എഴുന്നേറ്റ് കസേരയിലിരിക്ക്, ഇല്ലെങ്കില്‍ ജീവിതകാലം മൊത്തം തറയിലിരിക്കേണ്ടി വരും; ഇന്ദ്രന്‍സിനോട് തിലകന്‍ പറഞ്ഞതിനെക്കുറിച്ച് ഷോബി തിലകന്‍
Malayalam Cinema
എഴുന്നേറ്റ് കസേരയിലിരിക്ക്, ഇല്ലെങ്കില്‍ ജീവിതകാലം മൊത്തം തറയിലിരിക്കേണ്ടി വരും; ഇന്ദ്രന്‍സിനോട് തിലകന്‍ പറഞ്ഞതിനെക്കുറിച്ച് ഷോബി തിലകന്‍
അശ്വിന്‍ രാജേന്ദ്രന്‍
Thursday, 5th February 2026, 1:30 pm

സിനിമാ ജീവിതത്തിന്റെ ആദ്യകാലത്ത് ഹാസ്യവേഷങ്ങള്‍ കൈകാര്യം ചെയ്ത് പിന്നീട് ക്യാരക്ടര്‍ റോളുകളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനാണ് ഇന്ദ്രന്‍സ്. ആളൊരുക്കം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള കേരള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും ഹോം ചിത്രത്തിലെ പ്രകടനത്തിന് ദേശീയ ചലച്ചിത്ര പുരസ്‌കാര സമിതിയുടെ പ്രത്യേക പരാമര്‍ശവും ഇന്ദ്രന്‍സ് സ്വന്തമാക്കിയിരുന്നു.

ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ആശാനാണ് ഇന്ദ്രന്‍സിന്റെതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. ചിത്രവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മാതൃഭൂമി യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മലയാളത്തിലെ അതുല്ല്യ നടന്‍ തിലകനൊപ്പമുള്ള ഇന്ദ്രന്‍സിന്റെ ഓര്‍മ പങ്കുവെച്ച തിലകന്റെ മകനും അഭിനേതാവുമായ ഷോബി തിലകന്റെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ഷോബി തിലകന്‍. Photo: screen grab/ Mathrubhumi/ Youtube.com

‘ഇന്ദ്രന്‍സ് ചേട്ടനെക്കുറിച്ചുള്ള എന്റെ ആദ്യകാല ഓര്‍മകളിലൊന്ന് അച്ഛന്‍ അദ്ദേഹത്തെ വിരട്ടിയതാണ്. ഇന്ദ്രന്‍സ് ചേട്ടനെ ഇരുത്തിക്കൊണ്ട് പറയുകയല്ല ഇദ്ദേഹത്തിന്റെ എളിമ വളരെ വലുതാണ്. പക്ഷേ ആ എളിമയുടെ പേരില്‍ അച്ഛന്‍ ഒരു ദിവസം അദ്ദേഹത്തെ വഴക്ക് പറഞ്ഞിരുന്നു. ഒരു അവാര്‍ഡ് ഫങ്ഷനോ അങ്ങനെയെന്തോ പരിപാടിയായിരുന്നു. ഞാനു അച്ഛനും കൂടിയാണ് വന്നത്, ഇന്ദ്രന്‍സേട്ടന്‍ ഓള്‍റെഡി അവിടെ ഇരിക്കുന്നുണ്ടായിരുന്നു.

അച്ഛനെ കണ്ടതും ഇരുന്ന കസേരയില്‍ നിന്നും ഇന്ദ്രന്‍സേട്ടന്‍ ചാടിയെഴുന്നേറ്റ് അച്ഛനോട് ഇരിക്കാന്‍ പറഞ്ഞു. അച്ഛനിരുന്ന ശേഷം എന്ത് ചെയ്തിട്ടും ഇന്ദ്രന്‍സേട്ടന്‍ അടുത്തുള്ള കസേരയില്‍ ഇരിക്കുന്നില്ല. കസേരക്കടുത്ത് നിലത്ത് അച്ഛന്റെ കാലിലേക്ക് കൈയും വെച്ച് ഇരുന്നു. അച്ഛന്‍ എഴുന്നേല്‍ക്കാന്‍ പറഞ്ഞു. ആദ്യം എഴുന്നേറ്റില്ല. പിന്നെ അച്ഛന്‍ വഴക്ക് പറഞ്ഞു.

എഴുന്നേറ്റ് കസേരയില്‍ ഇരിക്കാന്‍ നോക്ക്, ഇന്ന് താന്‍ ഇരുന്നില്ലെങ്കില്‍ എന്നും താന്‍ തറയില്‍ ഇരിക്കേണ്ടി വരും അതുകൊണ്ട് കസേരയില്‍ കയറി ഇരിക്ക് എന്നാണ് അച്ഛന്‍ പറഞ്ഞത്,’ ഷോബി പറയുന്നു.

ആര്‍ക്കൊപ്പവും കസേരയില്‍ ഇരിക്കാനുള്ള കഴിവും അംഗീകാരവും ഇന്ദന്‍സിനുണ്ടെന്നും അച്ഛന്‍ അത്രമാത്രം ഇഷ്ടപ്പെട്ടിരുന്ന ആളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തിരിച്ചും ഇന്ദ്രന്‍സ് ചേട്ടനും അങ്ങനെ തന്നെയാണെന്നും അച്ഛനോടുള്ള സ്‌നേഹം മൊത്തം ഇന്ദ്രന്‍സ് തങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ഷോബി തിലകന്‍ കൂട്ടിച്ചേര്‍ത്തു.

ഓഫ്‌സ്‌ക്രീന്‍ പരിപാടികളില്‍ തന്റെ വിനയം കാരണം പലപ്പോഴും ട്രോളന്മാരുടെ ഇരയാകുന്ന താരമാണ് ഇന്ദ്രന്‍സ്. ആശാന്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ച് ചടങ്ങില്‍ സൂപ്പര്‍ താരം മമ്മൂട്ടി സെല്‍ഫിയെടുക്കുന്നതിനിടയില്‍ താരം തറയിലിരുന്നതും എഴുന്നേറ്റ് നില്‍ക്കാന്‍ മമ്മൂട്ടി ആവശ്യപ്പെട്ടതും ചര്‍ച്ചയായിരുന്നു. വിഷയത്തില്‍ ഇന്ദ്രന്‍സിനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു.

ആശാന്‍. Photo: IMDB

ഗപ്പി, അമ്പിളി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ആശാന്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ്. ഇന്ദ്രന്‍സിന് പുറമെ ഷോബി തിലകന്‍, ജോമോന്‍ ജ്യോതിര്‍, ബിബന്‍ പെരുമ്പിള്ളി, അബിന്‍ ബിനോ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു.

Content Highlight: Actor Shobhi Thilakan talks about his memory with his father and actor indrans

 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.