസ്റ്റിങ് ആക്കും എന്ന് തോന്നി.

ഇതെല്ലാം ഒരു പ്രോസസിന്റെ ഭാഗമായി വര്‍ക്ക് ചെയ്ത് വര്‍ക്ക് ചെയ്ത് വരുന്നതാണ്. ഒരു ഐഡിയയില്‍ നിന്ന് പിന്നെ എങ്ങനെ ഫണ്‍ ആക്കി എടുക്കാന്‍ പറ്റുമെന്ന് നോക്കിയതാണ്,’ ശിവപ്രസാദ് പറഞ്ഞു.

സിനിമയില്‍ സീരിയല്‍ കില്ലര്‍ എന്നാണ് എല്ലാരും പറയുന്നത് എന്നാല്‍ ആശാന്‍ മാത്രം തുടര്‍കൊലപാതകി എന്നാണ് പറയുന്നത്. അതിന്റെ പ്രോപ്പര്‍ മലയാളം പറയുകയാണ്. പിന്നെ ആശാന്റെ നെഞ്ചത്ത് എന്ന ഡയലോഗുമൊക്കെ അങ്ങനെ വന്നതാണ്,’ സിജു പറഞ്ഞു.

Content Highlight: Actor Siju Sunny and Director Sivaprasad about Maranamass Mivie and Dialogue

We use cookies to give you the best possible experience. Learn more